വിഷന്‍ പ്രോ വാങ്ങണമെങ്കില്‍ എന്തൊക്കെ വേണം, ഓണ്‍ലൈനിലൂടെ എങ്ങനെ വാങ്ങാം?
Mail This Article
ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ടെക് ഉപകരണങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും പരീക്ഷണാത്മകമായ ഒന്നുമായിരിക്കും വിഷന്‍ പ്രോ എന്നാണ് വിലയിരുത്തൽ. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇതു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, 3500 ഡോളറും പോക്കറ്റിലിട്ട് കടയിലേക്കു ചെന്നാല്‍ മാത്രം പോര, ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്‌മെന്റും എടുക്കുകയും വേണം. വാങ്ങുന്ന ആളുടെ തലയുടെ വലുപ്പം അനുസരിച്ച്ക്ര മീകരണങ്ങള്‍ വരുത്താനാണ് ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരാള്‍ വാങ്ങുന്ന വിഷന്‍ പ്രോയുടെ അതേ അനുഭവം വീട്ടിലുള്ള മറ്റുള്ളവര്‍ക്കു പോലും കിട്ടണമെന്നില്ല. തുടക്കത്തില്‍ അമേരിക്കയിലെ ഏതാനും ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാത്രമായിരിക്കും ഇതു വില്‍ക്കുക.
പ്രകാശ പ്രതിരോധ കസ്റ്റമൈസേഷന്‍
ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറിൽ ഇരുത്തി നടത്തുക. അമേരിക്കയിലെ 270 ആപ്പിള്‍ സ്‌റ്റോറുകള്‍ വഴിയും വിഷന്‍ പ്രോ വില്‍ക്കുമെങ്കിലും, തുടക്കത്തില്‍ ന്യൂയോര്‍ക്കും, ലോസ് ആഞ്ചലീസും അടക്കം ഏതാനും നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകള്‍വഴി മാത്രമായിരിക്കും ലഭിക്കുക.
കാഴ്ചയ്ക്കു പ്രശ്‌നമുള്ളവരാണ് ഈ ഹെഡ്‌സെറ്റ് വാങ്ങുന്നതെങ്കില്‍, അവരുടെ കണ്ണു ഡോക്ടര്‍ നല്‍കിയിരിക്കുന്ന കുറിപ്പ് അനുസരിച്ചുള്ള ക്രമീകരണവും ആപ്പിള്‍ ചെയ്തു നല്‍കും. യുകെ, ക്യാനഡ, ചല രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വിഷന്‍ പ്രോ വില്‍പ്പനയ്‌ക്കെത്തുക 2024 അവസാനമായിരിക്കും. ഇതു പരിചയപ്പെടുത്താനുള്ള സ്റ്റാഫിനെ ട്രെയിന്‍ ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കം നടത്തേണ്ടതായുണ്ട് കമ്പനിക്ക്.
അപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയോ?
അതും ഉണ്ടാകും. മറ്റു കടകള്‍ വഴിയും 2025ല്‍ വില്‍പ്പന നടത്തും. ഇത് സാധ്യമാക്കാനായി ആപ്പിള്‍ ഒരു ഐഫോണ്‍ ആപ് വികസിപ്പിക്കുന്നുണ്ടത്രെ. ആപ്പിള്‍ സ്റ്റോറുകളില്‍ മെഷീന്‍ ഉപയോഗിച്ചാണ് വിഷന്‍ പ്രോ വാങ്ങാന്‍ വരുന്ന ആളുടെ ശിരസിന്റെ വിവരങ്ങള്‍ അളക്കുക. ഇത് സ്‌റ്റോറിലെത്താതെ അളക്കാന്‍ ശേഷിയുള്ള ആപ്പാണ് വികസിപ്പിക്കുന്നത്. ഓണ്‍ലൈനായി വിഷന്‍ പ്രോ വാങ്ങേണ്ടവരോട് ആപ് വഴി ശേഖരിച്ച തങ്ങളുടെ പ്രിസ്‌ക്രിപ്ഷന്‍ ഡേറ്റ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം
ആദ്യ വര്‍ഷം ഏകദേശം 900,000 വിഷന്‍ പ്രോ വില്‍ക്കാനായിരുന്നു ആപ്പിളിന്റെ ഉദ്ദേശം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിന്റെ പകുതിയോളം മാത്രമായിരിക്കും കമ്പനിക്കു വില്‍ക്കാനാകുക. ഇവ നിര്‍മ്മിച്ചെടുക്കാനുള്ള പ്രശ്‌നങ്ങളാണ് അതിനു കാരണം. ഇരട്ട 4കെ ഓലെഡ് പാനലുകളാണ് ഒരു ഹെഡ്‌സെറ്റിലുള്ളത്. ഇവ വേണ്ടത്ര നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. അതേസമയം, 2026ല്‍ വില കുറഞ്ഞ ഒരു വിഷന്‍ പ്രോ ആപ്പിള്‍ അവതരിപ്പിച്ചേക്കുമന്നും ശ്രുതിയുണ്ട്.
ചെറിയ ശരീരവും തലയുമുള്ളവര്‍ക്ക് അരമണിക്കൂര്‍ പോലും അണിയാന്‍ സാധിച്ചേക്കില്ല
ചെറിയ ശരീരവും ശിരസുമുള്ള ചില ആളുകള്‍ക്ക് വിഷന്‍ പ്രോ അരമണിക്കൂറൊക്കെയായിരിക്കും തുടര്‍ച്ചായി അണിയാന്‍ സാധിക്കുക എന്ന് ആപ്പിള്‍ കണ്ടെത്തിയെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ രണ്ടാരമതൊരു സ്ട്രാപ്കൂടെ ഇടുന്ന കാര്യം ആപ്പിള്‍ ഇപ്പോള്‍ പരിഗണിച്ചു വരികയാണെന്നും അതിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പറയുന്നു.
പോറല്‍ വീഴാം; ഭിത്തിയിലിടിച്ച് ഗ്ലാസ് പൊട്ടാം
വിഷന്‍ പ്രോ ഉപകരണത്തന്റെ മുന്‍ ഭാഗത്ത് പോറല്‍ വീഴാമെന്നും ആപ്പിള്‍ കണ്ടെത്തി. ഇതിനു പ്രതിരോധം ഒരുക്കാനായി അനുബന്ധ കവറുകളും മറ്റും പുറത്തിറക്കിയേക്കാമെന്നും പറയുന്നു. മറ്റൊരു പ്രശ്‌നം ഇത് അണിയുന്ന ആള്‍ ശ്രദ്ധയില്ലാതെ, മുൻ ക്യാമറകള്‍ ഓണ്‍ ചെയ്യാതെ എണീറ്റു നടന്നാല്‍ ഭിത്തിയില്‍ പോയി ഇടിക്കുന്നതാണ്. അങ്ങനെ ഇടിച്ചാല്‍ മുന്‍ ഗ്ലാസ് പൊട്ടാമെന്നും കമ്പനി കണ്ടെത്തി. ഇതിനു പരിഹാരമെന്ന നിലയില്‍ ഒരു പരിധിയിലേറെ വേഗതയില്‍ വിഷന്‍ പ്രോ അണിയുന്ന ആള്‍ നടന്നാല്‍ അപായ മുന്നറിയിപ്പു നല്‍കുമെന്നും പറയുന്നു.
ജിപിറ്റി-4 എപിഐ ആര്‍ക്കും ഉപയോഗിക്കാം
ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിറ്റി സാങ്കേതികവിദ്യയുടെ, ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് (എപിഐ) എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് ഓപ്പണ്‍എഐ. തങ്ങളുടെ എപിഐ പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നആര്‍ക്കും ജിപിറ്റി-4, ജിപിറ്റി-3.5, ഡാല്‍-ഇ, വിസ്പര്‍ എന്നിവയുടെ എപിഐ ആയിരിക്കും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം, പഴയ മോഡലുകളെല്ലാം 2024ന്റെ തുടക്കത്തില്‍ തന്നെ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിക്കുന്നു.
അഞ്ചു വര്‍ഷം കഴിഞ്ഞ് പ്രോഗ്രാമര്‍മാര്‍ക്കും പണിപോകും?
അധികം താമസിയാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല ജോലികളും ഇല്ലാതാക്കുമെന്ന കഥ കുറച്ചുകാലമായി പ്രചരിച്ചു വരുന്നതാണ്. അപ്പോഴും, താരതമ്യേന സുരക്ഷിതമാണ് പ്രോഗ്രാമര്‍മാരുടെ ജോലി എന്നാണ് പറഞ്ഞുവന്നത്. എന്നാല്‍, സ്റ്റേബ്ള്‍ ഡിഫ്യൂഷന്‍കമ്പനിയുടെ മേധാവി എമഡ് മൊസ്റ്റാക് (Emad Mostaque) പറയുന്നതു ശരിയാണെങ്കില്‍, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രോഗ്രാമര്‍മാരുടെ പണിയും ചെയ്യാന്‍ എഐക്കു സാധിക്കും. ചാറ്റ്ജിപിറ്റി തുടങ്ങിയ എഐ ടൂളുകളുടെ വളര്‍ച്ചയാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇപ്പോള്‍ തന്നെ ഗിറ്റ്ഹബില്‍നിന്നുള്ള ഡേറ്റാ പരിശോധിച്ചാല്‍ മനസിലാകുന്നത് അതില്‍ 41 ശതമാനം കോഡും എഐ സൃഷ്ടിച്ചതാണ് എന്ന് അദ്ദേഹം പറയുന്നു.
വര്‍ഷാവസാനത്തോടെ ഇന്റര്‍നെറ്റ് ഇല്ലാതെയും ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കാം
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്റര്‍നെറ്റ് ഇല്ലാതെയും സ്മാര്‍ട്ട്‌ഫോണില്‍ ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും എമഡ് പറയുന്നു. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍, സമീപകാലത്തു തന്നെ വരാന്‍പോകുന്ന സമഗ്രമാറ്റത്തിലേക്കാണ്അദ്ദേഹം വിരല്‍ചൂണ്ടുന്നത്. ഹോളിവുഡ്, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെയും ജനറേറ്റിവ് എഐ എങ്ങനെ ബാധിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കമ്പനി, എഐ കേന്ദ്രമാക്കി ഒരു സൊസൈറ്റി ഓഎസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഡിയോ, ഓഡിയോ, ഡിഎന്‍എ, കെമിക്കല്‍ റിയാക്ഷന്‍, ഭാഷ തുടങ്ങി പല മേഖലകള്‍ക്കുമുള്ള എഐ മോഡലുകള്‍ സൃഷ്ടിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞു.
ത്രെഡ്‌സ് അക്കൗണ്ട് എടുത്ത ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പെട്ടോ?
മെറ്റയുടെ ഇന്‍സ്റ്റഗ്രാം ആപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ത്രെഡ്‌സ് എന്ന പുതിയ സേവനം. ത്രെഡ്‌സില്‍ ചാടിക്കയറി അക്കൗണ്ട് എടുത്ത ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു പ്രശ്‌നം. ത്രെഡ്‌സ്ഡിലീറ്റു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് തങ്ങളുടെ ഇന്‍സ്റ്റാ അക്കൗണ്ടും കൊണ്ടേ പോകൂ! അതായത് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റു ചെയ്യാതെ ത്രെഡ്‌സ് ഡിലീറ്റു ചെയ്യാനാവില്ല. ഇക്കാര്യം പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, മെറ്റ ഇതിനൊരു പരിഹാരം ഉടന്‍ കാണുമെന്നാണ്അറിയുന്നത്.