ബോക്സ് ഓഫിസ് കലക്‌ഷൻ 211 കോടി ഡോളർ പിന്നിട്ടതോടെ അവതാർ പരമ്പരയിലെ രണ്ടാം ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും കലക്‌ഷൻ നേടുന്ന നാലാമത്തെ ചിത്രമായി. ഇതിൽ 200 കോടി ഡോളറിനു മേൽ വരുമാനം നേടിയ 3 ചിത്രങ്ങൾക്കും ഒരു പ്രത്യേകത കൂടിയുണ്ട് – സംവിധാനം ജയിംസ് കാമറൺ. ലോക സിനിമയിലെ ‘പണംവാരി’ സംവിധായകൻ എന്ന പേരിൽ അവതാർ സംവിധായകൻ ജയിംസ് കാമറണും സിനിമാചരിത്രത്തിന്റെ ഭാഗമാകുകയാണ്. 2009ലാണ് അവതാർ ആദ്യഭാഗം പുറത്തുവരുന്നത്. അവതാർ–1, ടൈറ്റാനിക്, അവതാർ–2 എന്നിവയാണ് 200 കോടി ഡോളർ ക്ലബിൽ ഉൾപ്പെട്ട കാമറൺ ചിത്രങ്ങൾ.

ഇന്ത്യയിൽ നിന്ന് അവതാർ–2 ഇതിനകം 400 കോടി രൂപയോളം കലക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. അവതാർ–1 (2009 – 292 കോടി ഡോളർ), അവൻജേഴ്സ്: എൻഡ്ഗെയിം (2019 – 279 കോടി), ടൈറ്റാനിക് (1997 – 219 കോടി ഡോളർ) എന്നിവയാണ് നിലവിൽ ആഗോള കലക്‌ഷനിൽ അവതാർ –2 നു മുൻപിലുള്ള ചിത്രങ്ങൾ. ഹോളിവുഡിൽ വൻ റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ അവതാറിന്റെ അശ്വമേധം ഏതാനും ആഴ്ചകൾ കൂടി ലോക ബോക്സ് ഓഫിസുകളിൽ തുടർന്നേക്കും.

ഈ മാസം പകുതിയോടെ തിയറ്ററിലെത്തുന്ന മാർവെൽ സ്റ്റുഡിയോസിന്റെ ‘ആന്റ് മാൻ’ ആണ് ഇനി വരാനുള്ള വമ്പൻ റിലീസുകളിലൊന്ന്. കാമറണിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രം ടൈറ്റാനിക്കിന്റെ ഫോർ–കെ, ത്രീഡി ഫോർമാറ്റിൽ റീമാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ടൈറ്റാനിക് റിലീസ് ചെയ്തതിന്റെ 25–ാം വാർഷികത്തിൽ വീണ്ടും തിയറ്ററുകളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

∙ ഓസ്കറിലും അവതാർ

ഈ വർഷത്തെ ഓസ്കർ നാമനിർദേശങ്ങളിലും അവതാർ–2 സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മികച്ച ചിത്രം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ശബ്ദലേഖനം, മികച്ച വിഷ്വൽ ഇഫക്ട്സ് എന്നീ നാമനിർദേശങ്ങളാണ് വിസ്മയ ദൃശ്യാനുഭവമായി വാഴ്ത്തപ്പെടുന്ന അവതാർ– 2നു ലഭിച്ചിട്ടുള്ളത്. കോവിഡ് മഹാമാരി മൂലം തിയറ്ററുകൾ ലോകമെമ്പാടും അടഞ്ഞുകിടന്ന 2 വർഷത്തിനു ശേഷം ആഗോള സിനിമാ വ്യവസായത്തിനു വലിയ ഉത്തേജനമാണ് അവതാർ–രണ്ടിന്റെ വിജയം സമ്മാനിച്ചിരിക്കുന്നത്. അഞ്ചു ഭാഗങ്ങളായിട്ടാണ് കാമറൺ അവതാർ സീരീസ് വിഭാവനം ചെയ്തിട്ടുള്ളത്.