പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ അംബാസിഡറായി പതിനേഴുകാരനെയും തിരഞ്ഞെടുത്തു. ഡിജിറ്റൽ ഇന്ത്യയുടെ ക്യാംപയിനു നാലു അംബാസിഡർമാരെയാണ് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞത് മുംബൈയിൽ നിന്നുള്ള സത്‌വത് ജഗ്‌വാനിയാണ്.
ഈ വർഷത്തെ ഐഐടി–ജെഇഇ പരീക്ഷയിലെ ടോപ്സ്കോററായ സത്‌വത് ജഗ്‌വാനിയെ ഇന്ത്യയിലെ ഏറ്റവും പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യയുടെ അംബാസിഡറാക്കുകയായിരുന്നു.
ജൂൺ അവസാന ആഴ്ചയാണ് കേന്ദ്രസർക്കാരിന്റെ ഇ–മെയിൽ കിട്ടിയത്. അച്ഛനും അമ്മയും ഈ മെയിൽ കണ്ട് ഏറെ സന്തോഷിച്ചെന്നും സത്‌വത് പറഞ്ഞു. എന്നാൽ പദ്ധതിയിൽ തന്റെ ഭാഗം എന്താണെന്ന് അറിയില്ലെന്നും ഇ–ഹോസ്പിറ്റൽ ആയിരിക്കാമെന്നും സത്‌വത് സൂചിപ്പിച്ചു.
മറ്റൊരു അംബാസിഡറായ എതിക്കൽ ഹാക്കർ അങ്കിത് ഫാദിയയുടെ പേര് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ചില വിവാദങ്ങളെ തുടർന്ന് ഫാദിയയുടെ പേര് സർക്കാരിന്റെ ഔദ്യോഗിക പേജിൽ നിന്ന് നീക്കം ചെയ്തിരുന്നു.