ഒരു ടാക്‌സി പോലും വാങ്ങാതെ 2.50 ലക്ഷം ടാക്‌സികളെ നിയന്ത്രിക്കുന്ന യുവാക്കള്‍

ഇന്ത്യയില്‍ പിറവിയെടുത്ത ഏറ്റവും വിജയിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലൊന്നാണ് ഒല കാബ്‌സ്. ഇതിന്റെ സ്ഥാപകരായ അങ്കിത് ബാട്ടി(28)യയുടേയും ബാവിഷ് അഗര്‍വാളിന്റേയും(29) സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 4,770 കോടിയാണ്. സ്വന്തമായി ഒരു ടാക്‌സി പോലുമില്ലെങ്കിലും 2.50 ലക്ഷത്തോളം ടാക്‌സി കാറുകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചതാണ് ഒലയുടെ വിജയരഹസ്യം.

പുതുതായി യാതൊന്നും ഒല കാബ്‌സ് ചെയ്തിട്ടില്ല. നിലവിലുള്ള ടാക്‌സി കാറുകളെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ച് സേവനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. ബാവിഷ് അഗര്‍വാളാണ് ഒലയുടെ മുഖം. ഉപഭോക്താക്കളുമായും നിക്ഷേപകരുമായുമുള്ള കാര്യങ്ങളുടെ ചുമതല ബാവിഷിനാണ്. കമ്പനിയുടെ സാങ്കേതിക ചുമതലയാണ് അങ്കിത് ബാട്ടിക്കുള്ളത്.

യാത്രക്കാര്‍ക്ക് ലഭിച്ച ഗുണങ്ങള്‍ക്കൊപ്പം ഓരോ ടാക്‌സി ഡ്രൈവര്‍മാരെയും സംരംഭകരാക്കാന്‍ സാധിച്ചതാണ് തങ്ങളുടെ വിജയരഹസ്യമെന്നാണ് അഗര്‍വാളും ബാട്ടിയും കരുതുന്നത്. ഒലയോടൊപ്പം ചേര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്കും നിരവധി ഗുണങ്ങളുണ്ട്. എളുപ്പത്തില്‍ ന്യായമായ പലിശയില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്കാകുന്നു. ഇതിനൊപ്പം പല കാര്‍ നിര്‍മ്മാതാക്കളും ഒല ഡ്രൈവര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

പഞ്ചാബിലെ ലുധിയാനയിലാണ് ബാവിഷ് അഗര്‍വാളിന്റെ ജനനം. കംപ്യൂട്ടര്‍ സയന്‍സില്‍ മുംബൈ ഐഐടിയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം മൈക്രോസോഫ്റ്റ് റിസര്‍ച്ചിലാണ് ആദ്യം ജോലി ചെയ്തത്. രണ്ട് വര്‍ഷത്തോളം ഈ ജോലി തുടര്‍ന്ന ശേഷം സംരംഭകനായി മാറുകയായിരുന്നു. ഹോളിഡേ ടൂര്‍ പ്ലാനിംഗ് സര്‍വീസായ ആദ്യ സ്റ്റാര്‍ട്ട് അപ്പിന് ശേഷമാണ് ഒല കാബിലേക്കെത്തുന്നത്. മുംബൈ ഐഐടിയില്‍ ബാവിഷിന്റെ സഹപാഠിയായിരുന്നു അങ്കിത് ബാട്ടി. മെക്കാനിക്കല്‍ എൻജിനീയറിംഗിലായിരുന്നു അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. മൂന്നോളം സ്റ്റാര്‍ട്ട് അപ്പുകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് അങ്കിത് ബാവിഷിനൊപ്പം ചേര്‍ന്ന് ഒല ആരംഭിക്കുന്നത്.

ബെംഗളൂരുവിലെ ജോലിക്കാലത്ത് നിരവധി തവണ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ബാവിഷിന് മോശം അനുഭവങ്ങളുണ്ടായി. ഇതാണ് ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഒരു ടാക്‌സി സര്‍വീസ് എന്ന ആശയത്തിന് തന്നെ കാരണമായത്. 2010 ഡിസംബറിലാണ് ഒല കാബ്‌സ് ഇവര്‍ ആരംഭിക്കുന്നത്. ബെംഗളൂരുവാണ് ആസ്ഥാനം. ടാക്‌സി യാത്രകള്‍ക്ക് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായാണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് ഒല.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകകള്‍ പ്രകാരം രാജ്യത്തെ നൂറ് നഗരങ്ങളിലായി 2.50 ലക്ഷത്തിലേറെ ടാക്‌സികള്‍ ഒലയുടെ കീഴിലുണ്ട്. കാറുകള്‍ക്ക് പുറമേ ഒല ഓട്ടോ സര്‍വീസും 2014ല്‍ ആരംഭിച്ചു. ബംഗളൂരു തന്നെയായിരുന്നു അദ്യ പരീക്ഷണശാല. സംരംഭം വിജയിച്ചതോടെ ഒല ഓട്ടോ ഡല്‍ഹിയിലും പൂനെയിലും ചെന്നൈയിലുമെല്ലാം അവതരിപ്പിക്കപ്പെട്ടു.

സമാനമായ പ്രവര്‍ത്തന രീതിയുള്ള 2015 മാര്‍ച്ചില്‍ 20 കോടി ഡോളര്‍ നല്‍കി ടാക്‌സി ഫോര്‍ഷ്യുവറിനെ ഒല കാബ്‌സ് സ്വന്തമാക്കി. 2015 സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 500 കോടി ഡോളറാണ് ഒലയുടെ മൂല്യം. ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, മെട്രിക്‌സ് പാട്‌നേഴ്‌സ്, സോഫ്റ്റ് ബാങ്ക് ഇന്റര്‍നെറ്റ്, സ്റ്റെഡ് വ്യൂ കാപിറ്റല്‍ എന്നിങ്ങനെ നിക്ഷേപകരുടെ ഒരു നീണ്ട നിര ഒല കാബ്‌സിനുണ്ട്. ഇപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ ടാക്‌സിയിലേക്ക് വികസിക്കാനൊരുങ്ങുകയാണ് ഒല.