റഷ്യ–യുക്രെയ്ൻ സംഘർഷത്തിന്റെ ഗതി മാറ്റിയേക്കാമെന്നു ലോകം ഭയക്കുന്ന ആക്രമണമാണു മേയ് ആദ്യവാരം സംഭവിച്ചത്. റഷ്യൻ അധികാരകേന്ദ്രവും പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ താമസസ്ഥലവുമായ ക്രെംലിൻ കൊട്ടാരം ലക്ഷ്യമിട്ട് രാത്രി പറന്നതു രണ്ട് ആക്രമണ ഡ്രോണുകളാണ്.

റഷ്യൻ തന്ത്രമോ?

ക്രെംലിനു കേടുപാടു വരുത്താൻ കഴിയുംമുൻപ് അവ പ്രത്യാക്രമണത്തിലൂടെ തകർത്തെന്നു റഷ്യ പറയുമ്പോഴും യുദ്ധം ആദ്യമായി റഷ്യയുടെ ഹൃദയഭൂമിയിൽ എത്തിയെന്ന് അവരുടെതന്നെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. സംഭവം ഭീകരാക്രമണമാണെന്നും പ്രസിഡന്റ് പുടിനെ വധിക്കാനുള്ള യുക്രെയ്ൻ ശ്രമമായിരുന്നെന്നും ഉചിതമായ സമയത്തു തിരിച്ചടിക്കുമെന്നുമൊക്കെയാണു റഷ്യൻ പ്രതികരണങ്ങൾ. ഡ്രോണുകളെത്തിയപ്പോൾ പുടിൻ അവധിക്കാലവസതിയിലായിരുന്നെന്ന് പിന്നീടു സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ലെങ്കിലും റഷ്യയുടെ ആരോപണമുന നീളുന്നത് അവരുടെ പങ്കാളിത്തത്തിലേക്കുതന്നെ. എന്നാൽ, യുദ്ധഗതി അനുകൂലമാക്കാനുള്ള റഷ്യൻ തന്ത്രത്തിന്റെ ഭാഗമായി അവർതന്നെ ആസൂത്രണം ചെയ്ത നാടകമാണിതെന്നു ചില പാശ്ചാത്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സ്ഥിതി ഗുരുതരം

സംഘർഷം ആരംഭിച്ച് 14 മാസത്തിനുശേഷം ഏറ്റവും ഗുരുതരമായ സ്ഥിതിയിലേക്കാണു റഷ്യയും യുക്രെയ്‌നും നീങ്ങുന്നത്. റഷ്യൻ പ്രദേശത്ത് യുക്രെയ്ൻ ആക്രമണം നടത്തിയതായി മുൻപും റഷ്യ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ, മോസ്കോയ്ക്കു 110 കിലോമീറ്റർ അകലെ ഡ്രോൺ എത്തിയിരുന്നു. സൈനിക വിമാനത്താവളവും ഇന്ധന ഡിപ്പോയും ലക്ഷ്യമിട്ട ഡ്രോൺ ആക്രമണങ്ങളുടെ വിവരവും പുറത്തുവന്നു.

പക്ഷേ, പുടിനെ ലക്ഷ്യമിട്ടു വന്ന ഇപ്പോഴത്തെ ഡ്രോണുകൾ റഷ്യയുടെ മനസ്സിൽ ഉണങ്ങാത്ത മുറിവു സൃഷ്ടിക്കുമെന്നുറപ്പ്. ഇത്തരം ആക്രമണങ്ങൾ യുക്രെയ്ൻ വ്യാപകമാക്കിയാൽ തങ്ങളുടെ നിർണായക സൈനിക, ഊർജ, സിവിലിയൻ പ്രദേശങ്ങൾ സംരക്ഷിക്കാൻ റഷ്യ കൂടുതൽ ധനവും ആൾബലവും ചെലവഴിക്കേണ്ടിവരും. ചില ഡ്രോണുകൾക്കെങ്കിലും നാശം സൃഷ്ടിക്കാനായാൽ അതു വലിയ നാണക്കേടുമാകും.

യുക്രെയ്ൻ ലക്ഷ്യം ഡ്രോൺ സൈന്യം!

യുക്രെയ്നിന്റെ ‘യുജെ–22’ ഡ്രോണുകളും റഷ്യയുടെ ഇറാൻ നിർമിത ‘ഷഹീദ്–136’ ഡ്രോണുകളും വില കുറഞ്ഞതും കുറ‍ഞ്ഞ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളവയുമാണ്. ആക്രമണദൂരം വർധിപ്പിച്ച് കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഇരു രാജ്യങ്ങളും. ആയുധശേഷിയിലും ആൾബലത്തിലും റഷ്യയെ വെല്ലാൻ കഴിയില്ലെന്നറിയാവുന്ന യുക്രെയ്ൻ, വില കുറഞ്ഞ അത്യാധുനിക ഡ്രോണുകൾ നിരന്തരം വിന്യസിച്ച് റഷ്യൻ തന്ത്രം തകർക്കാനാണ് ശ്രമിക്കുന്നതെന്നു യുദ്ധവിദഗ്ധർ പറയുന്നു. ഡ്രോൺ സൈന്യംതന്നെ നിർമിക്കുന്നതിന്റെ ഭാഗമായി യുക്രെയ്ൻ 10,000 ഡ്രോൺ പൈലറ്റുമാർക്കു പരിശീലനം നൽകിക്കഴിഞ്ഞു. ആയിരക്കണക്കിനു ഡ്രോണുകൾ വിദേശത്തുനിന്നു വാങ്ങിയും റഷ്യയ്ക്കു മേൽ ഡ്രോൺ മഴ പെയ്യിക്കാനുള്ള തയാറെടുപ്പിലാണു പ്രസിഡന്റ് സെലൻസ്കിയുടെ രാജ്യം.