ത്രീഡി മീറ്റിങ്ങുകൾ വരുന്നു; മൈക്രോസോഫ്റ്റ് മെഷിനു പിന്നിലെ മലയാളിത്തല
"Hello Ignite, For everyone joining around the world thank you for joining, I am Simon Skaria, one of the co-creators of Microsoft Mesh"-ലോകം ഉറ്റുനോക്കിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ചടങ്ങിൽ എറണാകുളം മണീട് സ്വദേശിയായ സൈമൺ സ്കറിയ പുതിയ പ്രോഡക്റ്റിനെക്കുറിച്ച് വിവരിച്ചപ്പോൾ കൊടുമുടി കയറിയത് മലയാളികളുടെ
"Hello Ignite, For everyone joining around the world thank you for joining, I am Simon Skaria, one of the co-creators of Microsoft Mesh"-ലോകം ഉറ്റുനോക്കിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ചടങ്ങിൽ എറണാകുളം മണീട് സ്വദേശിയായ സൈമൺ സ്കറിയ പുതിയ പ്രോഡക്റ്റിനെക്കുറിച്ച് വിവരിച്ചപ്പോൾ കൊടുമുടി കയറിയത് മലയാളികളുടെ
"Hello Ignite, For everyone joining around the world thank you for joining, I am Simon Skaria, one of the co-creators of Microsoft Mesh"-ലോകം ഉറ്റുനോക്കിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ചടങ്ങിൽ എറണാകുളം മണീട് സ്വദേശിയായ സൈമൺ സ്കറിയ പുതിയ പ്രോഡക്റ്റിനെക്കുറിച്ച് വിവരിച്ചപ്പോൾ കൊടുമുടി കയറിയത് മലയാളികളുടെ
"Hello Ignite, For everyone joining around the world thank you for joining, I am Simon Skaria, one of the co-creators of Microsoft Mesh"-ലോകം ഉറ്റുനോക്കിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ചടങ്ങിൽ എറണാകുളം മണീട് സ്വദേശിയായ സൈമൺ സ്കറിയ പുതിയ പ്രോഡക്റ്റിനെക്കുറിച്ച് വിവരിച്ചപ്പോൾ കൊടുമുടി കയറിയത് മലയാളികളുടെ അഭിമാനം.
വിവിധ രാജ്യങ്ങളിലിരിക്കുന്നവർക്ക് സമയവും ദൂരവും കടന്ന് ഒരു മേശയ്ക്കും ചുറ്റുമിരുന്ന് സംസാരിക്കാവുന്ന ത്രീഡി ഡിജിറ്റൽ മീറ്റിങ് സംവിധാനമാണ് മെഷ് എന്ന് പേരിട്ടിരിക്കുന്ന ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ. അമേരിക്കയിലെ വീട്ടിലിരുന്നുകൊണ്ട് പേരക്കുട്ടിക്ക് അപ്പൂപ്പന്റെ പിറന്നാൾ നടക്കുന്ന കോട്ടയത്തെ വീട്ടിൽ ഹോളോഗ്രാമായി എത്താം.
വിഡിയോ കോളുകളുടെ ഘടന അടിമുടി മാറ്റിമറിക്കുന്ന ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയായ 'മെഷ്' (Mesh) രണ്ടാഴ്ച് മുൻപാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് സമ്മേളനത്തിൽ നടന്ന അവതരണത്തിൽ പ്രശസ്ത സംവിധായകൻ ജയിംസ് കാമറൂൺ വരെ ഈ വിദ്യയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തി.
യഥാർഥ കാഴ്ചയിലേക്ക് കൃത്രിമമായി സൃഷ്ടിച്ചെടുത്ത മറ്റൊരു കാഴ്ചയോ വസ്തുവോ സന്നിവേശിപ്പിക്കുന്ന മിക്സ്ഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് മാജിക് ടെക്നോളജി എന്നു വിശേഷിപ്പിക്കുന്ന 'മെഷി'ന്റെ അടിസ്ഥാനം.
മൂന്നു രാജ്യങ്ങളിലിരുന്ന് മൂന്നു പേർ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുന്നുവെന്നു കരുതുക. മൂവരും മിക്സ്ഡ് റിയാലിറ്റ് അനുഭവേദ്യമാകുന്ന ഹോളോലെൻസ് കണ്ണട ധരിക്കുകയാണ് ത്രീഡി മീറ്റിങ്ങിന്റെ ആദ്യപടി. ഇതോടെ ഓരോരുത്തർക്കും മറ്റ് രണ്ടു പേരുടെ രൂപം ഒരു കാർട്ടൂൺ രൂപത്തിൽ (അവതാർ) കൺമുൻപിൽ ത്രിമാനരൂപത്തിൽ പ്രത്യക്ഷമാകും. അതിലൊരു വ്യക്തി കയ്യുയർത്തിയാൽ നിങ്ങളുടെ അവതാറും കയ്യുയർത്തും. ശബ്ദം പോലും അവർ പ്രത്യക്ഷപ്പെടുന്ന വശത്ത് നിന്ന് വരുന്ന തരത്തിലായിരിക്കും അനുഭവേദ്യമാകുക.
നാട്ടിലെ സർക്കാർ മലയാളം മീഡിയം സ്കൂളുകളിലാണ് സൈമൺ പഠിച്ചത്. മഹാരാജാസ് കോളജിൽ നിന്ന് പ്രീഡിഗ്രി, കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിഎസ്. ബോംബെ ഐഐടിയിൽ നിന്ന് എംഎസ്. അതിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഇന്റർനെറ്റ് കമ്യൂണിക്കേഷൻ ആൻഡ് സെക്യൂരിറ്റിയിൽ റിസർച്ച്. മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്നതിനു മുൻപ് ആൽബിറ്റ്സ് എന്നൊരു കമ്പനി തുടങ്ങി. വെർച്വൽ ട്രേഡ്ഷോ നടത്തുകയായിരുന്നു ലക്ഷ്യം. കമ്പനി സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കിലും ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിക്കാനായെന്ന് സൈമൺ. മൈക്രോസോഫ്റ്റ് മെഷിന്റെ ഭാഗമായപ്പോഴും ഈ അനുഭവങ്ങൾ തുണയായി.
മൈക്രോസോഫ്റ്റ് മെഷ് ഡയറക്ടർ ഓഫ് പ്രോഡക്റ്റ് ആണിപ്പോൾ. ഇതിനു മുൻപ് മൈക്രോസോഫ്റ്റ് വിഷൻ എഐ, ഓഫിസ് 365 എന്നിവയുടെ പ്രോഡക്റ്റ് ടീമുകൾ നയിച്ചിരുന്നു. മിക്സ്‍ഡ് റിയാലിറ്റി സാധ്യതകളെക്കുറിച്ച് സൈമൺ സ്കറിയ മനോരമ ഓൺലൈനിനോട് മനസ്സുതുറന്നപ്പോൾ.
∙ മെഷ് ലോകത്തെ മാറ്റിമറിക്കുന്നതെങ്ങനെ?
സമയം, ദൂരം എന്ന പരിമിതികളെ മെഷ് മറികടക്കും. വിഡിയോ കോളിനേക്കാൾ ആകർഷകമായ അനുഭവം മെഷ് സമ്മാനിക്കും. വിദേശത്താണെങ്കിലും മാതാപിതാക്കളുടെ വിവാഹവാർഷിക ചടങ്ങിൽ നിങ്ങൾക്കു വെർച്വലായി പങ്കെടുക്കാമെന്നു ചുരുക്കം. അകലെയാണെങ്കിലും അടുത്തുണ്ടെന്ന ബോധ്യം ഊട്ടിയുറപ്പിക്കാം.
മറ്റൊരു ഉദാഹരണം പറയാം, ഒരു ഓട്ടമൊബീൽ കമ്പനിക്ക് വിവിധ രാജ്യങ്ങളിലൂള്ള ടീം അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ത്രീഡി മീറ്റിങ് നടത്തിയ പുതിയ കാർ ഡിസൈൻ ചർച്ച ചെയ്യാം. 2ഡി മോഡൽ അല്ലെങ്കിൽ ക്ലേ മോഡൽ എന്നിവയ്ക്കായി സമയം കളയേണ്ടതില്ല. ചുരുക്കത്തിൽ നമുക്ക് കുറേ സൂപ്പർ പവറുകൾ നമുക്ക് ലഭിക്കുകയാണ്. ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നു മാത്രം.
∙ വെർച്വൽ ത്രീഡി മീറ്റിങ്ങുകളുടെ മറ്റ് ഉപയോഗങ്ങൾ?
ചില ഉപയോഗങ്ങൾ പറയാം. 1) റിമോട്ട് അസിസ്റ്റൻസ്: ഫീൽഡിൽ പോയിരിക്കുന്ന ഒരു ടെക്നീഷ്യന് ടെലിപോർട്ടിങ് വഴി വെർച്വലായി എത്തുന്ന വിദഗ്ധരുടെ സഹായം തേടാം. 2) ലേൺ ടുഗദർ: ശാരീരികമായ അകലത്തെ കീഴ്പ്പെടുത്തി ഒരുമിച്ചുള്ള പഠനം സാധ്യമാക്കാം. 3) ഇൻ കോണ്ടക്സ്റ്റ് ഇൻഫർമേഷൻ: ത്രീഡി ഡിജിറ്റൽ ഉള്ളടക്കം യഥാർഥ കാഴ്ചയ്ക്കു മുകളിൽ വയ്ക്കുന്നതാണ് മിക്സ്ഡ് റിയാലിറ്റി. ഇനിയൊന്നു സങ്കൽപ്പിക്കൂ, ഒരു ഫാക്ടറി സൂപ്പർവൈസർ അവരുടെ അസംബ്ലി ലൈനിലേക്ക് നോക്കുന്നയുടൻ തന്നെ സർവീസ് റെക്കോർഡ്സ് തുടങ്ങിയ കാര്യങ്ങൾ വെർച്വലായി കണ്ടാൽ നന്നായിരിക്കില്ലേ? അതുപോലെ ഒരു കെട്ടിടം പണിയുന്നതിനു മുൻപ് ആ കെട്ടിടത്തിന്റെ പൂർണരൂപം കാണാനായാലോ? ഇതൊക്കെയാണ് പ്രധാന ഗുണങ്ങൾ.
∙ മിക്സ്ഡ് റിയാലിറ്റിയാണോ ഭാവി?
കഴിഞ്ഞ 200 വർഷങ്ങളൊന്ന് എടുത്തുനോക്കൂ, ത്രിമാന രൂപത്തിലുള്ള ഈ ലോകത്തെക്കുറിച്ച് പറയാനും വിശദീകരിക്കാനുമെല്ലാം നമ്മൾ ഉപയോഗിച്ചിരുന്നത് 2ഡി സ്ക്രീനുകളും പേപ്പറുമല്ലേ? ഹെഡ്സെറ്റ് ഇല്ലാതെയും മിക്സ്ഡ് റിയാലിറ്റി അനുഭവേദ്യമാക്കാമെന്ന് ഓർക്കുക. പോക്കിമോൻ ഗോ അതിനൊരു ഉദാഹരണമാണ്.
ആളുകൾ തമ്മിലുള്ള ഇൻ–പേഴ്സൺ കണക്ഷനുകൾ നഷ്ടപ്പെടുന്നതിനാൽ നമ്മുടെ ഫിറ്റ്‍നെസ് പരിശീലനം, സംഗീതപരിപാടികൾ എല്ലാം വെർച്വൽ ലോകത്തേക്ക് മാറുകയാണ്. ആമസോൺ, IKEA എന്നിവയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് തന്നെ മിക്സ്ഡ് റിയാലിറ്റി അനുഭവത്തിലൂടെ ട്രൈ ചെയ്തു നോക്കുന്ന രീതിയും വ്യാപകമാകുന്നു. ഫോർച്യൂൺ 500 സ്ഥാപനങ്ങളിൽ 50 ശതമാനവും ഹോളോലെൻസ് പോലെയുള്ള മിക്സ്ഡ് റിയാലിറ്റി സാങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. മിക്സ്ഡ് റിയാലിറ്റി മുഖ്യധാരയിൽ വരുമെന്ന് ഉറപ്പാണ്.
∙ ഹോളോലെൻസ് പോലെയുള്ള എംആർ ഗ്ലാസുകളുടെ വില ഒരു വെല്ലുവിളിയല്ലേ?
വില ഒരു ഘടകം തന്നെയാണ്. എന്നാൽ വിലയെന്ന ഘടകം മാത്രമായെടുത്ത് നമ്മൾ വിലയിരുത്തുന്നതിൽ കാര്യമില്ല. വിലയെന്നത് എപ്പോഴും റിട്ടേൺ ഓഫ് ഇൻവെസ്റ്റമെന്റുമായി (ആർഒഐ) ബന്ധപ്പെട്ടു കിടക്കുന്നതാണ്. നിങ്ങൾ ചെലവഴിക്കുന്ന പണത്തിനനുസരിച്ച് ആർഒഐ ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. 8 മണിക്കൂർ ഷിഫ്റ്റ് കൊണ്ട് തീർക്കേണ്ട ജോലി ലോക്ഹീഡ് മാർട്ടിൻ എന്ന എയറോസ്പേസ് കമ്പനി ഇപ്പോൾ 45 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുന്നു.
ഹോളോലെൻസ് ഉപയോഗിച്ചുള്ള ഇൻസ്പെക്ഷൻ വഴി 20 ശതമാനത്തോളം സമയദൈർഘ്യമാണ് ടയോട്ട കുറച്ചത്.
ഒരാൾ മിക്സ്ഡ് റിയാലിറ്റിക്കായി പണം മുടക്കിയാൽ അയാൾക്ക് 10 അല്ലെങ്കിൽ 50 മടങ്ങ് ആർഒഐ കിട്ടുന്നുണ്ടോ എന്നതാണ് ചോദ്യം. അത് കിട്ടിയാൽ വില ഒരു പ്രശ്നമല്ല.
ഹെഡ്സെറ്റുകളില്ലാതെയും ഫോണുകളിലെ എആർകിറ്റ്, എആർകോർ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മിക്സ്ഡ് റിയാലിറ്റി അനുഭവങ്ങൾ സാധ്യമാക്കാനാകും. ചില വിആർ ഹെഡ്സെറ്റുകൾക്ക് 100 ഡോളറിനും താഴെയാണ് വില. 2ഡി 3ഡി ഡിവൈസുകളെന്ന വ്യത്യാസമില്ലാതെയുള്ള അനുഭവം ലഭ്യമാക്കുകയാണ് മൈക്രോസോഫ്റ്റ് മെഷിന്റെ ലക്ഷ്യം.
∙ മീറ്റിങ്ങിൽ പങ്കെടുക്കുന്ന വ്യക്തികളെ ടെലിപോർട്ട് ചെയ്യുന്നത് പൂർണമായി യാഥാർഥ്യമാകുന്നത് എപ്പോഴായിരിക്കും?
2016 മാർച്ച് 25ന് മൈക്രോസോഫ്റ്റിലെ ടെക്നിക്കൽ ഫെലോ ആയ അലക്സ് കിപ്മാൻ ഒരു 360 ഡിഗ്രി ഹോളോപോർട്ടേഷന്റെ അദ്ദേഹത്തിന്റെ ടെഡ് ടോക്കിനിടയിൽ അവതരിപ്പിച്ചിരുന്നു. ബേണിങ് മാൻ ഷോ മൈക്രോസോഫറ്റ് അവതരിപ്പിച്ചത് ഹോളോപോർട്ടേഷൻ വഴിയായിരുന്നു. 2021 മാർച്ച് രണ്ടിന് മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് കോൺഫറൻസിൽ അലക്സ് കിപ്മാനും ജെയിംസ് കാമറൂണും സ്റ്റേജിലെത്തിയതും ഇതേ വിദ്യ ഉപയോഗിച്ചുതന്നെയായിരുന്നു. വാണിജ്യമേളകൾ, സംഗീതപരിപാടികൾ, ടൗൺഹാൾ മീറ്റിങ്ങുകൾ എന്നിവയിൽ ഈ വർഷം തന്നെ ഹോളോപോർട്ടേഷൻ നിങ്ങൾക്കു പ്രതീക്ഷിക്കാം. ഒരു കൗതുകത്തിനുപ്പുറം ഹോളോപോർട്ടേഷൻ വ്യാപകമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മൈക്രോസോഫ്റ്റ് ടീംസിൽ ഇത്തരം ചില ഫീച്ചറുകൾ ഉടനെത്തും.
∙ മിക്സ്ഡ് റിയാലിറ്റിക്ക് ശേഷമെന്താണ്? കാഴ്ചയ്ക്കു പുറമേ സ്പർശത്തിനു പ്രധാന്യം ലഭിക്കുമോ?
സ്പർശത്തിനു പ്രാധാന്യം നൽകുന്ന ഹാപ്റ്റിക്സ് സാങ്കേതികവിദ്യ ഇപ്പോൾ തന്നെയുണ്ട്. ഇതുവഴി ഒരു വെർച്വൽ ഹോളോഗ്രാമിന്റെ ഭാരം നമുക്ക് അനുഭവപ്പെടും. ഉദാഹരണത്തിനു എക്സ്ബോക്സിൽ ഫോർസ എന്ന വിഡിയോ ഗെയിം കളിക്കുന്നതിനിടെ കാറിടിച്ചാൽ നിങ്ങൾക്ക് ആ ഫീൽ അനുഭവേദ്യമാകാറില്ലേ?
∙ ഡവലപ്പർമാർക്ക് എങ്ങനെ മൈക്രോസോഫ്റ്റ് മെഷ് ഉപയോഗിക്കാം?
വളരെ എളുപ്പമാണ്. മെഷ് എസ്ഡികെ (സോഫ്റ്റ‍്‍വെയർ ഡവലപ്മെന്റ് കിറ്റ്) ലഭിക്കുന്നതിനായി www.mesh.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുക.
∙ മിക്സ്ഡ് റിയാലിറ്റി അനുഭവം ഉറപ്പാക്കുന്നതിൽ ഇന്റർനെറ്റ് ബാൻഡ്‍വിഡ്ത്ത് വെല്ലുവിളിയല്ലേ?
ശരിയാണ്. പക്ഷേ ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ട്. 2007നെ അപേക്ഷിച്ച് 2020ൽ 50 ശതമാനമാണ് ഇന്റർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ വളർന്നത്. 50 ശതമാനം ഇന്റർനെറ്റ് ഉപഭോഗം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്.
∙ എക്സ്റ്റെൻഡഡ് റിയാലിറ്റി മേഖലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്?
പാഷൻ പിന്തുടരുക, ഒപ്പം റിസ്ക്കുകൾ എടുക്കാനും തയ്യാറാകുക. മിക്സ്ഡ് റിയാലിറ്റിയാണ് താൽപര്യമെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങുക. നിങ്ങൾക്ക് പറ്റുന്ന ഒരു ഹെഡ്സെറ്റ് വാങ്ങുക. ഒരു എംആർ ആപ് തയാറാക്കി വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കുക. പഠനം പൂർത്തിയാക്കുന്ന സമയത്ത് തന്നെ കമ്പനി തുടങ്ങാനാകും. ഞാൻ കമ്പനി തുടങ്ങിയതും അപ്പോഴാണ്. കരിയർ തുടങ്ങാനുള്ള മികച്ച വഴിയും ഇതുതന്നെ. ഓൺലൈനായി മിക്സ്ഡ് റിയാലിറ്റി സംബന്ധമായ ഒട്ടേറെ കോഴ്സുകൾ ലഭ്യമാണ്. അതും പ്രയോജനപ്പെടുത്തുക.
English Summary: 3D meetings are coming; The Malayalee behind the Microsoft machine