അമേരിക്കയുടെ ആകാശത്ത് ചൈനയുടെ ബലൂൺ
Mail This Article
ആകാശത്തു പറന്ന ഈയൊരു ബലൂൺ ചിലപ്പോൾ രണ്ടു വൻശക്തികൾ തമ്മിലുള്ള യുദ്ധത്തിനുവരെ കാരണമായേക്കാം. എന്തായാലും രാജ്യാന്തര നയതന്ത്രരംഗത്തു വലിയ ചർച്ച സൃഷ്ടിക്കാൻ അമേരിക്കയുടെ ആകാശത്തു കണ്ടെത്തിയ ചൈനയുടെ ചാരബലൂണിനു കഴിഞ്ഞു. മൂന്നു ബസുകളുടെയത്ര വലുപ്പമുള്ള ഈ ബലൂൺ, കാലാവസ്ഥാപഠനത്തിനാണ് ഉപയോഗിക്കുന്നതെന്നു ചൈന വിശദീകരിച്ചെങ്കിലും ചാരപ്രവർത്തനത്തിനാണെന്ന് അമേരിക്കയും രാജ്യാന്തരസമൂഹവും പൊതുവേ സംശയിക്കുന്നു.
ബ്ലിങ്കന്റെ പിൻമാറ്റം
ഇത്രയും വലിയൊരു ബലൂൺ കാലാവസ്ഥാപഠനത്തിനാണെന്ന ചൈനയുടെ വാദം ആരെങ്കിലും വിശ്വസിക്കുമോയെന്ന് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. നൂറിലേറെ ഭൂഖണ്ഡാന്തര ആണവ മിസൈൽ വിക്ഷേപിണികളുള്ള, കാനഡ അതിർത്തിയിലെ മോണ്ടാനയ്ക്കു മുകളിലാണു ബലൂൺ കണ്ടെത്തിയത് എന്നതും അമേരിക്കൻ സൈനികരഹസ്യങ്ങൾ ചോർത്താനാണെന്ന സംശയം ബലപ്പെടുത്തുന്നു. സംഭവം അമേരിക്ക–ചൈന ബന്ധം വഷളാക്കിയതിനെത്തുടർന്ന് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈയിടെ ചൈന സന്ദർശനം റദ്ദാക്കി.
അബദ്ധമെന്ന് ചൈന
ജനുവരി 28നാണ് അമേരിക്കൻ വ്യോമാതിർത്തിയിൽ ബലൂൺ പ്രവേശിച്ചത്. ഭൂമിയിൽനിന്നു 15 കിലോമീറ്ററിലേറെ ഉയരത്തിലാണു ബലൂണിന്റ സ്ഥാനം. ബലൂൺ തങ്ങളുടേതുതന്നെയെന്നു സ്ഥിരീകരിച്ചെങ്കിലും അബദ്ധത്തിൽ അമേരിക്കൻ വ്യോമാതിർത്തിയിലേക്കു പ്രവേശിച്ചെന്ന നിലപാടിലാണു ചൈന. യുദ്ധവിമാനങ്ങളയച്ച് ബലൂൺ തകർക്കാൻ അമേരിക്ക ആദ്യഘട്ടത്തിൽ ആലോചിച്ചെങ്കിലും ജനങ്ങൾക്ക് അപകടമുണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ചില്ലറക്കാരനല്ല ചാരബലൂൺ!
ആധുനികകാലത്തെ ചാര ഉപഗ്രഹങ്ങൾക്കും ഡ്രോണുകൾക്കും മുൻപു രാജ്യങ്ങൾ രഹസ്യം ചോർത്താൻ ബലൂണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തുടങ്ങിയ ബലൂണുകളുടെ ഉപയോഗം രണ്ടാം ലോകമഹായുദ്ധത്തിൽ വ്യാപകമായി. അതിനുശേഷം ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ചൈനയ്ക്കും മേൽ നൂറുകണക്കിനു ചാര ബലൂണുകൾ അമേരിക്ക പറത്തിവിട്ടിരുന്നു.
ശത്രുരാജ്യത്തെ നിർണായക സൈനികമേഖലകളുടെയും സാമഗ്രികളുടെയും ചിത്രമെടുക്കുക എന്നതിൽക്കവിഞ്ഞ് പല ഉപയോഗങ്ങളും ആധുനികകാലത്തെ ചാര ബലൂണുകൾക്കുണ്ട്. ചാര ഉപഗ്രഹങ്ങൾ എടുക്കുന്നതിനേക്കാൾ വ്യത്യസ്ത ആംഗിളുകളിലുള്ള ചിത്രങ്ങൾ കൂടുതൽ വ്യക്തതയോടെ എടുക്കാൻ ബലൂണുകൾക്കാകും; പ്രത്യേകിച്ച് ഇൻഫ്രാറെഡ് സെൻസറുകൾ ഘടിപ്പിച്ച ക്യാമറകൾ ഉള്ളപ്പോൾ. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, വളരെ വേഗം ശത്രുരാജ്യങ്ങൾക്കുമേൽ ഇവ വിന്യസിക്കാൻ കഴിയും. ശത്രുരാജ്യത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ നിശ്ചലമാക്കാനും സ്വന്തം സൈന്യത്തിന് ശത്രുരാജ്യത്തു പ്രവർത്തിക്കാൻ ആവശ്യമായ ഇന്റർനെറ്റ് സംവിധാനം നൽകാനും കഴിയും.
ഇത്തരം നിരീക്ഷണരീതികൾ ചൈന ആഗോളതലത്തിൽ പ്രയോഗിക്കുന്നത് ആദ്യമല്ല. കഴിഞ്ഞ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പൽ പ്രവേശിക്കുകയും തുടർന്ന് ഇന്ത്യ നിർണായകമായ മിസൈൽ പരീക്ഷണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.