വൗ! വിഷന്‍ പ്രോ മുഴുവന്‍ 'സോള്‍ഡ് ഔട്ട്'! ആപ്പിളിന് ആഹ്ലാദം
Mail This Article
ഏറെ കാത്തിരിപ്പിനു ശേഷം ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഉപകരണമായ വിഷന്‍ പ്രോ എന്ന പേരില്‍ അറിയപ്പെടുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു! ജനുവരി 19ന് വെള്ളിയാഴ്ച ആയിരുന്നു അതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. മൂന്നു വേരിയന്റുകളാണ് കമ്പനി വില്‍ക്കുന്നത്. 256ജിബി, 512ജിബി, 1ടിബി. ഇവയുടെ വില യഥാക്രമം 3,499 ഡോളര്‍(ഏകദേശം 2,90,854 രൂപ), 3,699 ഡോളര്‍(ഏകദേശം 3,07,479 രൂപ), 3,899 ഡോളര്‍(ഏകദേശം 3,24,104 രൂപ) എന്നിങ്ങനെയാണ്. ആദ്യ ഘട്ടത്തില്‍ തങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ച എണ്ണത്തിനു മുഴുവന്‍ പ്രീ ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇനി തത്കാലം ആര്‍ക്കും പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കില്ല.
വിഷന്‍ പ്രോ കൊണ്ടുനടക്കാന്‍ ഉതകുന്ന, ആപ്പിള്‍ നിര്‍മ്മിക്കുന്ന കേസ് വേണമെന്നുള്ളവര്‍ അതിന് 199 ഡോളര്‍ നല്‍കി വാങ്ങണമെന്നും കമ്പനി പറയുന്നു. അധിക ബാറ്ററി വേണമെന്നുള്ളവര്‍ അതിനും 199 ഡോളര്‍ നല്‍കണം. അണിയാന്‍ കൂടുതല്‍ ബന്‍ഡ് കൂടെ വേണമെന്നുള്ളവര്‍ 99 ഡോളര്‍ നല്‍കണം. പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് അവ ഫെബ്രുവരി 2 മുതല്‍ ലഭിച്ചു തുടങ്ങും. അടുത്ത ഘട്ട ബുക്കിങ് മാര്‍ച്ചിലായിരിക്കും.
12.9-ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയര്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കും
ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയില്‍ മികച്ച സ്വീകാര്യതയുള്ള വേരിയന്റാണ് എയര്‍. 91മൊബൈല്‍സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനി 2024ല്‍ 12.9-ഇഞ്ച് സ്‌ക്രീനുള്ളഒരു ഐപാഡ് എയര്‍ പുറത്തിറക്കിയേക്കും. യുഎസ്ബി-സി പോര്‍ട്ട് തുടങ്ങി പല ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ സ്വന്തം എം2 പ്രൊസസറായിരിക്കും ഇതിന് കരുത്തുപകരുക.
സാംസങ് എഐ എക്കാലത്തേക്കും ഫ്രീ ആയിരിക്കില്ലന്ന് സൂചന
സാംസങ് പുറത്തിറക്കിയ ഗ്യാലക്‌സി എസ്24 സീരിസിന്റെ സവിശേഷതകളിലൊന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നിര്‍മ്മിത ബുദ്ധി (എഐ) ആണ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന സൂചനകള്‍ കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് സെന്‍ട്രല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് എഐ ഫീച്ചറുകള്‍ 2025 അവസാനം വരെ മാത്രമായിരിക്കും ഫ്രീ എന്നാണ്. അതേസമയം, നിലവില്‍ ലഭ്യമായ ഫീച്ചറുകള്‍ക്കായിരിക്കില്ല പണം നല്‍കേണ്ടിവരിക എന്നുള്ള വാദവും ഉണ്ട്. ഇനി കൊണ്ടുവന്നേക്കാവുന്ന നൂതനവും മാസ്മരികവുമായി എഐ ഇന്ദ്രജാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും പണം നല്‍കേണ്ടിവരിക.
ചൊവ്വായിലേക്ക് അയച്ച ഇഞ്ജന്യുവിറ്റി മിനി-ഹെലികോപ്റ്ററിന്റെ നിയന്ത്രണം പോയെന്ന് നാസ
ചൊവ്വാ ഗ്രഹത്തില്‍ പഠനങ്ങള്‍ നടത്താന്‍ തങ്ങള്‍ അയച്ച ഇഞ്ജന്യുവിറ്റി മിനി-ഹെലികോപ്റ്ററിന്റെ നിയന്ത്രണം പോയെന്ന് നാസ. വലിയൊരു ഡ്രോണിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിച്ചെടുത്തതാണ് ഇഞ്ജന്യുവിറ്റി. നിയന്ത്രണം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും നാസ പറഞ്ഞു എന്ന് എഎഫ്പി. ഇഞ്ജന്യുവിറ്റിയുടെ 72-ാം ഫ്‌ളൈറ്റിനിടയിലാണ് വെള്ളിയാഴ്ച നിയന്ത്രണം പോയത്. ഇത് 2021ല്‍ ആണ് ചൊവ്വായില്‍ എത്തിയത്.
റഷ്യന്‍ ബന്ധമുള്ളവര്‍ ജോലിക്കാരുടെ ഇമെയില്‍ ഹാക്കു ചെയ്‌തെന്ന് മൈക്രോസോഫ്റ്റ്
തങ്ങളുടെ ജോലിക്കാരുടെ ഇമെയില്‍ റഷ്യയുമായി ബന്ധമുള്ള ഒരു സംഘം ഹാക്കു ചെയ്‌തെന്ന് അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്. തങ്ങളുടെ കോര്‍പറേറ്റ് സിസ്റ്റങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയെന്നാണ് കമ്പനി പറഞ്ഞതെന്ന് ബ്ലൂംബര്‍ഗ് റിപ്പോർട്ട് ചെയ്യുന്ന. സൈബര്‍ സുരക്ഷ, നിയമ വിഭാഗം ഈ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇമെയിലാണത്രെ ചോര്‍ത്തിയത്.
പുതിയ എഐ സൃഷ്ടിക്കാന്‍ ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ശാസ്ത്രജ്ഞര്‍ രാജിവയ്ക്കുന്നു
നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലെ ഏറ്റവും കരുത്തുറ്റ കമ്പനികളിലൊന്നാണ് ഡീപ്‌മൈന്‍ഡ്. ഇത് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു. ഡീപ്‌മൈന്‍ഡിലെ രണ്ടു പ്രമുഖശാസ്ത്രജ്ഞരായ ലോറന്റ് സിഫ്രെ, കാള്‍ ടുയില്‍സ് എന്നിവര്‍ ഇപ്പോള്‍ കമ്പനിയില്‍ നിന്ന് രാജിവച്ച് പാരിസ് കേന്ദ്രമായി പുതിയൊരു എഐ സ്റ്റാര്‍ട്ട്-അപ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞുവെന്ന് ബ്ലൂംബര്‍ഗ്.
പുതിയ കമ്പനി ആരംഭിക്കാന്‍ ഏകദേശം 220 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് ഇരുവരും ശ്രമിക്കുന്നതത്രെ. എന്നാല്‍, ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലില്ലാത്ത തരത്തിലുള്ള പുതിയൊരു എഐ മോഡല്‍ സൃഷ്ടിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. തങ്ങളുടെ ഭാവി പദ്ധതികളെപ്പറ്റി ഒന്നും വിട്ടുപറയാന്‍ ശാസ്ത്രജ്ഞര്‍ തയാറായില്ല. രാജിക്കുള്ള നോട്ടിസ് ഇരുവരും നല്‍കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എഐ പ്രൊസസര്‍ നിര്‍മ്മാണത്തിന് ഫണ്ടു ശേഖരിക്കാന്‍ ഓള്‍ട്ട്മാന്‍
കംപ്യൂട്ടിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിയേക്കാന്‍ സാധ്യതയുള്ള ഒരു നീക്കം തുടങ്ങിയിരിക്കുകയാണ് ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ടമാന്‍ എന്ന് ബ്ലൂംബര്‍ഗ്. എഐ ചിപ്പ് നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങാന്‍ ബില്ല്യന്‍ കണക്കിനു ഡോളര്‍ സമാഹരിക്കാനാണ് ഓള്‍ട്ട്മാന്‍ ഉദ്ദേശിക്കുന്നത്. ഫാക്ടറികളുടെ ഒരു നെറ്റ്‌വര്‍ക്ക് തുടങ്ങാനാണ് ലക്ഷ്യമിടുന്നതത്രെ.
എജിഐ ലക്ഷ്യമിട്ട് മെറ്റാ പ്ലാറ്റ്‌ഫോമും!
നിര്‍മ്മിത ബുദ്ധി പൊതുജനമധ്യത്തിലേക്ക് എത്തിയിട്ട് കഷ്ടി ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളു എങ്കിലും ടെക്‌നോളജി കമ്പനികളുടെ ദിശ തിരിച്ചുവിടാന്‍ പാകത്തിനുള്ള ആഘാതമാണ് അത് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സ്പഷ്ടം. തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാ കമ്പനിയും ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് എന്ന് അറിയപ്പെടുന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്‌നം നടത്താന്‍ പോകുകയാണെന്ന് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്പറയുന്നു. അടുത്ത ഘട്ടത്തില്‍ തങ്ങള്‍ക്ക് വേണ്ട തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ജനറല്‍ ഇന്റലിജന്‍സ് വേണമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞെന്ന് ബ്ലൂംബര്‍ഗ്.
എച്പി ഒമന്‍ 16 ഗെയിമിങ് ലാപ്‌ടോപ് വില്‍പ്പനയ്‌ക്കെത്തി-വില 1,60,999 രൂപ
പ്രമുഖ ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ എച്പിയുടെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്‌ടോപ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഇത് 14-ാം തലമുറയിലെ ഇന്റല്‍ ഐ7 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4070 ഗ്രാഫിക്‌സ് പ്രൊസസറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എച്പിയുടെ സ്വന്തം ഒമന്‍ ഗെയിമിങ് ഹബും ലഭ്യമാണ്. തുടക്ക വേരിയന്റിന് 1,60,999 രൂപ നല്‍കണം.
ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് കേന്ദ്രീകൃത സെല്ല്യുലര്‍ ബ്രോഡ്ബാന്‍ഡ് ആരംഭിക്കാന്‍ ഗൂഗിളും കമ്പനികളും
ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് കമ്പനി സാറ്റലൈറ്റില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് നേരിട്ടു സേവനം നല്‍കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അതിനു ശേഷം ഇപ്പോള്‍ ഗൂഗിള്‍, എടിആന്‍ഡ്ടി, വൊഡാഫോണ്‍ എന്നീ കമ്പനികള്‍ സംയുക്തമായി ഈ സാങ്കേതികവിദ്യയ്ക്കായി 155 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കാന്‍ തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് കേന്ദ്രീകൃത സെല്ല്യുലര്‍ ബ്രോഡ്ബാന്‍ഡ് സ്ഥാപിക്കാനാണ്ഗൂഗിള്‍ നേതൃത്വം നല്‍കുന്നത് എന്നാണ് സൂചന.