ADVERTISEMENT

താമസിയാതെ നിങ്ങളുടെ ഫോണിലേക്ക് എത്താന്‍ പോകുന്ന ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ടച്ചിലൂടെ മാത്രം സാധ്യമായിരുന്ന ചില നിയന്ത്രണങ്ങള്‍ മുഖഭാവം കൊണ്ടു നടത്താന്‍ സാധിക്കുമെന്ന് എക്‌സ്ഡിഎ ഡെവലപ്പേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സെല്‍ഫി ക്യാമറയ്ക്കുമുന്നില്‍ മുഖഭാവങ്ങള്‍ കാണിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതുമ. കഴിഞ്ഞ ആഴ്ചയാണ് ആന്‍ഡ്രോയിഡ് 12 ബീറ്റാ വേര്‍ഷന്‍ പിക്‌സല്‍ ഫോണുകളിലേക്ക് ഗൂഗിള്‍ എത്തിച്ചത്. ഇതിനൊപ്പം നല്‍കിയിരിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് അക്‌സസിബിലിറ്റി സ്യൂട്ടിലാണ് പുതിയ ഫീച്ചറുകള്‍ കണ്ടെത്തിയത്. സ്യൂട്ടില്‍ പുതിയ ഫീച്ചറുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര് 'ക്യാമറാ സ്വിച്ചസ്' എന്നാണ്. പേരില്‍ നിന്നു മനസ്സിലാകുന്നതു പോലെ ടച്ചിനു പകരം ക്യാമറ ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മുന്‍ക്യാമറയ്ക്ക് ആറു മുഖഭാവങ്ങള്‍ തിരിച്ചറിയാനാണ് ഇപ്പോള്‍ സാധിക്കുക.

 

അതേസമയം, ഈ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണെന്ന വ്യക്തമായ സൂചനയും ഗൂഗിള്‍ നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 12ലെ അക്‌സസിബിലിറ്റി സ്യൂട്ട് ആപ്പിന്റെ അകത്ത് 'സ്വിച്ച് അക്‌സസ് സബ്‌മെന്യു'വിലാണ് ഉള്ളത്. ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറു മുഖഭാവങ്ങള്‍ വരെ മാപ്പുചെയ്തു വയ്ക്കാം. തുറന്ന വായ്, പുഞ്ചിരി, ഉയര്‍ത്തിയ കണ്‍പുരികങ്ങള്‍, ഇടത്തേക്കുള്ള നോട്ടം, വലത്തേക്കുള്ള നോട്ടം, മുകളിലേക്കുള്ള നോട്ടം എന്നിവയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇവ ഉപയോഗിച്ച് ഇനി പറയുന്ന കമാന്‍ഡുകള്‍ നടത്താം.

 

ഹോം, നോട്ടിഫിക്കേഷന്‍സ്, ബാക്ക്, ക്വിക് സെറ്റിങ്‌സ്, ഓവര്‍വ്യൂ, പോസ് ക്യാമറാ സ്വിച്ച്, ടോഗിള്‍ ഓട്ടോ-സ്‌കാന്‍ (ഡിസേബിൾഡ്), റിവേഴ്‌സ് ഓട്ടോ-സ്‌കാന്‍, സെലക്ട്, നെക്‌സ്റ്റ്, പ്രീവിയസ്, ടച്ച് ആന്‍ഡ് ഹോള്‍ഡ്, സ്‌ക്രോള്‍ ഫോര്‍വേഡ്, സ്‌ക്രോള്‍ ബാക്‌വേഡ് എന്നിവയെല്ലാം ഇതിലൂടെ സാധിക്കും.

 

ഉദാഹരണത്തിന് നിങ്ങള്‍ മുൻപ് ഉപയോഗിച്ചിരുന്ന സ്‌ക്രീനിലേക്കു പോകാന്‍ ഇടത്തേക്കു നോക്കാം. അടുത്ത സ്‌ക്രീനിലേക്കു പോകാന്‍ വലത്തോട്ടു നോക്കാം. മുകളിലേക്ക് നോക്കുമ്പോള്‍ തിരിച്ച് ഹോം സ്‌ക്രീനില്‍ എത്താം. പുരികം ഉയര്‍ത്തുമ്പോള്‍ ഹൈലൈറ്റു ചെയ്തു കിടക്കുന്ന ഐറ്റം സെലക്ടു ചെയ്യാം. യാദൃശ്ചികമായി ഇതു സംഭവിക്കാതിരിക്കാനുള്ള ചില മുന്‍കരുതലുകളും ഗൂഗിള്‍ കൈക്കൊണ്ടിട്ടുണ്ട്. ജെസ്ചറുകളുടെ വലുപ്പവും, അവയുടെ സമയവും ക്രമീകരിക്കാം. അതേസമയം, ക്യാമറാ സ്വിച്ചസ് ആന്‍ഡ്രോയിഡ് 11ലും പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുമെന്നും എക്‌സ്ഡിഎ ഡെവലപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 12ലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

 

∙ ഇത് ഐഒഎസില്‍ നേരത്തെയുളള ഫീച്ചര്‍

 

അതേസമയം, പുതിയ ഫീച്ചറിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ഈ ഫീച്ചര്‍ കുറച്ചു കാലമായി ഐഒഎസില്‍ ഉള്ളതായിരുന്നു എന്ന് വിവിധ ഫോറങ്ങളില്‍ ഐഒഎസ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു നല്‍കിയിരിക്കുന്ന പേര് 'ഹെഡ് ട്രാക്കിങ്' എന്നാണ്. ഐഒഎസ് ഉയോക്താക്കള്‍ക്ക് സെറ്റിങ്‌സ്> അക്‌സസിബിലിറ്റി> സ്വിച്ച് കണ്ട്രോള്‍> ഹെഡ് ട്രാക്കിങ് വഴി പോയാൽ ഈ ഫീച്ചർ പ്രവർത്തിപ്പിക്കാനാകും. ടച്ചിനപ്പുറത്തേക്കു പോകാനുള്ള ശ്രമം സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നുവെന്നും പറയുന്നു.

 

ടച്ചില്ലാതെയുള്ള ഫോണ്‍ നിയന്ത്രണം കൊണ്ടുവരാൻ കുറേ കാലമായി വിവിധ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, ഈ ഫീച്ചര്‍ സ്വകാര്യതയ്ക്ക് ഒരു ഭീഷണിയല്ലേ എന്നു ഭയക്കുന്നവരുമുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സകല സമയത്തും ക്യാമറാ അക്‌സസ് നല്‍കുന്നത് എത്രമാത്രം ആശാസ്യമാണെന്ന ചോദ്യവും ഉയരുന്നു.

 

∙ വോഡഫോണ്‍-ഐഡിയയുടെ പ്രശ്‌നങ്ങളെക്കുറിച്ച് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

വോഡഫോണ്‍-ഐഡിയയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംസാരിക്കുന്നുണ്ടെങ്കിലും തന്നോട് ഇതേക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ടെലികോം മേഖലയിലേക്ക് മുകേഷ് അംബാനിയുടെ ജിയോ രംഗപ്രവേശനം നടത്തിയ 2016 മുതല്‍ ഓരോ വര്‍ഷവും വോഡഫോണും ഐഡിയയും നഷ്ടം മാത്രമാണ് നേരിട്ടത്. എന്തായാലും, ധനമന്ത്രിയുടെ പ്രസ്താവന വോഡഫോണ്‍ ഐഡിയയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നതാണ്.

 

∙ ഫണ്ട് എത്തുന്നില്ലെങ്കില്‍ വി പതുക്കെ ഇല്ലാതാകുമെന്ന് വിശകലനം

 

വളരെ പെട്ടെന്ന് 26,000-37,000 കോടി രൂപ സ്വരൂപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വി എന്ന് അറിയപ്പെടുന്ന വോഡഫോണ്‍-ഐഡിയുടെ അന്ത്യത്തിന് തുടക്കമാകുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച് (Fitch) ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. സർക്കാർ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കമ്പനി പാപ്പരാകുമെന്ന കാര്യം ഉറപ്പാണെന്നും പറയപ്പെടുന്നു.

 

∙ മഹാമാരിയുമായി ബന്ധപ്പെട്ട് അയ്യായിരത്തിലേറെ ഫിഷിങ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നു

 

മഹാമാരിയുമായി ബന്ധപ്പെട്ട് 5,000 ത്തിലേറെ വെബ്‌സൈറ്റുകള്‍ ഫിഷിങ് (phishing) ആക്രമണങ്ങള്‍ നടത്തി വരുന്നതായി കാസ്പര്‍സ്‌കി ലാബ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലെ കണക്കുകളാണിത്. ഇത്തരത്തിലുള്ള വെബ്‌സൈറ്റുകള്‍ നടത്തിയ പത്തു ലക്ഷത്തിലേറെ ആക്രമണങ്ങള്‍ തങ്ങള്‍ തടഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. കോവിഡ് ടെസ്റ്റുകള്‍ മുതല്‍ വാക്‌സീനേഷന്‍ വരെയുള്ള വിഭാഗങ്ങളില്‍ ഫിഷിങ് ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

 

∙ എയര്‍ ഇന്ത്യയിലേയും മറ്റും ഡേറ്റാ ചോർച്ചയേക്കുറിച്ച് കേന്ദ്ര നിലപാട് ആരാഞ്ഞു

 

എയര്‍ ഇന്ത്യ, ബിഗ്ബാസ്‌കറ്റ്, ഡോമിനോ തുടങ്ങിയ കമ്പനികള്‍ തുടങ്ങിയവയില്‍ നിന്ന് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്ന സംഭവങ്ങളില്‍ സുപ്രീം കോടതി കേന്ദ്രനിലപാട് ആരാഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു കാണിച്ച് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി യാര്‍ലഗദ കിരന്‍ ചന്ദ്ര നല്‍കിയ പരാതിയിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്. ഡേറ്റാ ചോര്‍ച്ചയെക്കുറിച്ച് പല തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

∙ ഗൂഗിള്‍ പിക്‌സല്‍ 5എ ഇന്ന് അവതരിപ്പിച്ചേക്കും

 

ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഗിളിന്റെ പിക്‌സല്‍ ശ്രേണിയിലെ വില കുറഞ്ഞ മോഡലായ പിക്‌സല്‍ 5എ ഓഗസ്റ്റ് 17ന് പുറത്തിറക്കിയേക്കും. പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍-സ്‌നാപ്ഡ്രാഗണ്‍ 765ജി, 6ജിബി റാം, 128ജിബി സംഭരണശേഷി, ആന്‍ഡ്രോയിഡ് 11, ഇരട്ട സിം, 6.4-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് സ്‌ക്രീന്‍, ഇരട്ട പിന്‍ ക്യാമറാ സിസ്റ്റം, 12എംപി പ്രധാന ക്യാമറ, 8എംപി സെല്‍ഫി ക്യാമറ, 4680എംഎഎച് ബാറ്ററി. പ്രതീക്ഷിക്കുന്ന വില  33,345 രൂപ.

 

∙ മേഘാലയയിലെ നാലു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

 

മേഘാലയയിൽ കര്‍ഫ്യൂ പ്രഖ്യാപിച്ച നാലു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും നിരോധിച്ചു. നിരോധനം 48 മണിക്കൂര്‍ നേരത്തേക്കാണ്. 

 

∙ പാക്കിസ്ഥാനിലും സ്മാര്‍ട് ഫോണ്‍ നിര്‍മാണം തുടങ്ങി

 

മാനുഫാക്‌ചേഡ് ഇന്‍ പാക്കിസ്ഥാന്‍ ലേബല്‍ പതിച്ച ആദ്യ സ്മാര്‍ട് ഫോണ്‍ വിപണിയിലെത്തിയതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇനോവി ടെലികോം എന്ന കമ്പനിയാണ് 5,500 ഫോണുകള്‍ യുഎഇയിലേക്ക് കയറ്റി അയച്ചത്. ഇവ 4ജി ഹാന്‍ഡ്‌സെറ്റുകളാണ്.

 

English Summary: New Android 12 beta feature lets you control your phone with your face, here’s how

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com