ADVERTISEMENT

ഫിൻലൻഡിലുള്ള ടാറ്റൂപ്രിയയായ വനിതയാണ് കാറിന വൂറിനെൻ. 30 വയസ്സുള്ള കാറിന ഈയടുത്ത് തന്റെ കാലിൽ ഒരു ടാറ്റൂ ചെയ്തു. എന്നാൽ ടാറ്റൂ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആർട്ടിസ്റ്റ് ആ വിവരം പറഞ്ഞത്. ഈ ടാറ്റൂ താൻ ഡിസൈൻ ചെയ്തത് എഐ സഹായത്തോടെയാണ്. കാറിനയ്ക്ക് സഹിച്ചില്ല. അവർ കുപിതയായി ആർട്ടിസ്റ്റിനെ വഴക്കുപറഞ്ഞു. പക്ഷേ ടാറ്റൂ പൂർത്തിയാക്കാൻ അദ്ദേഹത്തെ അനുവദിച്ചു. എഐ ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്ന ടാറ്റുവിനൊന്നും ഒരു ആത്മാവ് ഉണ്ടാകില്ലെന്നാണ് കാറിനയുടെ അഭിപ്രായം. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുകയാണ്. ടാറ്റൂ അടിക്കുന്നതിൽപോലും അതിന്റെ ഇടപെടൽ ഉണ്ടായിക്കഴിഞ്ഞു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ജനറേറ്റീവ് എഐ ഉപയോഗിച്ച് ടാറ്റൂ ഡിസൈൻ ചെയ്യുന്ന പല ആപ്പുകളും പ്ലാറ്റ്ഫോമുകളും ഇന്നു സുലഭമായുണ്ട്.

491837154

ശരീരത്തിൽ പച്ചകുത്തുക അഥവാ ടാറ്റൂ ചെയ്യുക ഇന്നത്തെ ലോകത്ത് വളരെ സാധാരണമാണ്. പല നടൻമാരും മോഡലുകളും സാധാരണക്കാരുമൊക്കെ ഇന്ന് ടാറ്റൂ ചെയ്യുന്നുണ്ട്. ഭംഗിയും സ്‌റ്റൈലും കൂട്ടാനായാണു പലരും ടാറ്റൂ ചെയ്യുന്നത്. എന്നാൽ ടാറ്റൂ ഒരു പുതിയ ഏർപ്പാടല്ല എന്ന് നമുക്കറിയാം. 

ചരിത്രകാലം മുതൽ തന്നെ ടാറ്റൂ പല ഗോത്രങ്ങളിലും, പ്രത്യേകിച്ച് അമേരിക്കൻ വൻകരകളിലെ ആദിമ ഗോത്രങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഭംഗി കൂട്ടുന്നതിനപ്പുറം ആചാരങ്ങളുടെ ഭാഗമായാണ് ഈ ഗോത്രങ്ങൾ ശരീരത്തിൽ പച്ചകുത്തിയത്.

ഈ ടാറ്റൂ പ്രക്രിയയ്ക്ക് കുറഞ്ഞത് അയ്യായിരത്തിലേറെ വർഷം പഴക്കമുണ്ട്. ടെന്നസീയിലെ ഫേൺവാലി എന്ന പൗരാണിക മേഖലയിൽ നിന്ന് 1985ൽ കണ്ടെത്തിയ ടർക്കിക്കോഴികളുടെ കാലുകൾ അസാധാരണമാം വിധം അറ്റം കൂർപ്പിച്ചിരുന്നു. ഈ എല്ലുകൾ പണ്ട് ടാറ്റൂ ചെയ്യാനായി ഉപയോഗിച്ചതാ‍‍‌‌ണ്.

പ്രകൃതിപ്രക്രിയയാലും മനുഷ്യപ്രവർത്തനത്താലും മമ്മിയാക്കപ്പെട്ട ശരീരങ്ങളിൽ നിന്നാണ് ആദിമകാലത്തു പോലും മനുഷ്യർ ടാറ്റൂ ഉപയോഗിച്ചിരുന്നു എന്ന അവബോധം ശാസ്ത്രജ്ഞർക്കു ലഭിച്ചത്. 1991ൽ ഓറ്റ്‌സി എന്ന സ്വാഭാവിക മമ്മിയെ യൂറോപ്പിൽ ഓസ്ട്രിയയ്ക്കും ഇറ്റലിക്കുമിടയിലെ അതിർത്തിപ്രദേശത്തു നിന്നു കണ്ടെത്തിയിരുന്നു. 5250 വർഷം പഴക്കമുള്ള ഓറ്റ്‌സിയുടെ ശരീരത്തിൽ 61 ടാറ്റൂകളുണ്ടായിരുന്നു. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ടാറ്റൂകളിൽ ഏറ്റവും പഴമയേറിയത് ഓറ്റ്‌സിയുടെ ശരീരത്തിലുള്ളവയാണെന്നു ഗവേഷകർ പറയുന്നു.

English Summary:

Is AI taking over the art of tattooing? Explore the controversy surrounding AI-generated tattoos and delve into the rich history of this ancient practice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com