ADVERTISEMENT

മുപ്പത്തേഴാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധിപയായ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ 42–ാം വയസ്സിൽ സ്ഥാനമൊഴിയാനുള്ള സന്നദ്ധതയിലൂടെ ലോകത്തിനു സമ്മാനിച്ചത്, കരിയറും ജീവിതവും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളും രാഷ്ട്രീയനൈതികതയും സംബന്ധിച്ച ചില മാതൃകകളാണ്. ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹമാണു ജസിൻഡ പ്രകടിപ്പിച്ചത്.

അമ്മയായി ചരിത്രം, വിമർശന മുള്ളുകൾ

പ്രധാനമന്ത്രിയായിരിക്കെ 2018ൽ പ്രസവിച്ച കുഞ്ഞിനൊപ്പമാണ് തന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ജസിൻഡ ഭംഗിയായി നിർവഹിച്ചത്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി, അന്തരിച്ച ബേനസീർ ഭൂട്ടോ ആയിരുന്നു പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജൻമം നൽകിയ ആദ്യ വനിത. മാസങ്ങൾ പ്രായമുള്ള മകളുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തും ജസിൻഡ ചരിത്രം സൃഷ്ടിച്ചു.

സഹാനുഭൂതിയും അനുതാപവും കലർന്ന പെരുമാറ്റത്തിലൂടെ ജനമനസ്സ് കീഴടക്കിയ ജസിൻഡ പലപ്പോഴും ക്രൂരമായി വിമർശിക്കപ്പെട്ടതും ആ സ്വഭാവഗുണങ്ങളുടെ പേരിലായിരുന്നു. ദുർബലയായ പ്രധാനമന്ത്രിയെന്ന് തീവ്ര വലതുപക്ഷം അവരെ മുദ്രകുത്തി. അനുതാപവും കരുത്തും ഒരുമിച്ചുപോകുന്ന ഗുണങ്ങളല്ലെന്നും വിമർശനമുണ്ടായി. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെയും ഭീതിദമായൊരു അഗ്നിപർവത സ്ഫോടനത്തെയും കോവിഡിനെയും ന്യൂസീലൻഡ് അതിജീവിച്ചത് ജസിൻഡയുടെ നേതൃത്വത്തിലാണെന്ന് വിമർശകർ സൗകര്യപൂർവം മറന്നു.

നിലപാടുകളിലെ വേറിട്ട വഴി

50 ലക്ഷം മാത്രം ജനസംഖ്യയുള്ള, ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രം ന്യൂസീലൻഡിന്റെ സമീപകാലചരിത്രത്തിലെ ആദ്യ ഇടത് അനുകൂല സർക്കാരായിരുന്നു 2017ൽ ജസിൻഡയുടെ നേതൃത്വത്തിൽ അധികാരമേറ്റത്. 2020ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സർക്കാരിന്റെ പുരോഗമനമുഖം ജസിൻഡ ഒന്നുകൂടി വിപുലമാക്കി. പാർലമെന്റ് അംഗങ്ങളിൽ പകുതിയിലേറെ സ്തീകളായിരുന്നു. ന്യൂസീലൻഡിലെ ആദിമനിവാസികളായ മഓറികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പാർലമെന്റ് പ്രാതിനിധ്യവും ലഭിച്ചു.

2019ൽ ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടപ്പോൾ, ശിരോവസ്ത്രം ധരിച്ച് അനുശോചനം രേഖപ്പെടുത്താനെത്തിയ ജസിൻഡയുടെ നിലപാടുകൾ ലോകശ്രദ്ധ നേടി. ആഴ്ചകൾക്കുള്ളിൽ ന്യൂസീലൻഡിൽ തോക്ക് നിയന്ത്രണനിയമം പ്രഖ്യാപിച്ചു. സമാന അവസ്ഥയുള്ള യുഎസിൽനിന്നു തന്റെ രാജ്യം എങ്ങനെ വ്യത്യസ്തമാണെന്നു ജസിൻഡ പറയാതെ പറയുകയായിരുന്നു.

ദാരിദ്രം കണ്ട കുട്ടിക്കാലം

പൊലീസ് ഒാഫിസർ റോസിന്റെയും സ്കൂൾ പാചകക്കാരി ലോറലിന്റെയും മകളായി 1980–ൽ ഹാമിൽറ്റണിലാണു ജസിൻഡ ജനിച്ചത്. നാട്ടിൽ കണ്ട ദാരിദ്രമാണ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഇടയാക്കിയതെന്നു ജസിൻഡ പറഞ്ഞിട്ടുണ്ട്. 17 വയസ്സിൽ ലേബർ പാർട്ടി അനുയായിയായി. 2008–ൽ ആദ്യമായി പാർലമെന്റ് അംഗം. 2017 ൽ ലേബർ പാർട്ടി നേതാവായി പ്രധാനമന്ത്രി. സാമ്പത്തികത്തകർച്ച, ഉയരുന്ന ജീവിതച്ചെലവ്, കുറ്റകൃത്യനിരക്കിലെ വർധന തുടങ്ങിയവ സമീപകാലത്ത് ജസിൻഡയുടെ ജനപ്രീതിയിൽ ഇടിവുണ്ടാക്കി. എങ്കിലും, എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കെത്തന്നെയാണ് ജസിൻഡ പടിയിറക്കത്തിനു തയ്യാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com