ADVERTISEMENT

താരതമ്യേന വില കുറഞ്ഞ ഒരു ഐഫോണ്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വീണ്ടും പ്രതീക്ഷനല്‍കി പുതിയ അഭ്യൂഹം. ആപ്പിള്‍ വില കുറഞ്ഞ ഫോണ്‍ ശ്രേണിയുടെ നിര്‍മാണം നിർത്തിയിരിക്കാമെന്ന് കഴിഞ്ഞ മാസം ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍, പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ. അദ്ദേഹത്തിനു ലഭിച്ച റിപ്പോർട്ട് പ്രകാരം ആപ്പിള്‍ വീണ്ടും വില കുറഞ്ഞ ഐഫോണ്‍ നിര്‍മിക്കുമെന്നാണ്. ഇതാകട്ടെ, ഐഫോണ്‍ 14 ന്റെ രീതിയില്‍, 6.1-സ്‌ക്രീന്‍ വലുപ്പത്തോടെയായിരിക്കും എത്തുക. ഉറപ്പായും ഇതില്‍ 5ജി സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരിക്കും.

 

∙ പുത്തന്‍ സ്റ്റൈലില്‍! വില 429 ഡോളര്‍

 

ഇതുവരെ അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ മോഡലുകള്‍ എല്ലാം പഴഞ്ചന്‍ ലുക്കുള്ളവ ആയിരുന്നു. പ്രീമിയം ശ്രേണിയുടെ വില്‍പന ഒരു കാരണവശാലും കുറയരുതെന്ന ലക്ഷ്യം ഈ ഡിസൈൻ രീതിയില്‍ വ്യക്തമായി വായിച്ചെടുക്കാമായിരുന്നു. എന്നാല്‍, കുവോയുടെ പ്രവചനം ശരിയായാല്‍ അടുത്ത ഐഫോണ്‍ എസ്ഇ ഇതെല്ലാം പഴങ്കഥയാകും. തുടക്ക വേരിയന്റിന് ഏകദേശം 45,000 രൂപയായിരിക്കും വിലയിടുക എന്നു കരുതുന്നു. ഇപ്പോഴത്തെ വിലയിടല്‍ രീതിയാണ് വരും വര്‍ഷങ്ങളിലും പിന്തുടരുന്നതെങ്കില്‍ ഐഫോണ്‍ 14/15 മോഡലുകളുടെ തുടക്ക വേരിയന്റിന് 80,000 രൂപയായിരിക്കും വില. 2024 ആദ്യം തന്നെ ഫോണിന്റെ നിര്‍മാണം തുടങ്ങുമെന്നാണ് കുവോ പറയുന്നത്.

 

∙ എസ്ഇ 4ല്‍ മോഡം പരീക്ഷണം 

 

ക്വാല്‍കമിന്റെ 5ജി മോഡത്തിനു പകരം സ്വന്തം മോഡത്തിലേക്ക് മാറാന്‍ ആപ്പിള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി ആപ്പിള്‍ നിര്‍മിച്ചുവന്ന മോഡത്തിന് വേണ്ട ഗുണമില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് എസ്ഇ 4ന്റെ നിര്‍മാണം നിർത്തിവച്ചത് എന്നായിരുന്നു കുവോ പറഞ്ഞത്. ഈ മോഡം എസ്ഇ മോഡലില്‍ പരീക്ഷിച്ച് വിജയമാണെങ്കില്‍ ഐഫോണ്‍ 16 സീരീസില്‍ ഉപയോഗിക്കാന്‍ ആയിരുന്നുവത്രെ പദ്ധതി. എന്നാലിപ്പോള്‍, 4എന്‍എം പ്രോസസ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത 5ജി ബെയ്‌സ്ബാന്‍ഡ് ചിപ്പ് നിര്‍മാണത്തില്‍ പുരോഗതി കാണാന്‍ സാധിച്ചതായിരിക്കും എസ്ഇ മോഡലിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

 

∙ ആപ്പിളിനു ലാഭം, ക്വാല്‍കമിനു തിരിച്ചടി

 

അതേസമയം, ആപ്പിളിന്റെ സ്വന്തം 5ജി മോഡം സബ്-6 ഗിഗാഹെട്‌സ് വിഭാഗത്തിലായിരിക്കും പെടുക എന്നും കുവോ പറയുന്നു. എല്‍സിഡി സ്‌ക്രീനിനു പകരം ഓലെഡ് സ്‌ക്രീന്‍ ആയിരിക്കും അടുത്ത എസ്ഇ മോഡലിന് എന്നും കുവോ പ്രവചിക്കുന്നു. ആപ്പിളിന്റെ പരിശ്രമം വിജയിച്ചാല്‍ ആപ്പിള്‍ വാച്ചിലും ഐപാഡിലും ആപ്പിളിന്റെ സ്വന്തം മോഡം ഉപയോഗിച്ചേക്കും. ഇതുവഴി ഹാര്‍ഡ്‌വെയറില്‍ നിന്നുള്ള വരുമാനം ആപ്പിളിന് വര്‍ധിപ്പിക്കാന്‍ സാധിക്കും. അതേസമയം, ക്വാല്‍കമിന്റെ മോഡം ബിസിനസിന് ഇത് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

 

∙ ഒറ്റ ക്യാമറ മാത്രം?

 

ഐഫോണ്‍ 14 സീരീസില്‍ പ്രധാന ക്യാമറയും അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, എസ്ഇ മോഡലില്‍ ഒരു പക്ഷേ ഒരു ക്യാമറ മാത്രമേ കണ്ടേക്കൂ എന്നാണ് കരുതുന്നത്. ഇതിന് ഒറ്റ 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ് മാത്രമായിരിക്കാം ഉണ്ടാകുക.

 

∙ ഐഒഎസില്‍ ബഗുഗകള്‍ വര്‍ധിക്കുന്നു

snapchat-
Photo: istock

 

സൈബര്‍ ക്രിമിനലുകള്‍ക്ക് ആക്രമിച്ചു കയറാവുന്ന രീതിയില്‍ ഐഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസില്‍ ബഗുകള്‍ കണ്ടു തുടങ്ങിയെന്ന് വിപിഎന്‍ഓവര്‍വ്യൂ (VPNOverview) കമ്പനിയുടെ വിശകലന വിദഗ്ധര്‍ പറയുന്നു. അടുത്തിടെ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കണ്ടെത്തിയ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആപ്പിള്‍ ഐഒഎസ് 16.3.1 പുറത്തിറക്കിയിരുന്നു. ഇത് അടിയന്തരമായി എല്ലാ ഐഫോണ്‍ ഉപയോക്താക്കളും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന് കമ്പനി നിഷ്‌കര്‍ഷിച്ചിരുന്നു. ഇതിനു ശേഷമാണ് കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങൾ ഐഒഎസില്‍ വിപിഎന്‍ഓവര്‍വ്യൂ കണ്ടെത്തിയിരിക്കുന്നത്. 

 

∙ പുതിയ സുരക്ഷാ പ്രശ്നങ്ങൾ

 

ഐഒഎസില്‍ കണ്ടെത്തിയ പുതിയ സുരക്ഷാ പ്രശ്നങ്ങൾക്ക് സിവിഇ-2023-23520, സിവിഇ-2023-23531 എന്നിങ്ങനെയാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. ഇവ പ്രയോജനപ്പെടുത്തി ആക്രമണകാരികള്‍ക്ക് ഒഎസിലെ ക്രിപ്‌റ്റോഗ്രാഫിക് സൈനിങ് പ്രോസസ് അവഗണിച്ച് ദുരുദ്ദേശപരമായ കോഡ് ഐഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ആപ്പിളിന്റെ ബ്രൗസറായ സഫാരിയുടെ വെബ്കിറ്റിലാണ് ഒരു പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ സംസാരിക്കുകയില്ലെന്നുള്ള നിലപാടിലാണ് ആപ്പിള്‍.

 

∙ ആപ്പിളിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപകരണം നിര്‍മിക്കുന്നത് ചൈനീസ് കമ്പനി?

 

ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ചൈനീസ് കമ്പനിയായ ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രി ആയിരിക്കും കമ്പനിയുടെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) ഹെഡ്‌സെറ്റും നിര്‍മിച്ചു നല്‍കുക എന്ന് നിക്കെയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിവന്ന, തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെഗാട്രോണ്‍ കമ്പനിയുടെ ഷാങ്ഹായിലെ ഡെവലപ്‌മെന്റ് ടീമിനെ ലക്‌സ്‌ഷെയര്‍ ഏറ്റെടുക്കുകയായിരുന്നു. എആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണം ഷാങ്ഹായില്‍ ആയിരിക്കും നടക്കുക. അതേസമയം, ആപ്പിളിനായി കരാടിസ്ഥാനത്തില്‍ ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ ഫോക്‌സ്‌കോണും എആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തില്‍ സഹായിക്കുന്നു. ഈ ഹെഡ്‌സെറ്റിനു വേണ്ട ഓലെഡ് പാനലുകള്‍ നിര്‍മിച്ചു നല്‍കുന്നത് സോണി കമ്പനിയാണെന്നും പറയുന്നു. പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ലക്‌സ്‌ഷെയറും ഫോക്‌സ്‌കോണും സോണിയും വിസമ്മതിച്ചുവെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

 

∙ എഐ  വികസിപ്പിക്കാന്‍ പുതിയ ടീമുമായി മെറ്റാ

 

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസിപ്പിക്കലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി ഉന്നത തല ടീം സൃഷ്ടിക്കുകയാണ് മെറ്റാ. കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ എഐ ടീം മെറ്റാ രൂപീകരിക്കുന്നതെന്നാണ് കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. പുതിയ പ്രൊഡക്ട് ടീമിന്റെ മേധാവി അഹ്‌മദ് അല്‍-ഡാഹ്‌ലി (Ahmad Al-Dahle) ആയിരിക്കും.

 

∙ ചാറ്റ്ജിപിടിയെ ഉപയോഗിക്കാൻ സ്‌നാപ്ചാറ്റും

 

എഐ ചാറ്റ്‌ബോട്ടുകളുടെ പെരുമഴയാണിപ്പോള്‍ നടക്കുന്നത്. ഓരോ കമ്പനിയും എഐ സേവനം എത്രയും വേഗം ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ പിന്തള്ളപ്പെടുമോ എന്ന ഭീതിയിലാണ്. പ്രമുഖ ആപ്പായ സ്‌നാപ്ചാറ്റും മൈ എഐ എന്ന പേരില്‍ ചാറ്റ്ജിപിടിയെ തങ്ങളുടെ ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒരുങ്ങുകയാണെന്ന് കമ്പനി മേധാവി ഇവാന്‍ സ്പീഗെല്‍ ദി വേര്‍ജിനോട് വെളിപ്പെടുത്തി. പക്ഷേ, ഇത് സ്‌നാപ്ചാറ്റ് പ്ലസ് ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ലഭ്യമാക്കുക. ഇന്ത്യയില്‍ സ്‌നാപ്ചാറ്റ് പ്ലസിന് പ്രതിമാസം 49 രൂപയാണ് വരിസംഖ്യ.

 

∙ എഐ ഭ്രമത്തിലേക്ക് സൂമും

 

തങ്ങളുടെ ഉൽപന്നങ്ങളിലും സേവനങ്ങളിലും കൂടുതല്‍ എഐ ഉള്‍ക്കൊള്ളിക്കുമെന്ന് സൂം കമ്യൂണിക്കേഷന്‍സ് വെളിപ്പെടുത്തി. 

 

∙ ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്കിന് പ്രതിമാസം 650 രൂപ

 

ഇന്ത്യയില്‍ ട്വിറ്ററിന്റെ ബ്ലൂ ടിക്ക് വേണമെന്നുള്ളവര്‍ക്ക് പ്രതിമാസം 650 രൂപ വരിസംഖ്യ നല്‍കേണ്ടിവരും. ഇത് ബ്രൗസര്‍ വഴി ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ്. അതേസമയം, ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 900 രൂപ നല്‍കേണ്ടി വരും.

 

English Summary: The iPhone SE isn't dead anymore, to be resurrected as iPhone 14 clone for next year 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com