ADVERTISEMENT

ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മിക്കുക എന്ന സ്വപ്‌നം താമസിയാതെ യാഥാര്‍ഥ്യമായേക്കും. ഐഫോണ്‍ നിര്‍മാതാവായ വിസ്ട്രണ്‍ കമ്പനിയുടെ പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതോടെ രാജ്യത്തിന് ആഗോള ടെക്‌നോളജി മേഖലയില്‍ പുതിയൊരു മുഖം തന്നെ ലഭിച്ചേക്കും. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഏറ്റെടുക്കല്‍ 2023 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയായേക്കുമെന്നുമാണ് ഐമോര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബെംഗളൂരിനു സമീപം പ്രവര്‍ത്തിക്കുന്ന വിസ്ട്രൺ ഫാക്ടറിയുടെ 51 ശതമാനത്തിലേറെ ഓഹരി ടാറ്റ ഏറ്റെടുക്കുകയായിരിക്കും ചെയ്യുക എന്നാണ് സൂചന.

 

∙ ആപ്പിളിനും ഇന്ത്യയ്ക്കും ഇത് നടന്നുകാണാന്‍ ആഗ്രഹം

 

ചൈനയില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ഐഫോണ്‍ നിര്‍മാണത്തില്‍ ഒരു പങ്ക് ഇന്ത്യയിലേക്ക് മാറ്റാന്‍ കേന്ദ്ര സർക്കാരിനും ആപ്പിള്‍ കമ്പനിക്കും താത്പര്യമുണ്ടെന്നതു തന്നെ ഈ നീക്കം വിജയിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. പുതിയ നീക്കം നടന്നാല്‍ ടാറ്റയും വിസ്ട്രണും ചേര്‍ന്നായിരിക്കും ബെംഗളൂരുവിലെ ഫാക്ടറിയില്‍ ഐഫോണ്‍ നിര്‍മിച്ച് ആപ്പിളിനു നല്‍കുക. ഈ പ്ലാന്റിന്റെ മേല്‍നോട്ടം ടാറ്റയ്ക്ക് ആയിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. മാര്‍ച്ചിലായിരിക്കും ഇതു നടക്കുക. കാരണം പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിനു മുൻപ് കച്ചവടമുറപ്പിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. മാര്‍ച്ച് അവസാനിക്കുന്നതിനു മുൻപ് ടാറ്റാ ഗ്രൂപ്പ് വന്‍ തുക വിസ്ട്രണു കൈമാറിയേക്കും. അതിനു ശേഷം കേന്ദ്ര സർക്കാർ ഇപ്പോള്‍ വിസ്ട്രണു നല്‍കിവരുന്ന പ്രോത്സാഹന തുക ടാറ്റയ്ക്കു ലഭിക്കുമെന്നും കരുതുന്നു. ഏപ്രില്‍ 1 മുതലാണ് അടുത്ത ഘട്ട പ്രോത്സാഹന തുക ലഭിക്കുക.

 

∙ 10,000 പേര്‍ക്ക് തൊഴില്‍

 

ടാറ്റ ഈ ഫാക്ടറി ഏറ്റെടുത്താല്‍ ആപ്പിളിന് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, കോവിഡ് കാരണം ചൈനയില്‍ താറുമാറായ ഐഫോണ്‍ നിര്‍മാണം കൂടുതല്‍ ചിട്ടയോടെ ഇന്ത്യയില്‍ നടത്താമെന്ന് കമ്പനി ആഗ്രഹിക്കുന്നുണ്ടാകാം. പുതിയ ഫാക്ടറി ഏകദേശം 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും എട്ട് ഐഫോണ്‍ പ്രൊഡക്ഷന്‍ ലൈനുകള്‍ക്ക് തുടക്കമിടുമെന്നും കരുതുന്നു.

 

∙ പുതിയ മേഖലയിലേക്ക് ടാറ്റ

 

ഏകദേശം 12800 കോടി ഡോളര്‍ മൂല്യമുള്ള, ഉപ്പു നിര്‍മാണം തൊട്ട് വ്യോമയാന മേഖല വരെ വ്യാപിച്ചു കിടക്കുന്ന വമ്പന്‍ ബിസിനസ് സാമ്രാജ്യമാണ് ടാറ്റയുടേത്. തങ്ങളുടെ പ്രവര്‍ത്തനം പുതിയൊരു മേഖലയിലേക്കു കൂടി എത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണം രാജ്യത്ത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രം ഇപ്പോള്‍. ഇതുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്ന ആദ്യ ബിസിനസ് കമ്പനിയാണ് ടാറ്റ. ഇതോടെ ഇന്ത്യന്‍ നിര്‍മാണ മേഖലയ്ക്ക് വിന്‍ കുതിപ്പ് ഉണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

 

∙ നാസയുടെ മുഖ്യ ടെക്‌നോളജിസ്റ്റായി വീണ്ടും ഇന്ത്യന്‍ വംശജന്‍

 

അമേരിക്കയുടെ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസിന്റെ (നാസ) പുതിയ മേധാവിയും ഇന്ത്യന്‍ വംശജന്‍ ആയിരിക്കും. ഇന്ത്യന്‍ വംശജയായ ഭവ്യാ ലാലിനു പകരമായിരിക്കും എസി ചരാനിയ ചുമതലയേല്‍ക്കുക. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ് നേരിട്ടായിരിക്കും ചരാനിയ റിപ്പോര്‍ട്ടു ചെയ്യുക. സാങ്കേതികവിദ്യാ മേഖലയില്‍ അമേരിക്കയൊട്ടാകെയുള്ള നിക്ഷേപങ്ങള്‍ അദ്ദേഹമായിരിക്കും നോക്കിനടത്തുക. മറ്റ് ഫെഡറല്‍ ഏജന്‍സികള്‍, സ്വകാര്യമേഖല, പുറമെ നിന്ന് നാസയുമായി ഇടപാടു നടത്തുന്നവര്‍ തുടങ്ങിയവരോടൊക്കെ ഇനി ഇടപെടുന്നത് ചരാനിയ ആയിരിക്കും.

 

റിച്ചഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗലാക്റ്റിക്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ തുടങ്ങിയ കമ്പനികളിലും ജോലിയെടുത്തിട്ടുള്ള ചരാനിയ നാസയിലേക്ക് എത്തുന്നത് റലയബിൾ റോബോട്ടിക്‌സ് കമ്പനിയുടെ വൈസ് പ്രസിഡന്റ് എന്ന പോസ്റ്റില്‍ നിന്നാണ്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏറോസ്‌പേസ് എൻജിനീയറിങ്ങില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും എമറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും നേടിയ ടെക്‌നോളജി മേഖലയില്‍ ചരാനിയ അറിയപ്പെടുന്ന വ്യക്തിയാണ്. നാസയുടെ ഇനവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റ്‌സ് വിഭാഗത്തിലെ ഫെലോയും ആയിരുന്നു അദ്ദേഹം.

 

∙ 'സിസിഐയുടെ ഉത്തരവ് നടപ്പാക്കിയാല്‍ ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച മുരടിക്കും'

 

ഗൂഗിള്‍ കമ്പനിക്കെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഉടമയായ ഗൂഗിള്‍ അതിന്മേലുള്ള അവകാശം ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്നാണ് കണ്ടെത്തല്‍. ആന്‍ഡ്രോയിഡിനു മേല്‍ ഗൂഗിളിന്റെ ആധിപത്യം കുറയ്ക്കാനുള്ള ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. സിസിഐയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ ആന്‍ഡ്രോയിഡിന്റെ ഇന്ത്യയിലെ വളര്‍ച്ച മുരടിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗില്‍ ഇപ്പോള്‍. സിസിഐയുടെ ഉത്തരവ് പ്രകാരം തങ്ങള്‍ ദീര്‍ഘകാലമായി നടത്തിവന്ന ബിസിനസ് രീതി മാറ്റേണ്ടതായി വരാമെന്നും കമ്പനി അറിയിക്കുന്നു.

 

∙ പിക്‌സല്‍ ഫോണുകളില്‍ ജിയോ, എയര്‍ടെല്‍ 5ജി ഉടന്‍ ലഭിക്കും

 

ഗൂഗിള്‍ 5ജി ആന്റിന ഉള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ പിക്‌സല്‍ സ്മാര്‍ട് ഫോണുകളില്‍ ഉടന്‍ എയര്‍ടെല്ലിന്റെയും ജിയോയുടെയും 5ജി ലഭിക്കും. പിക്‌സല്‍ 6എ, പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ മോഡലുകള്‍ക്കാണ് 5ജി ശേഷി കൈവരാന്‍ പോകുന്നത്. ആന്‍ഡ്രോയിഡ് 13 ക്യൂപിആര്‍2 ബീറ്റാ 2 വേര്‍ഷനില്‍ 5ജി എത്തി. എന്നാല്‍, ബീറ്റാ വേര്‍ഷന്‍ മാറാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്നും പറയുന്നു.

 

∙ ചാറ്റ്ജിപിറ്റിയില്‍ 1000 കോടി നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

 

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കി വിസ്മയിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിറ്റിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ കമ്പനിയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നുവെന്ന് റോയിട്ടേഴ്‌സ്. ഇതോടെ ഓപ്പണ്‍എഐയുടെ മൂല്യം 2900 കോടി ഡോളറായി ഉയരും. ഈ നീക്കം നടന്നാല്‍ ഓപ്പണ്‍എഐയില്‍ 49 ശതമാനം ഓഹരി മൈക്രോസോഫ്റ്റിന്റേതാകും. മറ്റു കമ്പനികളും ഇലോണ്‍ മസ്‌ക് അടക്കമുളള വ്യക്തികളും ചേര്‍ന്നുള്ള നിക്ഷേപകര്‍ക്കും 49 ശതമാനം ഓഹരിയുണ്ടായിരിക്കും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐക്ക് 2 ശതമാനം ഓഹരി ആയിരിക്കും ലഭിക്കുക. ചാറ്റ്ജിപിറ്റി ഉണ്ടാക്കുന്ന ലാഭത്തിന്റെ 75 ശതാമനവും മൈക്രോസോഫ്റ്റിനു ലഭിക്കും.

 

∙ ബിങ്ങില്‍ ചാറ്റ്ജിപിറ്റി

 

അതേസമയം, സേര്‍ച്ച് മേഖലയില്‍ ഒരു തരിച്ചുവരവു നടത്താന്‍ ചാറ്റ്ജിപിറ്റി സഹായിച്ചേക്കുമോ എന്നും മൈക്രോസോഫ്റ്റ് ആരായും. സേര്‍ച്ച് എൻജിനായ ബിങ്ങില്‍ ചാറ്റ്ജിപിറ്റിയുടെ 'മാന്ത്രിക' ശേഷി ഉള്‍ക്കൊള്ളിച്ച്, ബദ്ധവൈരിയായ ഗൂഗിളിനെതിരെ ഒരു കൈ നോക്കാനും മൈക്രോസോഫ്റ്റ് ശ്രമിച്ചേക്കും. ചാറ്റ്ജിപിറ്റിക്ക് 2024ല്‍ 100 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റ് പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും വിസമ്മതിച്ചു.

 

∙ ചാറ്റ്ജിപിറ്റി ദുഷ്ടശക്തികള്‍ക്കും പ്രോത്സാഹനമായേക്കും

 

അദ്ഭുതപ്പെടുത്തുന്ന സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയും ഉണ്ട്. ഫിഷിങ് ഇമെയിലുകളും ദുരുദ്ദേശത്തോടെയുള്ള കോഡുകളും അതിവേഗം ലഭ്യമാക്കാന്‍ ചാറ്റ്ജിപിറ്റിക്ക് സാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതെല്ലാം ചാറ്റ്ജിപിറ്റിയെക്കൊണ്ട് ചെയ്യിക്കാനായി എന്ന് ചെക്‌പോയിന്റ് റിസേര്‍ച്ച് കമ്പനി വെളിപ്പെടുത്തി.

 

English Summary: Tata Group inches closer to giving India its first homegrown iPhone maker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com