മഞ്ചുക്കോയിൽ ബ്രിട്ടന്റെ നട്ടെല്ലൊടിച്ച പോരാളി; അയ്യപ്പൻ പിള്ള മാധവൻ നായർ, അഥവാ നായർസാൻ!
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഞ്ചാം വാർഷികാഘോഷങ്ങൾ രാജ്യമെങ്ങും നിറയുമ്പോൾ നായർ സാൻ എന്ന മഞ്ചുക്കോ നായരുടെ ജീവിതം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഭിമാനകരമായ ഏടാണ്. ഹിരോഹിത്തോ ചക്രവർത്തിയിൽ നിന്ന് ജാപ്പനീസ് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ് സേക്രഡ് ട്രഷർ ’ ലഭിച്ചയാളായിരുന്നു നായർസാൻ. ജപ്പാൻ സർക്കാർ ബഹുമാന പൂർവം സമ്മാനിച്ച പൗരത്വം സ്നേഹപൂർവം നിരസിച്ച് ജീവിതാവസാനം വരെ ഇന്ത്യൻ പാസ്പോർട്ട് നെഞ്ചോടു ചേർത്ത രാജ്യസ്നേഹി. നായർ സാനിന്റെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, അവ അർഹിക്കും വിധം ആദരിക്കപ്പെടാതെ പോയതെന്തു കൊണ്ട് ? സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടങ്ങളുടെ കനൽ വഴികൾ താണ്ടിയ വ്യത്യസ്തനായ ഈ മനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ജന്മനാടായ കേരളം പോലും. ഏതു ഇന്ത്യാക്കാരനും അറിയണം നായർ സാന്റെ ജീവിതപോരാട്ടം.
∙ ആരാണ് നായർ സാൻ ?
റാഷ് ബിഹാരി ബോസിനൊപ്പം ചേർന്ന് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗും ഇന്ത്യൻ നാഷനൽ ആർമിയും കെട്ടിപ്പടുത്ത സ്വാതന്ത്ര്യ സമര സേനാനി. വിദേശത്തെവിടെയുമുള്ള സ്വാതന്ത്ര്യസമര ഗ്രൂപ്പുകളെ ഏകോപിപ്പിച്ചയാൾ. ബ്രിട്ടിഷ് വാണിജ്യത്തെ തകർക്കാൻ മംഗോളിയയിലും മഞ്ചൂറിയയിലും സാഹസിക പ്രവർത്തനം നടത്തിയയാൾ. അതിനാൽത്തന്നെ ‘മഞ്ചുക്കോ നായർ’ എന്ന അപരനാമമുള്ള മനുഷ്യൻ. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ബാറ്റൺ റാഷ് ബിഹാരി ബോസിൽ നിന്ന് സുഭാഷ് ചന്ദ്ര ബോസിലേക്ക് കൈമാറുന്നതിനുള്ള ഏകോപനം നിർവഹിച്ച ദീർഘദർശി. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ മാധ്യമ ചുമതല വഹിച്ച ചീഫ് ലെയ്‌സൺ ഓഫിസർ. ജാപ്പനീസ് ഭരണകൂടവും സമര സേനാനികളുമായുള്ള വിനിമയത്തിന്റെ പ്രധാന കണ്ണി. മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെ ജാപ്പനീസ് ജനതയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടും ജപ്പാനിൽ പ്രവർത്തിക്കുന്ന സമരസേനാനികളോടും അനുഭാവം വളർത്തിയയാൾ... ഇനിയും നായർ സാനിന്റെ അറിയപ്പെടാത്ത വിശേഷങ്ങളേറെ.
വിദൂര പൗരസ്ത്യ ദേശത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നിയന്ത്രണം റാഷ് ബിഹാരി ബോസിനൊപ്പം നിർവഹിച്ചിരുന്ന നായർ സാൻ പക്ഷേ സ്വാതന്ത്ര്യാനന്തരം തമസ്കരിക്കപ്പെടുകയാണുണ്ടായത് . ഇന്ത്യയ്ക്കകത്ത് നടന്ന പോരാട്ടങ്ങളെപ്പോലെയോ അതിലേറെയോ പ്രാധാന്യമുള്ളതാണ് അന്യ ദേശത്തു നിന്ന് പ്രവാസികൾ നടത്തിയ പോരാട്ടങ്ങൾ. ഭാഷകളുടെ, ദേശങ്ങളുടെ, ജീവിത ശൈലികളുടെ പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട്, കുടുംബ ബന്ധങ്ങളെ ഉപേക്ഷിച്ച് സ്വരാജിനു വേണ്ടി ചാവേറുകളായ തമസ്കരിക്കപ്പെട്ട രാജ്യ സ്നേഹികളുടെ കൂട്ടത്തിലെ പ്രധാന പേരാണ് ‘നായർസാൻ’
∙ എൻജിനീയറിങ് പഠിക്കാൻ ജപ്പാനിൽ
സിവിൽ എൻജിനീയറിങ് പഠിക്കാനാണ് തിരുവനന്തപുരത്തു നിന്ന് അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന എ.എം. നായർ ജപ്പാനിൽ എത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ തിരുവിതാംകൂർ വിദ്യാർഥി പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്നു . പിതാവിന്റെ പാതയിൽ എൻജിനീയറിങ് പഠനമാണ് ഇളയ പുത്രനായ മാധവൻ നായർക്ക് വീട്ടുകാർ തിരഞ്ഞെടുത്തത്. തിരുവിതാംകൂറിലെ സമര പ്രവർത്തനങ്ങളിൽ നിന്ന് വഴിതിരിച്ചു വിടുകയെന്ന ലക്ഷ്യവും കുടുംബത്തിനുണ്ടായിരുന്നു.
ജപ്പാനിൽ നിന്ന് ഫിഷറീസിൽ ഉന്നത പഠനം നേടിയെത്തിയയാളായിരുന്നു മൂത്ത സഹോദരൻ നാരായണൻ നായർ. മാധവൻ നായർക്ക് ജപ്പാനിലെ ക്യോത്തോ ഇംപീരിയൽ സർവകലാശാലയിൽ സിവിൽ എൻജിനീയറിങ് പ്രവേശനം ഉറപ്പാക്കിയത് ജ്യേഷ്ഠൻ. അവിടത്തെ പഠനം പൂർത്തിയാക്കുന്നതിനിടയിൽ ജാപ്പനീസ് ഭാഷയിൽ നായർ പ്രാവീണ്യം നേടി മികച്ച വാഗ്മിയായി മാറി. പഠനശേഷം ജപ്പാനിൽ തന്നെ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ജപ്പാനിലെ ഏക ഇന്ത്യൻ വിദ്യാർഥിയായിരുന്ന എ.എം.നായർ ബ്രിട്ടിഷ് രഹസ്യ പൊലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. വീട്ടിലേക്കുള്ള കത്തുകൾ പോലും പരിശോധന കഴിഞ്ഞാണ് എത്തിയിരുന്നത്. തിരുവിതാംകൂർ പൊലീസ് വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിട്ടുണ്ട്.
∙ ചെന്നെത്തിയത് സ്വാതന്ത്ര്യ സമര തീച്ചൂളയിൽ
ബറോഡയിലെയും തിരുവിതാംകൂറിലെയും ചീഫ് എൻജിനീയറായിരുന്ന പിതാവിനെപ്പോലെയോ ജപ്പാനിൽ പഠനം കഴിഞ്ഞ് തിരിച്ചുപോയ സഹോദരനെപ്പോലെയോ തിരുവിതാംകൂറിലോ വിദേശത്തോ അദ്ദേഹത്തിന് ഉന്നത പദവി സ്വീകരിക്കാമായിരുന്നു. പക്ഷേ, ജപ്പാനിൽ പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളോടൊപ്പം ചേർന്ന് അപകടകരവും അനിശ്ചിതവുമായ ജീവിതമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഏതു സമയവും ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാം, നാടുകടത്തപ്പെടാം, വധിക്കപ്പെടാം. ജന്മനാട്ടിലേക്ക് ഒരിക്കലും തിരിച്ചു വരാനായില്ലെന്നും വരാം. പക്ഷേ, സ്വാതന്ത്ര്യ സമരത്തിൽ ആവേശം പൂണ്ട നായർ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. പിന്നീട് എല്ലാം ചരിത്രം.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട നിരവധി ദേശാഭിമാനികൾ ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പദ്ധതികൾ രൂപപ്പെടുത്തുന്ന കാലമായിരുന്നു അത്. ജപ്പാനിൽ രാഷ്ട്രീയ അഭയം തേടിയിരുന്ന റിപ്പബ്ലിക് ചൈനയുടെ പ്രസിഡന്റായിരുന്ന സൺയാറ്റ് സെന്നിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് മോഹൻ സിങ്ങും ലാലാ ലജ്‌പത് റായിയും റാഷ് ബിഹാരി ബോസും പ്രവർത്തിച്ചിരുന്നത്. റാഷ് ബിഹാരി ബോസിനെ പരിചയപ്പെട്ടതായിരുന്നു നായർസാനിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അതോടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം കൂടുതൽ ആകൃഷ്ടനായത്.
ബോസുമായുള്ള ബന്ധത്തെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് സമര രംഗത്തേക്ക് ഇറങ്ങിയത്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിച്ച ശേഷം പ്രചാരണ വിഭാഗം തലവനായി നായർസാൻ. മറ്റ് കിഴക്കനേഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ഏകീകരിക്കുന്ന ചുമതലയായിരുന്നു അദ്ദേഹത്തിന്. ലാലാ ലജ്‌പത് റായിയെപ്പോലെ നിരവധി ഇന്ത്യൻ സമര പോരാളികൾ അക്കാലത്ത് ജപ്പാനിൽ എത്തിയിരുന്നു. ഏകോപനത്തിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിലേക്കും നായർ സാൻ നിരന്തരം യാത്രകൾ നടത്തി. ഇതിലൂടെ ജാപ്പനീസിനു പുറമേ ചൈനീസ്, കൊറിയൻ, മംഗോളിയൻ ഭാഷകളിലും അവഗാഹം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനാൽ തന്നെ ജാപ്പനീസ് ഭരണാധികാരികളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു.
∙ മഞ്ചുക്കോയിലെ ഒറ്റയാൾ പോരാട്ടം
നായർ സാനിന്റെ പോരാട്ടം ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ചൈനയിലെ മഞ്ചുക്കോയിൽ നടത്തിയ ഒറ്റയാൾ പോരാട്ടം ബ്രിട്ടിഷ് വസ്ത്ര വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു. ചൈനയിൽ നിന്നും ഇന്നർ മംഗോളിയയിൽ നിന്നുമുള്ള സംഘങ്ങളുടെ നീക്കം നാട്ടു രാജാക്കന്മാരുടെ സഹായത്തോടെ തടഞ്ഞ് മാഞ്ചസ്റ്ററിലെ വസ്ത്ര വ്യവസായം പ്രതിസന്ധിയിലാക്കിയ ആ പദ്ധതി സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉദാത്തമായ ഇടം നേടേണ്ടതാണ്. ചൈനയുടെ മഞ്ചൂറിയ കീഴടക്കിയ ജപ്പാൻ മഞ്ചുക്കോ എന്ന പേരിൽ ഒരു രാജ്യമുണ്ടാക്കി. ക്യോത്തോ സർവകലാശാലയിൽ സഹപാഠിയും മഞ്ചുക്കോയുടെ പട്ടാള മേധാവിയുമായിരുന്ന ലഫ. ജനറൽ ഇഗതാക്കിയയുടെ ക്ഷണമനുസരിച്ച് നായർസാൻ മഞ്ചുക്കോയിലേക്ക് തിരിച്ചു. അത് മറ്റൊരു പോരാട്ടത്തിന്റെ തുടക്കമായിരുന്നു.
അപ്പോഴേക്കും ജപ്പാൻകാർ അദ്ദേഹത്തിന് മേജർ ജനറലിന് തുല്യമായ സിവിലിയൻ പദവിയും പരിരക്ഷയും നൽകിയിരുന്നു. പുതിയ പോരാട്ട ഭൂമിയിലേക്ക് റാഷ് ബിഹാരി ബോസും രാജാ മഹേന്ദ്രസിങ്ങും അടക്കം നിരവധി പോരാളികൾ എത്തുകയും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയം ചെയ്തു. നിഷ്കാസിതനായ അവസാനത്തെ ചൈനീസ് ചക്രവർത്തി ഹെൻറി പൂയി രാഷ്ട്രീയ അഭയാർഥിയായി ആ പ്രദേശത്തുണ്ടായിരുന്നു. അദ്ദേഹത്തെ ജപ്പാൻകാർ മഞ്ചുക്കോയുടെ ചക്രവർത്തിയായി വാഴിച്ചു. മഹാത്മാഗാന്ധിയെപ്പറ്റി പൂയി ചക്രവർത്തി ആദരപൂർവം അന്വേഷിച്ചിരുന്നതായി നായർ സാൻ ആത്മകഥയിൽ പറയുന്നുണ്ട്.
∙ ബ്രിട്ടിഷ് സർക്കാരിന്റെ കുറ്റവാളികളുടെ ലിസ്റ്റിൽ
ചൈനയിൽ നിന്ന് ബ്രിട്ടിഷുകാർ പാട്ടത്തിനെടുത്ത ടിന്റ് സീൻ തുറമുഖത്തു നിന്നാണ് ലണ്ടനിലെ മാഞ്ചസ്റ്ററിലെയും ലങ്കഷെയറിലെയും മില്ലുകളിലേക്ക് കമ്പിളി രോമം പോകുന്നതെന്ന് നായർ സാൻ കണ്ടെത്തി. ഈ വ്യാപാരം തടഞ്ഞാൽ ലണ്ടനിലെ തുണിമില്ലുകൾ പൂട്ടുകയും ബ്രിട്ടിഷ് വ്യവസായത്തിന് ആഘാതമുണ്ടാക്കുകയും ചെയ്യാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ടിബറ്റിൽ നിന്നും മംഗോളിയയിൽ നിന്നുമാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി ചൈനയിൽക്കൂടി കമ്പിളിരോമം എത്തിക്കുന്നത്. ഇത് തടയാൻ മംഗോളിയയിലേക്കും ചൈനയിലേക്കും പോകാൻ നായർ സാൻ തീരുമാനിച്ചു. കുഴപ്പത്തിലേക്കുള്ള പോക്കാണിതെന്നും അത്യന്തം അപകടകരമാണ് ആ യാത്രയെന്നും ഇഗതാക്കി വിലക്കി. പക്ഷേ, ബ്രിട്ടിഷ്‍ വ്യവസായത്തെ തകർക്കാനുള്ള നായർ സാനിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുന്നറിയിപ്പ് വിലപ്പോയില്ല.
കൊള്ളക്കാരിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ ലാമയുടെ വേഷത്തിലായിരുന്നു നായർ സാന്റെ യാത്ര. മുസ‌്‌ലിം ഭൂരിപക്ഷ പ്രദേശത്ത് തുർക്കി തൊപ്പിയണിഞ്ഞ പുരോഹിതന്റെ വേഷമണിഞ്ഞു. ഇതിനിടെ കൊള്ളക്കാരുടെ ആക്രമണം പലതവണ നേരിടേണ്ടി വന്നു. ഭാഷാ പ്രാവീണ്യം മൂലം നാട്ടു രാജാക്കന്മാരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു.
ചൈനയുടെ അധിനിവേശത്തിൽ നിന്ന് മുക്തരാകുവാൻ ശ്രമിക്കുകയായിരുന്നു മംഗോളിയയിലെ പല രാജാക്കന്മാരും. ജപ്പാൻകാർ തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അതിനവർ നായർസാനിന്റെ സഹായം തേടി. പകരം കമ്പിളി രോമക്കടത്ത് തടഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെ പദ്ധതി നടപ്പാക്കി. ബ്രിട്ടിഷ് വസ്ത്രവ്യവസായം പ്രതിസന്ധിയിലായി. അതോടെ മഞ്ചുക്കോ നായർ എന്ന പേര് മാറ്റി ബ്രിട്ടിഷ് സർക്കാർ നായർസാനിനെ കുറ്റവാളികളുടെ ലിസ്റ്റിൽ പെടുത്തിയിരുന്നു.
∙ സ്വാതന്ത്ര്യാനന്തരം
സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തെ ജപ്പാനിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡറായി നിയമിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഡൽഹിയിൽ അതിനെപ്പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷേ മറ്റൊരാളാണ് ആദ്യ അംബാസഡറായി നിയമിതനായത്. പകരം കോബെയിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ സ്ഥാനം വാഗ്ദാനം ചെയ്തു. സ്നേഹപൂർവം അദ്ദേഹം അത് നിരസിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിച്ചെങ്കിലും അത് എളുപ്പമായിരുന്നില്ല. അദ്ദേഹം മരിച്ചെന്ന ധാരണയിൽ അപ്പോഴേക്കും കുടുംബ സ്വത്തുകൾ അന്യാധീനപ്പെട്ടിരുന്നു. റാഷ് ബിഹാരിയെ റോൾ മോഡലായി കരുതിയിരുന്ന അദ്ദേഹം ഒടുവിൽ ആ പാത സ്വീകരിച്ച് ജപ്പാനിൽ തന്നെ തുടരാൻ തീരുമാനിച്ചു.
∙ ബിസിനസിലേക്ക്
ഇന്ത്യൻ കറികൾ ജപ്പാനിൽ പ്രചരിച്ചു തുടങ്ങുന്ന സമയമായിരുന്നു അത്. കറിപ്പൊടി മസാലകൾ കോബെയിലെ ചില ഇന്ത്യൻ കച്ചവടക്കാരുടെ കൈവശം മാത്രമുണ്ടായിരുന്ന കാലം. അതിൽ അദ്ദേഹം ബിസിനസ് സാധ്യത കണ്ടു. എ.എം. നായർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് ‘ഇന്ദിര കറി പൗഡർ’ എന്ന പേരിൽ കറിപൗഡർ നിർമിച്ച് വിതരണം തുടങ്ങി. നെഹ്റുവുമായി ഭിന്നത ഉണ്ടായിരുന്നെങ്കിലും ഇന്ദിരാഗാന്ധിയോടുള്ള സ്നേഹ വാത്സല്യങ്ങൾ കാരണമാണ് ആ പേര് നൽകിയത്. ജപ്പാനിലെ കൺവീനിയന്റ് സ്റ്റോറുകളിൽ ഇന്ദിരാ കറിപൗഡറിന് ചെലവേറി, ബിസിനസ് വൻ വിജയമായി.
ഇതെ തുടർന്നാണ് 1949ൽ ഗിൻസയിൽ ജപ്പാനിലെ ആദ്യത്തെ ഇന്ത്യൻ റസ്റ്ററന്റ് ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചത് – നായേഴ്സ് റസ്റ്ററന്റ്. ഇതും വിജയമായി. ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ജപ്പാൻ കാരുടെ നീണ്ട ക്യൂ പുറത്തെ ഫുട്പാത്തിൽ വരെ നീളുമായിരുന്നു.
∙ അനന്തപുരിയിലെ അവസാന കാലം
തിരുവനന്തപുരത്ത് പൂജപ്പുരയിൽ നിർമിച്ച വസതിയിൽ എല്ലാ വർഷവും രണ്ടുമാസത്തോളം ജപ്പാൻകാരിയായ ഭാര്യ ജാനകിസാനിനൊപ്പം താമസിക്കാൻ എത്തുമായിരുന്നു നായർസാൻ. അഭിലാഷം പോലെ അവസാന കാലം തിരുവനന്തപുരത്തായിരുന്നു. പിന്നീട് മകനും കബുക്കി സംഗീതജ്ഞനുമായ ഗോപാലൻ നായർ ജപ്പാനിലെ ബിസിനസും റസ്റ്ററന്റും നടത്തി. ടോക്കിയോ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാർ ഒരു നേരമെങ്കിലും അവിടെ വന്നു ഭക്ഷണം കഴിച്ചു മടങ്ങുന്നു – ഈ കഥകളൊന്നും അറിയാതെ.
∙ ‘ഓർമകളിൽ നായർസാൻ’
‘33 വർഷം മുമ്പാണ് നായർ സാനിനെ ആദ്യമായി ഞാൻ കാണുന്നത്. ജപ്പാനിൽ ഒരു ഓണക്കാലം, തിരുവോണത്തിന് നായേഴ്സ് റസ്റ്ററന്റിൽ നിന്നാവാം ഭക്ഷണം എന്ന് തീരുമാനിച്ചു. ജപ്പാനിൽ എത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചിരുന്നു. ജപ്പാനിലെ ചില ഇംഗ്ലിഷ് പത്രങ്ങളിൽ സ്ഥിരമായി ആ റസ്റ്ററന്റിനെക്കുറിച്ചുള്ള പരസ്യങ്ങളും കണ്ടിരുന്നു– ഓൾഡസ്റ്റ് ഇന്ത്യൻ റസ്റ്ററന്റ് എന്ന തലവാചകത്തോടു കൂടി.
ജപ്പാനിലെ ഏറ്റവും സമ്പന്നമായ വ്യാപാര കേന്ദ്രമായ ഗിൻസയിലാണ് ആ സ്ഥാപനം. ജപ്പാനിലെ പാരമ്പര്യ ക്ലാസിക്കൽ നടന കലാരൂപമായ കബുക്കി നടക്കുന്ന കബുക്കിസ എന്ന പ്രശസ്തമായ കൂത്തമ്പലത്തിന് സമീപത്താണ് നായേഴ്സ് റസ്റ്ററന്റ്. ആകാംക്ഷയോടെയാണ് കടന്നുചെന്നത്. ചരിത്രപുരുഷന്മാരായ സുഭാഷ് ചന്ദ്ര ബോസിനോടും റാഷ്‌ബിഹാരി ബോസിനോടും ഒപ്പം തോളോടു തോൾ ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ച ആൾ. പക്ഷെ അതിന്റെ ഭാവഭേദങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ. ചിരപരിചിതനായ ഒരാളെന്നപോലെ സ്വാഗതം ചെയ്യുന്നു. കൗതുകത്തോടെ ആ വയോധികനെ ഞാൻ നോക്കിക്കൊണ്ടേയിരുന്നു. ഈ കൊച്ചു റസ്റ്ററന്റിന്റെ കാഷ് കൗണ്ടറിൽ ചടഞ്ഞിരിക്കേണ്ട ആളായിരുന്നോ ഈ മനുഷ്യൻ. ജപ്പാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ചിട്ട് രണ്ട് വർഷമേ ആകുന്നുണ്ടായിരുന്നുള്ളു അപ്പോൾ. ഒത്തിരി കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം തിരക്കിലായിരുന്നു. പുറത്തേക്ക് വന്ന് ഒപ്പം ഫോട്ടോയ്ക്ക് പോസുചെയ്തു. പഴയ ചില ചിത്രങ്ങൾ കാണിച്ചു. ചില സംശയങ്ങൾക്ക് മറുപടിയും കിട്ടി. ജനുവരിയിൽ നാട്ടിലേക്ക് വരുന്നുണ്ടെന്നും വിശദമായി സംസാരിക്കാം എന്നും പറഞ്ഞു.
ആ ജനുവരിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു, നിരവധി ചോദ്യങ്ങളുമായി. പൂജപ്പുരയിൽ മുടവൻമുകളിലേക്കുള്ള വഴിയിൽ നിർമ്മിച്ച വീട്ടിലായിരുന്നു എല്ലാ വർഷവും വന്നുതാമസിച്ചിരുന്നത്. ഒരു ടൈം മെഷീൻ പോലെ ചരിത്രത്തിലേക്ക് എന്നെ അദ്ദേഹം കൊണ്ടുപോയി. ഇന്നത്തെ വഞ്ചിയൂർ കോടതി സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന എസ് എം വി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെക്കുറിച്ച്, പ്രിൻസിപ്പൽ സമരം അടിച്ചമർത്തിയതിനെക്കുറിച്ച്. അങ്ങനെ വഴിതെറ്റി പോകാതിരിക്കാൻ സഹോദരൻ അദ്ദേഹത്തെ ജപ്പാനിലേക്ക് നാടുകടത്തിയതിനെക്കുറിച്ച്...
റാഷ്‌ബിഹാരി ബോസിനെക്കുറിച്ചു പറയുമ്പോൾ ആവേശം കൊണ്ടു. ബോസിന്റെ പത്നിയെക്കുറിച്ചും അവരുടെ മാതാപിതാക്കളായ സോമ ദമ്പതികളെയും കുറിച്ച് പറയുമ്പോൾ ആദരവോടെ തല കുമ്പിട്ടു. അർഹിക്കുന്ന അംഗീകാരം കിട്ടാത്തതിനെക്കുറിച്ചു പരാമർശിച്ചപ്പോൾ അംഗീകാരം പ്രതീക്ഷിച്ചല്ലല്ലോ ഞങ്ങൾ പോരാടിയത്, അതെന്റെ നിയോഗമായിരുന്നു എന്ന മറുപടി കിട്ടി.
അവലംബം: ആൻ ഇന്ത്യൻ ഫ്രീഡം ഫൈറ്റർ ഇൻ ജപ്പാൻ : മെമ്മയേഴ്സ് ഓഫ് എ.എം. നായർ, സൂര്യകാന്തിയുടെ സിംഹാസനം – കെ. അശോക് കുമാർ (നായർസാനെ അദ്ദേഹം ആദ്യമായി നേരിൽക്കണ്ട ഭാഗം)
∙ നായർ സാനെ എന്തു കൊണ്ട് മറന്നു
ഏതാനും വർഷങ്ങളായി നായർ സാൻ എന്നു കേട്ടിരുന്നത് മോഹൻലാലും ജാക്കിചാനും നായകന്മാരാകുമെന്ന് കരുതിയ ഒരു ബഹുഭാഷാ ചലച്ചിത്രത്തിന്റെ പേരിലാണ്. പക്ഷേ ഒരു വ്യാഴവട്ടം മുൻപ് പ്രഖ്യാപിക്കപ്പെട്ടിട്ടും പല കാരണങ്ങളാൽ ആ ചിത്രവും യാഥാർഥ്യമായില്ല. ജീവിതത്തിൽ സംഭവിച്ചതിന്റെ തനിയാവർത്തനം പോലെ സിനിമയിലൂടെയും അദ്ദേഹത്തിന്റെ കഥ ജനങ്ങളുടെ മുന്നിലേക്കെത്തിയില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ച് 30 വർഷത്തിനു ശേഷവും ഒരു സ്വാതന്ത്ര്യ ദിനത്തിലും ‘നായർ സാൻ’ എന്നും ‘മഞ്ചുക്കോ നായർ’ എന്നും അറിയപ്പെട്ട എ.എം. നായരെന്ന ധീര പോരാളിക്ക് രാജ്യം ഒരു ബഹുമതിയും നൽകിയില്ല, ഒരു സ്വാതന്ത്ര്യ ദിനത്തിൽ പോലും കേരളം ആ പേര് ഒന്നോർത്തു പോലുമില്ല. 1990ൽ തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിലേക്കുള്ള അന്ത്യയാത്രയിൽ പോലും കിട്ടിയത് അർഹിക്കാത്ത അവഗണന. അനുഗമിച്ചത് വിരലിലെണ്ണാവുന്ന ചില അയൽക്കാരും പരിചയക്കാരും മാത്രം. ആചാര വെടിയോ ഔദ്യോഗിക ബഹുമതികളോ ചരമ പ്രസംഗങ്ങളോ അനുശോചന സന്ദേശങ്ങളോ ഉണ്ടായില്ല. പിറ്റേന്ന് ചെറിയൊരു പത്ര വാർത്തയായി ആ സ്മരണയും എരിഞ്ഞടങ്ങി. ജീവിതാന്ത്യം നാട്ടിലാകണമെന്ന അഭിലാഷത്താൽ ജപ്പാനിൽ നിന്നെത്തി തിരുവനന്തപുരത്ത് അദ്ദേഹം താമസിച്ചിരുന്ന വീടുണ്ടായിരുന്ന സ്ഥലത്ത് ഒടുവിൽ പ്രവർത്തിക്കുന്നതാകട്ടെ ബാർ ഹോട്ടൽ’.
English Summary: Independence Day 2022: Know about unsung heroes of India's freedom struggle- Nair- San