ADVERTISEMENT

ടെക്‌നോളജി ഉപയോഗിക്കാന്‍ അറിയാവുന്ന ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഇടക്കാല ബജറ്റ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ടെക്‌നോളജി പ്രിയരായ ജനങ്ങള്‍ക്കുള്ള സുവര്‍ണ കാലഘട്ടമാണ് വരുന്നതെന്ന് മന്ത്രി പറഞ്ഞു. യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യമാണ് ബജറ്റില്‍ അവതരിപ്പിച്ചത്. ലോണ്‍ 50 വര്‍ഷത്തേക്കായിരിക്കും.

ദീര്‍ഘകാല ഫൈനാന്‍സിങ്, റീ-ഫൈനാന്‍സിങ് ആയിരിക്കും ഇതിന്റെ സവിശേഷത. ലോണിന് പലിശ ഈടാക്കില്ല അല്ലെങ്കില്‍ കുറച്ചു പലിശ മാത്രമായിരിക്കും നല്‍കേണ്ടത് എന്നും മന്ത്രി പറഞ്ഞു. ഇതുവഴി സ്വകാര്യ മേഖലയ്ക്ക് ടെക്‌നോളജി മേഖലയിലുള്ള ഗവേഷണത്തിന് ഇറങ്ങിത്തിരിക്കാന്‍ സാധിച്ചേക്കും. യുവാക്കളുടെ ശേഷിയും ടെക്‌നോളജിയുടെ ശേഷിയും പ്രയോജനപ്പെടുത്തുന്ന പ്രോഗ്രാമുകള്‍ വേണമെന്നും മന്ത്രി പറഞ്ഞു.

യുവാക്കൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ സംരംഭകത്വ പദ്ധതികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ പ്രഖ്യാപനങ്ങളുണ്ടായേക്കാം.
ചിത്രം: PTI Photo/Shahbaz Khan
നിർമല സീതാരാമൻ, ചിത്രം: പിടിഐ/ഷഹബാസ് ഖാൻ

ഡീപ് ടെക് ടെക്‌നോളജി

പ്രതിരോധ മേഖലയില്‍ രാജ്യത്തിന് കുതിപ്പു നേടാനായി പുതിയ സ്‌കീം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് 'ഡീപ് ടെക് ടെക്‌നോളജി' ശക്തിപ്പെടുത്തുന്നതിനുവേണ്ടി ആയിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 'ആത്മ നിര്‍ഭരത' ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരും.

സോളാര്‍

വീടുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. വീടുകള്‍ക്ക് 300 യൂണിറ്റ് വരെ വൈദ്യുതി ഫ്രീയായി ഈ തരത്തിൽ എല്ലാ മാസവും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് അയോധ്യയിലെ രാം മന്ദിര്‍ സമര്‍പ്പണ സമയത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച തീരുമാനത്തെ അധിഷ്ഠിതമാക്കിയാണ്.

Image Credit: Canva AI
Image Credit: Canva AI

ടെക്‌നോളജി മേഖലയ്ക്ക് അധികം പ്രഖ്യാപനങ്ങളില്ല

ഇന്ത്യയുടെ ചരിത്രത്തില്‍ ടെക്‌നോളജിക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിച്ച ബജറ്റായിരിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന പ്രതീതിയായിരുന്നു ബജറ്റിന് മുൻപുണ്ടായിരുന്നത്. ഇടക്കാല ബജറ്റില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, നിര്‍മ്മിത ബുദ്ധി (എഐ) എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുമെന്നായിരുന്നു പല റിപ്പോര്‍ട്ടുകളും പ്രവചിച്ചിരുന്നത്. ഡിജിറ്റൽ പരിസ്ഥിതിയുടെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന നീക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതോടൊപ്പം എഐ വികസിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രോത്സാഹനങ്ങള്‍ ബജറ്റില്‍ നല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിൽ അധികം പദ്ധതി പ്രഖ്യാപനങ്ങളുണ്ടായില്ല.

ടെക് മേഖലയ്ക്കുള്ള പ്രോത്സാഹനം പരോക്ഷം

രാജ്യത്തിനെതിരെ നടന്നേക്കാവുന്ന സൈബര്‍ ആക്രമണങ്ങളുടെ മുനയൊടിക്കാനുള്ള പ്രതിരോധ സജ്ജീകരണങ്ങള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. ലോകമെമ്പാടും സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നുവിത്. ഇത്തരം ലക്ഷ്യം മന്ത്രി ബജറ്റ് അവതരണത്തില്‍ നേരിട്ട് പ്രഖ്യാപിച്ചില്ലെങ്കിലും, ടെക്‌നോളജി പ്രേമികളായ യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി വകമാറ്റുക വഴി ടെക്‌നോളജി മേഖലയ്ക്ക് പരോക്ഷമായി വളരെ പ്രാധാന്യം തന്നെയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത് എന്ന് വാദിക്കുകയും ചെയ്യാം.

Representative Image. Photo Credit : Credit:Cecilie_Arcurs / iStockPhoto.com
Representative Image. Photo Credit : Credit:Cecilie_Arcurs / iStockPhoto.com

സ്മാര്‍ട്ട്‌ഫോണ്‍ ഘടകഭാഗങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം കുറച്ചു

ബജറ്റിന് മുന്നോടിയായി തലേന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിനു വേണ്ട ചില ഘടകഭാഗങ്ങളുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിരുന്നു. 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ബാറ്ററി കവറുകള്‍, പ്രധാന ക്യാമറാ ലെന്‍സ്, പ്ലാസ്റ്റിക്കിലും, മെറ്റലിലും തീര്‍ത്ത മറ്റു മെക്കാനിക്കല്‍ ഭാഗങ്ങള്‍ തുടങ്ങിയവയ്ക്കാണ് നികുതി കുറച്ചത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണത്തിനുള്ള ഘടകഭാഗങ്ങള്‍ക്കാണ് ഇളവ്. 

ഈ നീക്കം പ്രതീക്ഷിച്ച ഒന്നായിരുന്നു. കുറേ മാസങ്ങളായി സർക്കാർ ഇത്തരം ഇളവ് നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയിരുന്നു. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളോട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ എതിരിടണമെങ്കില്‍ ഇത്തരം ഒരു നീക്കം കൂടിയേ തീരൂ എന്ന് സർക്കാർ നിഗമനത്തിലെത്തിയിരുന്നു. ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്ക് പുതിയ നികുതിയിളവ് ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തു നിന്നുള്ള സ്മാര്‍ട്ട്‌ഫോൺ കയറ്റുമതി വര്‍ദ്ധിപ്പിക്കാമെന്നതാണ് രാജ്യത്തിന് കിട്ടുന്ന ഗുണം. ഇതും ടെക്‌നോളജി മേഖലയ്ക്ക് കേന്ദ്രത്തിന്റെ പ്രോത്സാഹനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com