ആ അങ്കം കുറിച്ചു, 26നു ഏറ്റുമുട്ടാമെന്നു സക്കർബർഗ്; എക്സിൽ ലൈവ് സ്ട്രീമുണ്ടെന്നു മസ്കും
Mail This Article
ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടാകുമെന്നതിനാൽ യുദ്ധം അത്ര നല്ല കാര്യമല്ല. പക്ഷേ അരശുംമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും കാവിലെ പാട്ടുമത്സരത്തിൽ ഏറ്റുമുട്ടിയതുപോലൊരു 'ജുദ്ധ'ത്തിനായുള്ള കാത്തിരിപ്പിലാണ് ടെക്ലോകം. കാരണം ഇടിക്കൂട്ടിലേക്കു ചാടിക്കയറാൻ ഒരുങ്ങി നിൽക്കുന്നവർ ചില്ലറക്കാരല്ല. എക്സ് മേധാവി ഇലോൺ മസ്കും മെറ്റ മേധാവി സക്കർബർഗുമാണ്.
ഇലോൺ മസ്‌കിനോട് പോരാടാൻ താൻ "ഇന്നാണെങ്കിലും തയ്യാറാണ്" എന്ന് മാർക് സക്കർബർഗ് പറയുന്നു, വരുന്ന ഓഗസ്റ്റ് 26 ആണ് കേജ് പോരാട്ടത്തിനായി സക്കർബർഗ് നിർദ്ദേശിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ(ട്വിറ്റർ) സംഭവത്തിന്റെ ലൈവുമുണ്ടാകുമത്രെ.സക്കർബർഗുമായി ഇടിപ്പോരാട്ടത്തിനു താൻ തയാറാണെന്ന് ജൂൺ 20നാണ് മസ്ക് ട്വീറ്റ് ചെയ്തത്.
വെല്ലുവിളി സ്വീകരിച്ച സക്കർബർഗ് ഇടിമത്സരത്തിന് എവിടെയാണ് എത്തേണ്ടതെന്ന് ഇൻസ്റ്റഗ്രാമിലൂടെ മറുചോദ്യം ഉന്നയിച്ചു. മിക്സ്ഡ് മാർഷ്യൽ ആർട്സ് പോരാട്ടവേദിയായ ‘വേഗസ് ഒക്ടഗൺ’ ആണ് മസ്ക് നിർദേശിച്ചത്. എന്നാൽ പിന്നീട് മസ്ക് വേദി മാറ്റി. മരണംവരെ പോരാട്ടം നടന്ന ചരിത്രമുളള റോമിലെ കൊളോസിയത്തിൽ വച്ചാകാം പോരാട്ടമെന്നതു തീരുമാനിച്ചു.
കാണികൾക്കായി ടിക്കറ്റ് വച്ചാകുമോ മല്ലയുദ്ധമെന്നതു വ്യക്തതയില്ല. ഫ്രീടുവാച് എന്നും മത്സരത്തിൽനിന്നുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നു മസ്ക് പറയുമ്പോൾ, ചാരിറ്റിക്കായി കൂടുതൽ വിശ്വസനീയമായ പ്ലാറ്റ്ഫോം പരിഗണിച്ചുകൂടേയെന്നൊക്കെ ഇരുവരും പരസ്പരം മത്സരിച്ചു അറിയിപ്പുകൾ നല്‍കുന്നുണ്ട്. എക്സ് ഓഫീസിനുള്ളിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വിഡിയോ പങ്കിട്ടു പരിശീലനം തുടങ്ങിയെന്നുള്ള സൂചന മസ്ക് നൽകുന്നു. സക്കര്‍ബര്‍ഗ് ജിയു-ജിറ്റ്‌സുവില്‍ ( jiu-jitsu) പരിശീലനം നേടിയ ആളുമാണ്.