ഒരുകാലത്ത് ഇസ്തംബുൾ തെരുവുകളിൽ ബണ്ണും ശീതളപാനീയവും വിറ്റുനടന്ന പയ്യൻ തുർക്കിയുടെ ഭരണാധിപനായി മൂന്നാം ദശാബ്ദത്തിലേക്കു കടക്കുകയാണ്. 2003 മുതൽ പ്രധാനമന്ത്രിയും പ്രസിഡന്റുമായി തുർക്കി ഭരിക്കുന്ന റസിപ് തയ്യിപ് എർദൊഗാൻ ആണ് ആ നായകൻ!

മേയ് 28നു നടന്ന രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ആറു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥി കമാൽ കിലിച്ദാറുലുവിനെ പരാജയപ്പെടുത്തിയാണ് അറുപത്തൊൻപതുകാരൻ റസിപ് തയ്യിപ് എർദൊഗാൻ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായത്. മേയ് 14നു നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയത്തിനാവശ്യമായ 50% വോട്ട് ആർക്കും ലഭിക്കാതെവന്നതോടെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പുണ്ടായത്.

അദ്ഭുതവളർച്ച

കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥന്റെ മകനായി 1954ലാണ് എർദൊഗാന്റെ ജനനം. അദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ പിതാവ് മെച്ചപ്പെട്ട ജീവിതമാർഗം തേടി ഇസ്തംബുൾ നഗരത്തിലേക്കു മാറി. മാനേജ്മെന്റിൽ ബിരുദം നേടിയ എർദൊഗാൻ പഠനകാലത്തു പ്രഫഷനൽ ഫുട്ബോൾ താരമായിരുന്നു.

പൊളിറ്റിക്കൽ ഇസ്‌ലാമിൽ ആകൃഷ്ടനായ എർദൊഗാൻ എഴുപതുകളിലും എൺപതുകളിലും അത്തരം പ്രവർത്തനങ്ങളിൽ സജീവമാവുകയും ഇസ്‌ലാമിക് ആശയാനുകൂല പാർട്ടിയായ വെൽഫെയർ പാർട്ടി അംഗമാവുകയും ചെയ്തു. 1994ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ഇസ്തംബുൾ മേയറായതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

2001 ഓഗസ്റ്റിൽ അദ്ദേഹം ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എകെപി) സ്ഥാപിച്ചു. 2002ലെ പൊതുതിരഞ്ഞെടുപ്പിൽ എകെപി പാർലമെന്റിൽ ഭൂരിപക്ഷം നേടി. 2003ൽ എർദൊഗാൻ തുർക്കി പ്രധാനമന്ത്രിയായി. പിന്നീടു തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രി പദത്തിൽ. ഭരണഘടനയനുസരിച്ചു വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാൻ കഴിയാത്തതിനാൽ 2014ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. 2017ൽ നടത്തിയ ഹിതപരിശോധനയിലൂടെ കണക്കില്ലാത്ത അധികാരങ്ങൾ പ്രസിഡന്റ് പദവിക്കു ലഭ്യമാക്കുകയും ചെയ്തു.

ഉയർത്തിപ്പിടിച്ചത് മതദേശീയത

‘ആധുനിക തുർക്കിയുടെ പിതാവ്’ എന്നറിയപ്പെടുന്ന മുസ്തഫ കമാൽ അത്താത്തുർക്ക് രാജ്യത്തു നടപ്പാക്കിയ മതനിരപേക്ഷ ആശയങ്ങളുടെ തിരിച്ചുപോക്കാണ് എർദൊഗാന്റെ ഭരണകാലത്തു ലോകം ദർശിച്ചത്. 2020 ജൂലൈയിൽ ഇസ്തംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയെ പൈതൃകപദവിയിൽനിന്നു മുസ്‌ലിം ആരാധനാലയമാക്കിയ അദ്ദേഹത്തിന്റെ നടപടി രാജ്യാന്തരതലത്തിൽ വലിയ വിവാദമായി. ന്യൂനപക്ഷമായ കുർദുകൾക്കെതിരെ തുർക്കിക്കുള്ളിലും അതിർത്തി കടന്നു സിറിയയിലും നടത്തിയ അടിച്ചമർത്തൽ നടപടികളും ഏകാധിപത്യ സമീപനങ്ങളായി. നാറ്റോ സൈനികസഖ്യത്തിൽ അംഗമായിരിക്കുമ്പോൾത്തന്നെ റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കാനും എർദൊഗാനു കഴിഞ്ഞു. തുർക്കി ദേശീയതയും ഇസ്‌ലാമിക് ആശയങ്ങളും ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണത്തിന്റെ ബലത്തിലാണ് എർദൊഗാൻ വീണ്ടും വിജയിയായത്.