ADVERTISEMENT

കൊച്ചി ∙ നമ്മൾ മനസ്സിൽ കാണുന്നതു വായിച്ചെടുത്ത്, അതിനു ചേരുന്ന ഉൽപന്നങ്ങളുടെ പരസ്യം ഫെയ്സ്ബുക്കിലും യൂട്യൂബിലുമൊക്കെ നമ്മുടെ മുന്നിലെത്തിച്ച് കച്ചവടം ഉറപ്പിക്കുന്ന ഓൺലൈൻ വ്യാപാരത്തിന്റെ രീതിയിലേക്കു വിമാനയാത്രാരംഗം മാറിയാലോ! ഓരോ യാത്രക്കാരനും യാത്രക്കാരിക്കും ഇഷ്ടമുള്ള സൗകര്യമെന്ത്, ആഹാരമെന്ത്, വിമാനമിറങ്ങിയശേഷം വേണ്ടുന്ന സേവനമെന്ത് എന്നൊക്കെ മനസ്സിലാക്കി വ്യക്തിഗത ഓഫറുകളും ആകർഷക ടിക്കറ്റ് നിരക്കുകളുമായി വ്യോമയാനക്കമ്പനികൾ (എയർലൈനുകൾ) എത്തുന്ന കാലം വളരെ അടുത്താണ്. ഇതിന്റെ അനന്തസാധ്യതകളൊരുക്കുന്ന ഐടി സേവനം ലോകത്തെ ഏറ്റവും പ്രമുഖ 30 എയർലൈനുകൾക്കും ആയിരക്കണക്കിനു ട്രാവൽ ഏജൻസികൾക്കും നൽകുന്നത് കൊച്ചി ഇൻഫോപാർക്കിലെ സ്റ്റാർട്ടപ് കമ്പനി.

ലോകത്തെ വിമാനയാത്രാരീതിയാകെ മാറ്റിമറിക്കുന്ന നെറ്റ്‌വർക്കിങ് സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻഡിസി) ലഭ്യമാക്കുന്ന അഞ്ചോ ആറോ കമ്പനികളിൽ ഏറ്റവും പ്രമുഖ സ്ഥാനത്താണ് കൊച്ചിക്കാരായ ജെറിൻ ജോസ്, സതീഷ് സത്ചിത് എന്നീ ഐടി പ്രഫഷനലുകൾ സ്ഥാപിച്ച വെർടെയ്ൽ ടെക്നോളജീസ്. 80,000 കോടി ഡോളർ വിറ്റുവരവുള്ള ആഗോള വ്യോമയാനത്തിന്റെ 40% കൈകാര്യം ചെയ്യുന്ന എയർലൈനുകളും ഡ്നാറ്റ വേൾഡ്ട്രാവൽ (ദുബായ്) അടക്കമുള്ള വമ്പൻ ട്രാവൽ ഏജൻസികളും വെർടെയ്‌ലിന്റെ ഉപയോക്താക്കളാണ്.

∙ നിശ്ശബ്ദ വിപ്ലവം

ഇന്റർനെറ്റ് വ്യാപകമാകുന്നതിനു മുൻപു മുതൽ നിലവിലുള്ള വിമാന ടിക്കറ്റിങ്– ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ജിഡിഎസ്) അതേപടി തുടരുന്നതിനുപകരം പുതിയ കാലത്തിനു ചേരുന്ന രീതിയിൽ പരിഷ്കരിച്ച സംവിധാനം ഏർപ്പെടുത്താൻ രാജ്യാന്തര വ്യോമഗതാഗത സംഘടന ‘അയാട്ട’ കൊണ്ടുവന്നതാണ് എ‍ൻഡിസി. അയാട്ട 2015ൽ എൻഡിസി രൂപരേഖ അവതരിപ്പിച്ച് 14 മാസത്തിനകം അതിന് ഐടി സംവിധാനമൊരുക്കി ശ്രദ്ധ നേടിയ വെർടെയ്‌ലിന്റെ സോഫ്റ്റ്‌വെയർ, മുൻനിര എയർലൈനുകളായ ബ്രിട്ടിഷ് എയർവേയ്സും ലുഫ്താൻസയും കയ്യോടെ സ്വീകരിച്ചു. ഇപ്പോൾ എമിറേറ്റ്സ്, ഇത്തിഹാദ്, അമേരിക്കൻ, യുണൈറ്റഡ്, എയർ കാനഡ, സൗദി, സിംഗപ്പൂർ, കാഥേയ്, ഐബീരിയ എന്നിങ്ങനെ ഏറ്റവും പ്രമുഖ എയർലൈനുകളും ഇന്ത്യയിലടക്കമുള്ള ചെറുതും വലുതുമായ ട്രാവൽ ഏജൻസികളും ‘വെർട്ടെയ്ൽ ഡയറക്ട് കണക്ട്’ (വിഡിസി) എന്ന ഐടി സേവനമുപയോഗിക്കുന്നുണ്ടെന്ന് ഫൗണ്ടറും സിഇഒയുമായ ജെറിൻ ജോസ് പറ‍ഞ്ഞു. വിവിധ രാജ്യങ്ങളിൽ പ്രതിനിധികളും ടോക്കിയോയിൽ വെർടെയ്ൽ ജപ്പാൻ എന്ന ഉപസ്ഥാപനവുമുണ്ട്.

 

∙ എൻഡിസിയുടെ നേട്ടം

 

നിലവിലെ ജിഡിഎസ് സംവിധാനത്തിൽ, എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കുമിടയിൽ നിൽക്കുന്ന ജിഡിഎസ് കമ്പനികളുടെ (മുഖ്യമായും അമെഡിയസ്, സാബെർ, ്രടാവൽപോർട്ട് എന്നീ കമ്പനികൾ) കൈപ്പിടിയിലാണ് ടിക്കറ്റിങ്– ഡിസ്ട്രിബ്യൂഷൻ ബിസിനസ്. എയർലൈനുകൾ ഭീമമായ തുക ഓരോ ടിക്കറ്റിനും കമ്മിഷനായി ജിഡിഎസ് കമ്പനിക്കു നൽകണം. ഏതാണ്ട് 40 വർഷം മുൻപുള്ള കോഡിങ് രീതിയും പ്രത്യേക നെറ്റ്‌വർക്കുമുപയോഗിക്കുന്ന ജിഡിഎസിനു പുതിയ കാലത്തിനുചേരുന്ന ‘ഫ്ലെക്സിബിലിറ്റി’യില്ല. വിവരങ്ങൾ പല ശൃംഖലകൾ കടന്നുവരേണ്ടതുകൊണ്ട്, എയർലൈനുകളുടെ സീറ്റ് ഒഴിവോ അതുകൊണ്ടുണ്ടാകുന്ന നിരക്കുമാറ്റ സാധ്യതകളോ ഒന്നും അതതു സമയത്ത് (റിയൽടൈം) ട്രാവൽ എജന്റിലോ യാത്രക്കാരിലോ എത്തിക്കാനാകുകയുമില്ല. ടിക്കറ്റിനപ്പുറമുള്ള സേവനങ്ങളും നൽകാനാകില്ല.

satish-jerrin
സതീഷ് സത്ചിത്, ജെറിൻ ജോസ്

 

എയർലൈനുകളെയും ഓൺലൈൻ– ഓഫ്‌ലൈൻ ട്രാവൽ ഏജൻസികളെയും നേരിട്ടു ബന്ധിപ്പിക്കുന്നതാണ് എൻഡിസി. അതുകൊണ്ടുതന്നെ എയർലൈനുകളുടെ നിരക്കുകളും ഓഫറുകളും അപ്പപ്പോൾത്തന്നെ യാത്രക്കാർക്കുമുന്നിലെത്തും. യാത്രക്കാരുടെ വിവരശേഖരം നേരിട്ട് എയർലൈനുകൾക്കു കിട്ടുന്നതുകൊണ്ട്, ഓരോ ആൾക്കും ചേരുന്നരീതിയിൽ ‘കസ്റ്റമൈസ്’ ചെയ്ത സേവനങ്ങൾ ഓഫർ ചെയ്യാനാകും; വിമാനത്തിനുള്ളിലെ സേവനങ്ങൾ മാത്രമല്ല, ടാക്സി, ഹോട്ടൽ, റസ്റ്ററന്റ്, ട്രാവൽ പാക്കേജ് സൗകര്യങ്ങളുമൊക്കെ. എയർലൈനുകൾക്ക് ജിഡിഎസ് രീതിയിലെ വലിയ കമ്മിഷൻ ചെലവ് ഒഴിവാകുമെന്നു മാത്രമല്ല, ഇ–കൊമേഴ്സ് രീതിയിൽ വലിയൊരു വരുമാനമാർഗം തുറന്നുകിട്ടുകയുമാണെന്ന് വെർടെയ്ൽ കോ–ഫൗണ്ടറും ചീഫ് പ്രോഡക്ട് ഓഫിസറുമായ സതീഷ് സത്ചിത് പറഞ്ഞു. സബ്സ്ക്രിപ്ഷൻ രീതിയിലാണ് വെർടെയ്‌ൽ സോഫ്റ്റ്‌വെയർ കമ്പനികൾക്കു നൽകുക.

 

ജിഡിഎസ് വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് പ്രമുഖ എയർലൈനുകൾ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. എൻഡിസിയെ ശക്തമായി എതിർത്ത ജിഡിഎസ് കമ്പനികൾ ഇപ്പോൾ ഈ രംഗത്തേക്കു പ്രവേശിക്കുകയാണെന്നതും ശ്രദ്ധേയം.

 

∙ തുടക്കം, നിക്ഷേപം

 

അയാട്ടയുടെ എൻഡിസി ആശയം വ്യോമയാനരംഗത്തു ചരിത്രം സൃഷ്ടിക്കുമെന്നു മനസ്സിലാക്കിത്തന്നെയാണ്, 20 വർഷം എയർലൈൻ ഐടി രംഗത്തു പ്രവർത്തിച്ച ജെറിനും സതീഷും വെർടെയ്ൽ സ്ഥാപിച്ചത്. കെഎസ്ഐഡിസിയുടെയും കൊച്ചിയിലെ ഏതാനും നിക്ഷേപകരുടെയും പിന്തുണ തുടക്കത്തിലേ കിട്ടി. ഈയിടെ കൊച്ചി ആസ്ഥാനമായ ബ്ലൂബെൽ ക്യാപിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രീ സീരീസ്-എ നിക്ഷേപ സമാഹരണത്തിൽ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉൾപ്പെടെയുള്ളവർ നിക്ഷേപം നടത്തി. 100 കോടി രൂപയുടെ സീരീസ്–എ സമാഹരണം ഉടൻ ആരംഭിക്കുന്ന കമ്പനി 2024ൽ യൂണികോൺ (100 കോടി ഡോളർ/ 7500 കോടി രൂപ മൂല്യം) ആകാൻ ലക്ഷ്യമിടുന്നു.

 

English Summary: Sky Changing Idea: Verteil Technologies, an emerging global aviation start-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com