ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ പ്രതിമാസം 1000 രൂപ? കീബോഡ് മാക്കും വരും?
Mail This Article
തങ്ങളുടെ പ്രിയപ്പെട്ട കമ്പനിയുടെ ഉപകരണങ്ങളില്‍ ആദ്യമായി നിര്‍മ്മിത ബുദ്ധി (എഐ) പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് ഉത്സാഹഭരിതരാണ് ആപ്പിള്‍ ഫാന്‍സ്. എന്നാല്‍, ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ നല്‍കാന്‍ പോകുന്ന എഐ ഫീച്ചറുകളുടെ പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കമ്പനി മാസവരി ഈടാക്കിയേക്കാം എന്ന് സൂചന. ഇത് പ്രതിമാസം 10-20 ഡോളര്‍ വരെ ഒക്കെ ആയിരിക്കാമെന്നാണ് ഒരു വിശകലന വിദഗ്ധന്‍ പ്രവചിക്കുന്നതെന്ന് സിഎന്‍ബിസി.
ആപ്പിള്‍ വണ്ണിനൊപ്പവും ലഭിച്ചേക്കും
അതേസമയം, ഇത് 'ആപ്പിള്‍ വണ്‍' പാക്കിന് ഒപ്പം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവിപ്ലസ്, ആപ്പിള്‍ ന്യൂസ് ക്ലൗഡ് സംഭരണം തുടങ്ങിയവ അടക്കമാണ് പാക്കില്‍ നല്‍കുന്നത്. ആപ്പിള്‍ വണ്ണിന്റെ തുടക്ക പാക്കിന് ഇപ്പോള്‍ പ്രതിമാസം 19.95 ഡോളറാണ് നല്‍കേണ്ടത്. അതിനു പുറമെ, ഫാമിലി, പ്രീമിയര്‍ എന്ന പേരില്‍ രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പാക്കുകള്‍ കൂടെയുണ്ട്.
എഐക്ക് വരിസംഖ്യ പ്രതീക്ഷിക്കാമെന്ന് പൊതുവെ അഭിപ്രായം
തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ആപ്പിള്‍ വില വര്‍ദ്ധിപ്പിച്ചു കൊണ്ടുപോകുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ നേരിടുകയാണല്ലോ ഐഫോണ്‍ നിര്‍മ്മാതാവ് ഇപ്പോള്‍. അപ്പോള്‍ പിന്നെ സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ സര്‍വിസ് മേഖലയില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാമെന്ന ചിന്ത കമ്പനിക്ക് ഉണ്ടായിരിക്കാം.
ആപ്പിളിന്റെ സര്‍വിസസ് വിഭാഗം ജൂണില്‍ അവസാനിച്ച പാദത്തില്‍ നേടിയത് 24.2 ബില്ല്യന്‍ ഡോളര്‍ വരുമാനമാണ്. ഈ വിഭഗത്തില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത കമ്പനി ആരായുക തന്നെ ചെയ്‌തേക്കുമെന്നും, ആപ്പിള്‍ ഇന്റലിജന്‍സിന് മാസവരി വാങ്ങിയേക്കുമെന്നും വാദമുണ്ട്.
ഉപയോക്താക്കളെ തളച്ചിടാം
ആപ്പിള്‍ ഇന്റലിജന്‍സ് വളരെ വ്യക്തിഗതമായ ഉത്തരങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ളതായിരിക്കും. അങ്ങനെ വരുമ്പോള്‍ ഇതേ സേവനം ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കില്ലാത്തതിനാല്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ പരിസ്ഥിതിയില്‍ തന്നെ കടിച്ചുതൂങ്ങാന്‍ നിര്‍ബന്ധിതരായേക്കും. ആപ്പിള്‍ എഐ വ്യക്തിയെ മനസിലാക്കി തന്നെ ഉത്തരങ്ങള്‍ നല്‍കിയേക്കും എന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിലെ നീല്‍ ഷായും പ്രവചിക്കുന്നത്.
ഐഓഎസ് 17.6.1 പുറത്തിറക്കി
ഐഫോണ്‍, ഐപാഡ്, മാക് ഉപയോക്താക്കള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്. മാക്ഓഎസ് സോനോമ 14.6, ഐഓഎസ്, ഐപാഡ്ഓഎസ് 17.6.1 എന്നിവയാണ് പുറത്തിറക്കിയിരിക്കന്നത്. ഈ അപ്‌ഡേറ്റില്‍ ബഗുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍, ഐഓഎസ് 18ന് മുമ്പുള്ള അവസാന അപ്‌ഡേറ്റായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു.
കീബോഡ് മാക് അവതരിപ്പിക്കുമോ?
ആപ്പിള്‍ തങ്ങളുടെ എക്‌സ്റ്റേണല്‍ കീബോഡിനുളളില്‍ മാക് കംപ്യൂട്ടറിന്റെ സാമഗ്രികള്‍ കുത്തിനിറച്ചാല്‍ എങ്ങനെയിരിക്കും? ഇപ്പോള്‍ വില്‍ക്കുന്ന മാക് മിനി തന്നെ കൊച്ചു കംപ്യൂട്ടറാണല്ലോ. ഒപ്പം ഒരു കീബോഡും, മൗസും, ഡിസ്‌പ്ലെയും ഉണ്ടെങ്കില്‍ എവിടെയിരുന്നും പ്രവര്‍ത്തിപ്പിക്കാവുന്ന കൊച്ചു മാക് യൂണിറ്റ്.
കമ്പനി ഇപ്പോള്‍ നേടിയിരിക്കുന്ന പുതിയ പേറ്റന്റ് പ്രകാരം കീബോഡിന്റെ വലിപ്പമുള്ള ഒരു ഉപകരണത്തില്‍ മാക്കിന്റെ മുഴുവന്‍ ഫങ്ഷണാലിറ്റിയും കൊണ്ടുവരാനുള്ള ഉദ്ദേശമാണ് ഉള്ളതെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍. ഇതാദ്യമായല്ല കീബോഡിനുള്ളില്‍ കംപ്യൂട്ടര്‍ എന്ന ആശയം ആപ്പിള്‍ പ്രാവര്‍ത്തികമാക്കുന്നത്. ആപ്പിള്‍ 2 ഇതിന് ഒരു ഉദാഹരണമാണ്. മറ്റു കമ്പനികളും 1980കളില്‍ ഇത്തരം ഉപകരണങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്നു. ഉദാഹരണം വിഐസി-20.
നെറ്റ്ഫ്‌ളിക്‌സിനു പിന്നാലെ പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിക്കാന്‍ ഡിസ്‌നിയും
പ്രമുഖ കണ്ടെന്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് പങ്കുവയ്ക്കുന്നത് അവസാനിപ്പിച്ചത് ഇതുവരെ കമ്പനിക്ക് ഗുണകരമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ നെറ്റ്ഫ്‌ളിക്‌സിന്റെ വഴിയെ പോകാന്‍ ഒരുങ്ങുകയാണ് മറ്റൊരു പ്രമുഖ പ്ലാറ്റ്‌ഫോമായ ഡിസ്‌നിയും. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അമേരിക്കയില്‍ പ്ലാറ്റ്‌ഫോം ഷെയറിങ് അവസാനിപ്പിക്കും എന്നാണ് ദി വേര്‍ജിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എന്നുമുതലായിരിക്കും ഇത് എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആര്‍കെയ്ന്‍ സീസണ്‍ 2 ലീക് ആയി
സ്ട്രീമിങ് ആരംഭിക്കാനിരിക്കെ നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് ആനിമേറ്റഡ് ഡ്രാമ ആയ ആര്‍കെയ്ന്‍ (Arcane) സീസണ്‍ 2 ഓണ്‍ലൈനില്‍ ലീക് ആയെന്ന് എന്‍ഗ്യാജറ്റ്. ഇതേക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോള്‍ വിവരം ലഭിച്ചു എന്നും, ഇതില്‍ ഞങ്ങള്‍ എത്രമാത്രം ദു:ഖിതരാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നും സീരിസിന്റെ നിര്‍മ്മാണ കമ്പനിയായ ഫോര്‍ട്ടിഷ് പ്രതികരിച്ചു. സീസണ്‍ 2ന്റെ ആദ്യ ഭാഗം മുഴുവനാണ് ലീക് ആയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ചോര്‍ന്ന എപ്പിസോഡുകള്‍ പൂര്‍ണ്ണമല്ലെന്നും പറയുന്നു.
ഡാല്‍-ഇ 3 ഇപ്പോള്‍ ഫ്രീ!
എഐ ഇമേജ് ജനറേഷനില്‍ തത്പരരായവര്‍ക്ക് സന്തോഷകരമായ വാര്‍ത്ത! പ്രമുഖ എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ പരിചയപ്പെടുത്തിയ എഐ ഇമേജ് ജനറേറ്ററായ ഡാല്‍-ഇ 3 (DALL-E 3) ഇപ്പോള്‍ ആര്‍ക്കും ഫ്രീയായി ഉപയോഗിക്കാം. പ്രതിദിനം രണ്ട് ഇമേജുകള്‍ മാത്രമെ ജനറേറ്റ് ചെയ്യാന്‍ അനുവദിക്കൂ എന്നുള്ള പരിമിതിയുണ്ട്.
ഒരു കമാന്‍ഡ് എഴുതി നല്‍കിയാല്‍ അതിനനുസരിച്ചുള്ള ഇമേജ് സൃഷ്ടിച്ചു നല്‍കുകയാണ് ഡാല്‍-ഇ ചെയ്യുന്നത്. ഡാല്‍-ഇ 3 ആദ്യം അവതരിപ്പിച്ചത് 2023 സെപ്റ്റംബറിലായിരുന്നു. ഇതുവരെ ചാറ്റ്ജിപിറ്റി പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനു മാത്രമായിരുന്നു ഇത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്.
ഡാല്‍-ഇ 3യുടെ പിരിമിതി ഭേദിക്കണോ? വഴിയുണ്ട്
ഡാല്‍-ഇ 3 പ്രതിദിനം രണ്ട് ഇമേജുകള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ അനുവദിക്കുന്നത് എന്നു പറഞ്ഞല്ലോ. കൂടുതല്‍ ഇമേജുകള്‍ സൃഷ്ടിക്കണമെന്നുള്ളവര്‍ക്ക്, ഇതേ സാങ്കേതികവിദ്യ തന്നെ പ്രവര്‍ത്തിക്കുന്ന ബിങ് ചാറ്റ് (Bing Chat) പ്രയോജനപ്പെടുത്താം. പ്രതിദിനം 25 ചിത്രങ്ങള്‍ സൃഷ്ടിക്കാം. അതിനു ശേഷം പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുമെന്നു മാത്രം.
ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒറ്റ പോസ്റ്റില്‍ 20 ചിത്രങ്ങള്‍
ഒറ്റ പോസ്റ്റില്‍ അപ്‌ലോഡ് ചെയ്യാവുന്ന ചിത്രങ്ങളുടെ എണ്ണം ഇരട്ടിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ 20 ഫോട്ടോകള്‍ വരെ ഒരു തവണ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുമെന്ന് കമ്പനി പറഞ്ഞു എന്ന് എന്‍ഗ്യാജറ്റ്.