ചന്ദ്രയാന്‍ 3 ലാൻഡിങ് മാറ്റുമോ? ആത്മവിശ്വാസത്തോടെ ഇസ്രോ; റഷ്യയ്ക്കു തിരിച്ചടിയായ തിടുക്കം പാഠം
Mail This Article
ചന്ദ്രയാന്‍ 3യുടെ ലാന്‍ഡര്‍ മൊഡ്യൂളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്താനായാല്‍ ചന്ദ്രനിലില്‍ ഇറങ്ങുന്നത് ഓഗസ്റ്റ് 27ലേക്കു മാറ്റിവച്ചേക്കാം എന്ന് ഇസ്രോയുടെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ് സെന്റര്‍ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഈ വിഭാഗത്തിന്റെഡയറക്ടറായ നിലേഷ് എം ദേശായി പറഞ്ഞത് തീരുമാനം ലാന്‍ഡറിന്റെയും ചന്ദ്രനിലെയും സ്ഥിതി പരിഗണിച്ച ശേഷം എടുക്കുമെന്നാണ്. ഓഗസ്റ്റ് 23ന് നിശ്ചയിരിക്കുന്ന ലാന്‍ഡിങ് സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പു മാത്രമായിരിക്കും ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. പക്ഷേ നിലവില്‍ യാതൊരു പ്രശ്‌നവും ഇല്ലാതെയാണ് ലാന്‍ഡര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രോ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. ദൗത്യം മുൻ നിശ്ചയപ്രകാരം തന്നെയെന്ന രീതിയിലാണ് നിലവിൽ മുന്നോട്ടുപോകുന്നത്
ലൂണ 25 എഞ്ചിന്‍ ഷട്ഡൗണ്‍ ആകാതിരുന്നത് പ്രശ്‌നം സൃഷ്ടിച്ചെന്ന് റഷ്യ
തകര്‍ന്നു വീണ റഷ്യന്‍ സ്‌പെയ്‌സ്‌ക്രാഫ്റ്റ് ലൂണ 25ന്റെ എഞ്ചിന്‍ വേണ്ട സമയത്ത് ഷട്ട് ഓഫ് ആകാതിരിക്കുകയും തുടര്‍ന്നും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ദൗത്യം പരാജയപ്പെടാനുള്ള കാരണമെന്ന് റോസ്‌കോസ്‌മോസ് മേധാവി യൂറി ബൊറിസോവ് വിലയിരുത്തുന്നു. റഷ്യയുടെ ബഹിരാകാശ കോര്‍പറേഷനാണ് റോസ്‌കോസ്‌മോസ്. 47 വര്‍ഷത്തിനു ശേഷമാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യം നടത്തിയത്.
ചന്ദ്രയാന്‍ 3യെ പരാജയപ്പെടുത്താനുള്ള തിടുക്കപ്പെട്ടുള്ള നീക്കം
ചന്ദ്രയാന്‍ 3 ചന്ദ്രന്റെ സൗത് പോളില്‍ ആദ്യം ഇറങ്ങുന്ന ബഹിരാകാശ പേടകം എന്ന കീര്‍ത്തി സ്വന്തമാക്കുമെന്നായിരുന്നു നേരത്തെ മുതലുള്ള വാര്‍ത്തകള്‍. ഓഗസ്റ്റ് 21 ഇറങ്ങി ചരിത്രം കുറിക്കാനുള്ള ലക്ഷ്യമായിരുന്നു റഷ്യയ്ക്ക്. അതാണ് ഇപ്പോള്‍തകര്‍ന്നത്. ചന്ദ്രയാന്‍ ദൗത്യം വിജയിച്ചാല്‍ ആ നേട്ടം ഇന്ത്യയ്ക്കായിരിക്കും. ബഹിരാകാശ മേഖലയില്‍ സ്തുത്യര്‍ഹങ്ങളായ നേട്ടങ്ങളുള്ള രാജ്യങ്ങളായ അമേരിക്കയ്ക്കും ചൈനയ്ക്കും പോലും സാധിക്കാത്ത കാര്യമായിരിക്കും ഇന്ത്യ സാധിച്ചെടുക്കുക.
ചന്ദ്രനെ അധീനതയിലാക്കാനുള്ള നീക്കം ആരംഭിച്ചെന്ന്
ലോക രാഷ്ടങ്ങള്‍ ചന്ദ്രനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതാണ് ഇപ്പോള്‍ കാണുന്നതെന്ന് റോയിട്ടേഴ്‌സ്. ചന്ദ്രോപരിതലം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അവിടെയുള്ള വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതുമെല്ലാം കണക്കിലെടുത്താണു വിവിധ രാജ്യങ്ങള്‍ നടത്തുന്ന പുതിയ ചാന്ദ്ര ദൗത്യങ്ങള്‍. റഷ്യ 47 വര്‍ഷത്തിനു ശേഷം നടത്തിയ ആദ്യ ദൗത്യം പരാജയപ്പെട്ടെങ്കിലും, അവരും ഈ മത്സരത്തില്‍ തുടര്‍ന്നും സജീവമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തതായി റഷ്യയും ചൈനയുമായി ചേര്‍ന്ന് മനുഷ്യരെ ചന്ദ്രനിലിറക്കാനുള്ളഒരു ദൗത്യത്തിനു ശ്രമിച്ചേക്കും. ചന്ദ്രനില്‍ ഒരു താവളം സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികള്‍ ഇരു രാജ്യങ്ങളും ചേര്‍ന്നോ അല്ലാതെയോ ഇട്ടേക്കും.
ഖനന സാധ്യത തേടി അമേരിക്ക
ചന്ദ്രനില്‍ ഖനനം ചെയ്താല്‍ എന്തുകിട്ടും എന്നതായിരിക്കും അമേരിക്കയുടെ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മനിസ്‌ട്രേഷന്‍ (നാസ) നടത്താനിരിക്കുന്ന അടുത്ത ദൗത്യങ്ങളില്‍ അന്വേഷിക്കുക എന്നും പറയുന്നു. ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്ക്ചില നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമാണ് അമേരിക്ക 2020ല്‍ പ്രഖ്യാപിച്ച ആര്‍ട്ടെമിസ് അക്കോര്‍ഡ്‌സ് (Artemis Accords). ഇതില്‍ റഷ്യയോ ചൈനയോ ഇതുവരെ ഒപ്പുവച്ചിട്ടില്ല. ചന്ദ്രനിലെത്തി എന്നു വീമ്പിളക്കാനുള്ള അവസരമുണ്ടാക്കാനുള്ള ശ്രമമല്ല ഇനിയുള്ള ദൗത്യങ്ങള്‍ എന്ന കാര്യം സ്പഷ്ടമാകുകയാണ്.
അഡോബി സഹസ്ഥാപകന്‍ ജോണ്‍ വാര്‍നോക് അന്തരിച്ചു
ഫോട്ടോഷോപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ അഡോബിയുടെ സഹസ്ഥാപകന്‍ ജോണ്‍ വാര്‍നോക് (82) അന്തരിച്ചു. മരണ കാരണം അറിയിച്ചിട്ടില്ല. അഡോബി കമ്യൂണിറ്റിക്കും, വ്യവസായത്തിനും ഇത് ദു:ഖ പൂര്‍ണ്ണമായ ദിവസമാണെന്ന് കമ്പനിയുടെ മേദാവി ശന്താനുനാരായെന്‍ ജോലിക്കാര്‍ക്കയച്ച ഇമെയിലില്‍ പറയുന്നു. ചാള്‍സ് ഗെച്‌കെയുമായി ചേര്‍ന്ന് 1982ലാണ് ജോണ്‍ അഡോബി കമ്പനി സ്ഥാപിച്ചത്.
240w ചാര്‍ജിങ് സ്പീഡുള്ള ഫോണ്‍ ഇറക്കാന്‍ റിയല്‍മി
അതിവേഗം ഫോണ്‍ ചാര്‍ജ് ചെയ്ത് എടുക്കാന്‍ താത്പര്യമുളളവര്‍ക്കായി പുതിയ ഫോണ്‍. റിയല്‍മി ജിടി5 മോഡലിനാണ് ഈ ശേഷി. കമ്പനിയുടെ 5-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 28ന് പുതിയ മോഡല്‍ ഇറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2ല്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്ന ഫോണിന് 24ജിബി വരെ റാമും കണ്ടേക്കുമെന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്. ബാറ്ററി 5160എംഎഎച് ആയിരിക്കും. അതേസമയം, 4600എംഎഎച് ബാറ്ററിയുള്ള മറ്റൊരു വേരിയന്റും ഉണ്ടായേക്കുമെന്നും പറയുന്നു. 50എംപി റെസലൂഷനുള്ള പ്രധാന ക്യാമറ അടക്കംപിന്നില്‍ ട്രിപ്പില്‍ ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു.
മാക്ഓഎസിന് പുതിയ അപ്‌ഡേറ്റ്
മാക്ഓഎസ് വെഞ്ചുറ 13.5.1 അപ്‌ഡേറ്റ് പുറത്തിറക്കയിരിക്കുകയാണ് ആപ്പിള്‍. സിസ്റ്റം സെറ്റിങ്‌സിലടക്കം ചില മാറ്റങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഗ്യാലക്‌സി എസ്24 സീരിസിന് 10-കോര്‍ പ്രൊസസര്‍
കരുത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കാത്ത തരത്തിലുള്ള ഒരു ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സാംസങ്. തങ്ങളുടെ ഫ്‌ളാഗ്ഷിപ് സീരിസ് ആയ എസ്24ല്‍ പ്രകടന മികവിനുള്ള ഘടകങ്ങള്‍ ഒരുമിപ്പിക്കുന്ന പണിയിലാണ് കമ്പനിയിപ്പോള്‍. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 അല്ലെങ്കില്‍ ഡിമെന്‍സിറ്റി 9300 പ്രൊസസര്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും, സ്വന്തം ചിപ്പിലും കമ്പനി പ്രതീക്ഷവയ്ക്കുന്നു. സാംസങിന്റെ സ്വന്തം പ്രൊസസറായ എക്‌സിനോസിന് ഒരു 10-കോര്‍ ചിപ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സാം മൊബൈല്‍ പ്രസിദ്ധീകരിച്ചറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനവും, മികവുറ്റ ഗ്രാഫിക്‌സ് പ്രൊസസറും, എക്‌സിനോസ് 5300 മോഡവും പ്രതീക്ഷിക്കുന്നു. ഈ മോഡത്തിന് 10ജിബിപിഎസ് വരെ ഡൗണ്‍ലോഡ് സ്പീഡും, 3.87 ജിബിപിഎസ് വരെ അപ്‌ലോഡ് സ്പീഡും പ്രതീക്ഷിക്കുന്നു. അതുപോലെ യുഎഫ്എസ് 4.0 സ്റ്റോറേജും, എല്‍പിഡിഡിആര്‍8എക്‌സ് റാമും (5.5ജിബിപിഎസ് സ്പീഡ്) ഉണ്ടായേക്കാമെന്നും പറയുന്നു.
ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ ഉടന്‍
ട്വിറ്ററിനു ബദലായി മെറ്റാ കമ്പനി അവതരിപ്പിച്ച ത്രെഡ്‌സിന് ഒരു വെബ് വേര്‍ഷന്‍ ഉടന്‍ ലഭിച്ചേക്കും. മെറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം ആണ് ത്രെഡ്‌സ് അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം മേധാവി ആഡം മൊസെറി പറഞ്ഞിരിക്കുന്നതു വെബ് വേര്‍ഷന്‍ ഇപ്പോഴും വേണ്ട മികവാര്‍ജിച്ചിട്ടില്ലെന്നാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ അറിയിക്കാം എന്ന് അദ്ദേഹം പറയുന്നു.
ലെക്‌സാര്‍ പ്രൊഫഷണല്‍ യുഎച്എസ്-2 എസ്ഡി കാര്‍ഡ് പുറത്തിറക്കി
നല്ല റൈറ്റ് സ്പീഡ് നല്‍കിയേക്കുമെന്നു കരുതുന്ന ഒരു പുതിയ സീരിസ് എസ്ഡി കാര്‍ഡ് സീരിസ്, ലെക്‌സാര്‍ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. ലെക്‌സാര്‍ പ്രൊഫഷണല്‍ 1800എക്‌സ് എസ്ഡിഎക്‌സ്‌സി യുഎച്എസ്-2 കാര്‍ഡ് ഗോള്‍ഡ് സീരിസ് എന്നാണ്ഇതിന്റെ പേര്. 210 എംബിപിഎസ് റൈറ്റ് സ്പീഡും, 280എംപിപിഎസ് റീഡ് സ്പീഡുമാണ് 64ജിബി, 128ജിബി വേരിയന്റുകള്‍ക്ക് ഉള്ളത്. തുടക്ക വേരിയന്റിന് 64ജിബി സംഭരണശേഷിയാണ് ഉള്ളത്. ഇതിന് 3,500 രൂപയാണ് വില. ഏറ്റവും കൂടിയ വേരിയന്റ് 512ജിബിയാണ്. ഇതിന് 24,000 രൂപ വില നല്‍കണം. 128ജിബി, 256ജിബി വേരിയന്റുകളും ഉണ്ട്. ഇവയ്ക്ക് യഥാക്രമം 5,900 രൂപ, 11,000 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. 256ജിബി, 512ജിബി വേരിയന്റുകള്‍ക്ക് റൈറ്റ് സ്പീഡ് 205എംബിപിഎസ് ആയി കുറയും.