എഐ യുദ്ധത്തിൽ പതറി ഗൂഗിൾ, സുന്ദർ പിച്ചൈയുടെ പണി പോകുമോ?
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എഐ) കാരണം പണി പോകുമോയെന്ന ആശങ്ക സാധാരണക്കാരന് മാത്രമല്ല സാക്ഷാൽ സുന്ദർ പിച്ചൈയേയും ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഐഐ യുദ്ധക്കളത്തിലേക്ക് ‘ജെമിനൈ’എന്ന പേരിലുള്ള തങ്ങളുടെ പോരാളിയെ ഇറക്കി പുലിവാല് പിടിച്ചിരിക്കുകയാണ് പിച്ചൈയും ഗൂഗിളും. രണ്ടാം ലോകയുദ്ധത്തിൽ
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എഐ) കാരണം പണി പോകുമോയെന്ന ആശങ്ക സാധാരണക്കാരന് മാത്രമല്ല സാക്ഷാൽ സുന്ദർ പിച്ചൈയേയും ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഐഐ യുദ്ധക്കളത്തിലേക്ക് ‘ജെമിനൈ’എന്ന പേരിലുള്ള തങ്ങളുടെ പോരാളിയെ ഇറക്കി പുലിവാല് പിടിച്ചിരിക്കുകയാണ് പിച്ചൈയും ഗൂഗിളും. രണ്ടാം ലോകയുദ്ധത്തിൽ
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എഐ) കാരണം പണി പോകുമോയെന്ന ആശങ്ക സാധാരണക്കാരന് മാത്രമല്ല സാക്ഷാൽ സുന്ദർ പിച്ചൈയേയും ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഐഐ യുദ്ധക്കളത്തിലേക്ക് ‘ജെമിനൈ’എന്ന പേരിലുള്ള തങ്ങളുടെ പോരാളിയെ ഇറക്കി പുലിവാല് പിടിച്ചിരിക്കുകയാണ് പിച്ചൈയും ഗൂഗിളും. രണ്ടാം ലോകയുദ്ധത്തിൽ
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എഐ) കാരണം പണി പോകുമോയെന്ന ആശങ്ക സാധാരണക്കാരന് മാത്രമല്ല സാക്ഷാൽ സുന്ദർ പിച്ചൈയേയും ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഐഐ യുദ്ധക്കളത്തിലേക്ക് ‘ജെമിനൈ’എന്ന പേരിലുള്ള തങ്ങളുടെ പോരാളിയെ ഇറക്കി പുലിവാല് പിടിച്ചിരിക്കുകയാണ് പിച്ചൈയും ഗൂഗിളും. രണ്ടാം ലോകയുദ്ധത്തിൽ ജർമനിയുടെ സൈനിക യൂണിഫോമിട്ട് ഏഷ്യൻ സ്ത്രീ, മാർപാപ്പയുടെ ചിത്രം ചോദിച്ചാൽ ഇരുണ്ട നിറമുള്ള വനിതാ പോപ്പ്’, പ്രസിദ്ധരായ സ്കാൻഡിനേവിയൻ വൈക്കിങ് നാവികരുടെ സ്ഥാനത്ത് കറുത്തവർഗക്കാരായ വൈക്കിങ്ങുകൾ..തുടങ്ങി ചരിത്രബോധവും വകതിരിവുമില്ലാത്ത മറുപടികൾ കാരണം ജെമിനൈയുടെ ഇമേജ് ജെനറേറ്റിങ് (ഉപയോക്താവിന്റെ നിർദേശങ്ങൾ അനുസരിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സംവിധാനം) സംവിധാനത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കേണ്ടിവന്നു ഗൂഗിളിന്. അതുംപോരാഞ്ഞ് ‘വംശീയ വിരോധി’ എന്ന ചീത്തപ്പേരും. ഇന്നലത്തെ മഴയത്തു കിളിർത്ത ആന്ത്രോപിക്കിന്റെ ക്ലൗഡിനും ഓപ്പൺ ഐഐയുടെ ചാറ്റ് ജിപിടിക്കും മുന്നിൽ അടിപതറുകയാണ് ഇൻറർനെറ്റ് സംസ്കാരത്തിന്റെ തലതൊട്ടപ്പനായ ഗൂഗിളിന്.
എന്താണ് ജെമിനൈ
ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിൾ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ജെമിനൈ. ഗൂഗിളിന്റെ എഐ റിസർച്ച് ലാബായ ഡീപ് മൈൻഡാണ് ജെമിനൈയുടെ നിർമാണത്തിന് പിന്നിൽ. ഗൂഗിളിന്റെ തന്നെ മുൻ ചാറ്റ്ബോട്ടായ ബാർഡിനെ (BARD) റീബ്രാൻഡ് ചെയ്താണ് ജെമിനൈ എന്ന പേരിൽ പുറത്തിറക്കിയത്. ഗൂഗിൾ തന്നെ വികസിപ്പിച്ചെടുത്ത ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻ (ലാംഡ) കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബാർഡ് വാക്കുകളിലൂടെയുള്ള നിർദേശങ്ങൾ (ടെക്സ്റ്റ് പ്രോംപ്‌ട്) അനുസരിച്ച് പുതിയ വിവരങ്ങൾ നൽകുന്ന ചാറ്റ് ബോട്ടായിരുന്നു. എന്നാൽ ടെക്സ്റ്റ് കൂടാതെ കമ്പ്യൂട്ടർ കോഡ്, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ തുടങ്ങിയവയും മനസിലാക്കാനും അനുസരിച്ച് ടെക്സ്റ്റും ചിത്രങ്ങളും വീഡിയോയും ഓഡിയോയുമെല്ലാം നിർമിക്കാനും കഴിയുന്ന മൾട്ടിമൊഡാൽ എഐ ആയിട്ടായിരുന്നു ജെമിനൈയുടെ രൂപകല്പന. ജെമിനൈ 1.0 എന്നറിയപ്പെട്ട ആദ്യ വേർഷനിൽ അൾട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് സൈസുകളിൽ ജെമിനൈ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു.
പ്രിയം കറുപ്പിനോട്, ജെമിനൈ പിടിച്ച പുലിവാല്
‘ഗൂഗിൾ എഐയുടെ ഏറ്റവും മികച്ച മോഡൽ’–എന്നാണ് 2023 ഡിസംബർ 6ന് ജെമിനൈയെ പരിചയപ്പെടുത്തിക്കൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത്. ഫെബ്രുവരി ഒന്നുമുതൽ ജെമിനൈ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. എന്നാൽ രണ്ടാഴ്ചപോലും പിന്നിടുന്നതിനു മുമ്പ് ജെമിനൈയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളുയർന്നു. ജെമിനൈയുടെ ഇമേജ് ജനറേറ്റിങ് സംവിധാനത്തിനെതിരേയാണ് പരാതികൾ. വെളുത്തനിറമുള്ളവരെ കാണിക്കാൻ ജെമിനൈയ്ക്ക് വിമുഖതയെന്നതായിരുന്നു പ്രധാന ആരോപണം. അവാസ്തവവും ചരിത്രത്തെ നിഷേധിക്കുന്നതുമായ റിസൾട്ടുകളെന്നതാണ് രണ്ടാമത്തേത്. ഇവയെല്ലാം ശരിയുമായിരുന്നു.
ഉദാഹരണത്തിന് 1943ലെ ജർമൻ സൈനികരുടെ ചിത്രം ആവശ്യപ്പെട്ടപ്പോൾ ജെമിനൈ നൽകിയ ഇരുണ്ടചർമമുള്ള ഏഷ്യക്കാരുടെ സൈനികസംഘത്തെയാണ്. ഒരു ഉപയോക്താവ് 1800കളിലെ യുഎസ് സെനറ്റർമാരുടെ ചിത്രമാവശ്യപ്പോൾ കിട്ടിയത് കറുത്തനിറമുള്ള സ്ത്രീയുടെ ചിത്രം. 1800കളിൽ യുഎസ് സെനറ്ററായി സ്ത്രീകളുണ്ടായിരുന്നില്ലെന്ന് മാത്രമല്ല 1922ൽ ആദ്യത്തെ വനിതാ സെനറ്ററായത് റെബേക്കാ ആൻ ഫെൽട്ടണെന്ന വെളുത്തവർഗക്കാരിയാണെന്നത് ചരിത്രം. അമേരിക്കയുടെ സ്ഥാപകപിതാക്കളുടെ ചിത്രമാവശ്യപ്പോൾ കിട്ടിയതും കറുത്തചർമമുള്ള സുന്ദരിയെ. പിതാവിനെയും മാതാവിനെയും തമ്മിൽ തിരിച്ചറിയാത്ത നിഷ്കളങ്കയാണോ ജെമിനൈയെന്ന് ചോദ്യമുയർന്നു. ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമനി തുടങ്ങി എല്ലാ രാജ്യക്കാരുടെയും ചർമത്തിന് ഇരുണ്ടനിറമെന്നാണ് ജെമിനൈ പറയുന്നത്. മറ്റൊരു ഉപയോക്താവ് മാർപാപ്പയുടെ ചിത്രമാവശ്യപ്പെട്ടപ്പോൾ ജെമിനൈ കൊടുത്തത് പോപ്പിന്റെ തൊപ്പിയണിഞ്ഞ ഇരുനിറക്കാരിയായ സ്ത്രീയുടെ ചിത്രം. ഇത്തരത്തിൽ ജെമിനൈൻ മണ്ടത്തരങ്ങളുടെ സ്ക്രീൻഷോട്ടുകളുടെ ഘോഷയാത്രയായിരുന്നു രണ്ടാഴ്ചയോളം സാമൂഹികമാധ്യമങ്ങളിൽ. വെളുത്തവർഗക്കാരുടെ ചിത്രമാവശ്യപ്പെട്ടപ്പോൾ ഏതെങ്കിലും വംശത്തെയോ നിറത്തെയോ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ചിത്രം നൽകാൻ കഴിയില്ലെന്നു പറഞ്ഞ ജെമിനൈ കറുത്തവർഗക്കാരുടെ കുടുംബചിത്രം ഒരു മടിയുമില്ലാതെ ജനറേറ്റ് ചെയ്ത് നൽകിയതായി മറ്റൊരു ഉപയോക്താവ് പറയുന്നു. വെളുത്തതൊലിയുള്ളവർ ഈ ലോകത്ത് നിൽനിൽക്കുന്നുവെന്ന് ഗൂഗിൾ അംഗീകരിക്കേണ്ടതുണ്ടെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്.
ഇമേജിൽ മാത്രമല്ല പ്രശ്നം
ജെമിനൈയുടെ ഇമേജ് ജനറേറ്റിങ് സംവിധാനത്തിലാണ് പ്രശ്നമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും വാക്കുകളിലൂടെയുള്ള റിസൾട്ടുകളിലും തെറ്റുകളും പക്ഷപാതവും കടന്നുകൂടുന്നുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ജെമിനൈയിൽ വന്ന പരാമർശം ഇന്ത്യയിൽ വലിയ ചർച്ചയായിരുന്നു. മോദി ഫാസിസ്റ്റാണോയെന്ന ചോദ്യത്തിന് ചില വിദഗ‌്ധർ അദ്ദേഹത്തെ ഫാസിസ്റ്റെന്ന് വിളിക്കുന്നുണ്ടെന്നായിരുന്നു മറുപടി. എന്നാൽ യുക്രെയിൻ പ്രസിഡൻറ് വൊളോഡിമിർ സെലെൻസ്കി ഫാസിസ്റ്റോണോയെന്ന ചോദ്യത്തിന് അതൊരു സങ്കീർണമായ ചോദ്യമാണെന്നും ലളിതമായി ഉത്തരം നൽകാനാവില്ലെന്നും ട്രംപിനെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചപ്പോൾ ഗൂഗിൾ സേർച്ചിനെ ആശ്രയിക്കാനുമായിരുന്നു പ്രതികരണം. അമേരിക്കയുടെ ആശ്രിതരോട് പക്ഷപാതം പുലർത്തുന്ന തരത്തിലാണ് ജെമിനൈയുടെ പ്രവർത്തനമെന്ന് ചിലർ എക്സിൽ പറഞ്ഞു. ഇത്തരം പരാമർശങ്ങളിലൂടെ ഗൂഗിൾ ഇന്ത്യൻ ഐടി, ക്രിമിനൽ നിയമങ്ങൾ ലംഘിച്ചിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ പ്രതികരിച്ചിരുന്നു.
ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിനാണോ അഡോൾഫ് ഹിറ്റ്‌ലർക്കാണോ കൂടുതൽ പ്രതികൂല പ്രതിച്ഛായയുള്ളതെന്ന ചോദ്യത്തിന് ‘വ്യത്യസ്ത കാരണങ്ങളാൽ രണ്ടുപേരും മോശം പ്രതിച്ഛായയുണ്ടാക്കിയിട്ടുള്ളതിനാൽ ആരാണ് കൂടുതൽ പ്രതികൂല സ്വാധീനം ചെലുത്തിയതെന്ന് പറയാൻ ബുദ്ധിമുട്ടാണ് ’– എന്നായിരുന്നു മറുപടി. ഭ്രാന്തനും വർണവെറിയനും പുരോഗമന വിരോധിയുമായ എഐയാണ് സൃഷ്ടിച്ചതെന്നായിരുന്നു മസ്‌ക് ഇതിനോട് പ്രതികരിച്ചത്. മറ്റ് ഒട്ടേറെ പ്രമുഖരും ജെമിനൈയ്ക്കെതിരേ രംഗത്തെത്തി.
പിഴച്ചതെവിടെ
പ്രതിഷേധം ശക്തമായതോടെ ഫെബ്രുവരി 22ന് ആളുകളുടെ ചിത്രം ജനറേറ്റ് ചെയ്യുന്ന ജെമിനൈയുടെ സംവിധാനം ഗൂഗിൾ മരവിപ്പിച്ചു. പിറ്റേദിവസം ജെമിനൈയുടെ ഇമേജ് ജനറേറ്റിങ് സംവിധാനത്തിൽ പിഴവുണ്ടെന്ന് സമ്മതിച്ച് ഗൂഗിൾ സീനിയർ വൈസ് പ്രസിഡൻറ് പ്രഭാകർ രാഘവൻ ഒരു ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചു. ചിത്രങ്ങൾ നിർമിച്ചതിൽ പിഴവുണ്ടായെന്ന് സമ്മതിക്കുന്ന, തെറ്റ് കണ്ടെത്തിയ ഉപയോക്താക്കൾക്ക് നന്ദി പറയുന്ന പോസ്റ്റിൽ പിഴവിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത്തേത് പരീക്ഷണഘട്ടത്തിൽ ഉണ്ടായ പിഴവും രണ്ടാമത്തേത് അമിത ജാഗ്രതയും.
പ്രഭാകർ രാഘവന്റെ വാക്കുകൾ ഇങ്ങനെ ‘ആദ്യത്തേത്, എല്ലാ വിഭാഗത്തിലും പെട്ടയാളുകളെ കാണിക്കണമെന്നും ഏതെങ്കിലും പ്രത്യേകശ്രേണിയിൽപ്പെട്ട ആളുകളെ മാത്രമായി കാണിക്കരുതെന്നും ഉറപ്പുവരുത്തുന്നതിൽ പരീക്ഷണഘട്ടത്തിൽ പിഴവുണ്ടായി. രണ്ടാമതായി, ഞങ്ങൾ ലക്ഷ്യമിട്ടതും കടന്ന് അമിത ജാഗ്രത പുലർത്തിക്കൊണ്ട് ജെമിനൈ തീർത്തും നിരുപദ്രവകരമായ പ്രോംപ്റ്റുകളെ വികാരം വ്രണപ്പെടുത്തുന്നതെന്ന് തെറ്റിദ്ധരിക്കുകയും ഉത്തരം നൽകാൻ വിസമ്മതിക്കുകയും ചെയ്തു.’. ജെമിനൈയുടെ പിഴവ് ഗൂഗിളിന് വലിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഡീപ്‌മൈൻഡ് സിഇഒ ഡെമിസാ ഹസാബിസ് പ്രഖ്യാപിച്ചത്.
പിച്ചൈ പുറത്താകുമോ?
ജെമിനൈ നാണക്കേടുണ്ടാക്കിയതോടെ ഗൂഗിൾ സിഇഒ സ്ഥാനത്തുനിന്ന് പിച്ചൈയെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. ഇങ്ങനെയൊരു നേതൃത്വവുമായി ഗൂഗിൾ എങ്ങനെയാണ് ഭാവിയിൽ മുന്നേറുകയെന്ന സംശയവും ഇൻറർനെറ്റ് അനലിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്നു. ജെമിനൈ പ്രശ്നത്തോടെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരിമൂല്യത്തിൽ 4% ഇടിവുണ്ടായത് ഓഹരിയുടമകളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇവരിൽ ചിലരും പിച്ചൈയുടെ രാജിയാവശ്യപ്പെട്ടതായാണ് സൂചന. എഐ പരീക്ഷണത്തിലെ തിരിച്ചടി കൂടാതെ ഗൂഗിളിലെ പിരിച്ചുവിടലിനെതിരേ ജീവനക്കാർ നടത്തുന്ന പ്രതിഷേധവും പിച്ചൈയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2023ൽ 12000ത്തിലേറെ ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. ഇക്കൊല്ലം സുരക്ഷാ ടീമിൽനിന്ന് 250 പേരെ പുറത്താക്കാൻ നീക്കം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ഗൂഗിളിനകത്തുനിന്നും പുറത്തുനിന്നുമുള്ള രാജി സമ്മർദത്തെ അതിജീവിക്കാൻ പിച്ചൈയ്ക്കാകുമോ എന്ന് കാത്തിരുന്നു കാണണം. പിച്ചൈ പുറത്തായാലും ഇല്ലെങ്കിലും എഐ വലിയതോതിൽ സമൂഹത്തെ സ്വാധീനിക്കുന്ന കാലത്ത് കച്ചവടതാൽപര്യം മാത്രം മുന്നിൽക്കണ്ട് പൂർണമായും സജ്ജമാകാത്ത പകുതിവെന്ത എഐ മാതൃക പുറത്തിറക്കിയതിൽ പിച്ചൈയും ഗൂഗിളും ലോകത്തോട് മറുപടി പറയേണ്ടി വരും.