ചന്ദ്രനിലേക്ക് ചൈനയുടെ ലോങ് മാർച്ച്
2030ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ചൈന പരിശ്രമിക്കുകയാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2025ൽ ചന്ദ്രനിൽ വീണ്ടും മനുഷ്യനെ ഇറക്കുമെന്നു പ്രഖ്യാപിച്ചശേഷമാണ്, ഇതു സംബന്ധിച്ച തയാറെടുപ്പുകൾക്കു ചൈന വേഗം കൂട്ടിയത്.
2030 ൽ ഗഗനചാരികളെ ചന്ദ്രനിലേക്ക് അയയ്ക്കുമെന്ന ചൈനീസ് ബഹിരാകാശ ഏജൻസി ഡപ്യൂട്ടി ഡയറക്ടർ ലിൻ ഷിക്വിയാങ്ങിന്റെ പ്രഖ്യാപനം, മുൻപു സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്നപോലെ അമേരിക്ക–ചൈന ബഹിരാകാശ മത്സരത്തിനു തുടക്കം കുറിക്കുമോയെന്നാണു ലോകം കാത്തിരിക്കുന്നത്. 1972ലാണ് അവസാനമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്.
ചൈനയുടെ സ്വന്തം ടിയൻഗോങ് നിലയം
ബഹിരാകാശത്തെ രാജ്യാന്തര കൂട്ടായ്മ നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയത്തിന് (International Space Station) ബദലായി, സ്വന്തം ബഹിരാകാശ നിലയമായ ടിയൻഗോങ്ങിന്റെ നിർമാണം കഴിഞ്ഞ വർഷം അവസാനം ചൈന പൂർത്തിയാക്കിയിരുന്നു. 2030ൽ രാജ്യാന്തരനിലയം കാലാവധി പൂർത്തിയാക്കി സേവനം അവസാനിപ്പിക്കുന്നതോടെ ചൈനീസ് നിലയം മാത്രമേ ബഹിരാകാശത്തുണ്ടാകൂ.
ആറു മാസമായി ബഹിരാകാശനിലയത്തിൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്ന മൂന്നു ഗഗനചാരികൾ ‘ഷെൻഷൗ–15’ പേടകത്തിൽ ഈയിടെ തിരിച്ചെത്തിയിരുന്നു. ഫെയ് ജുൻലോങ്, ഡെങ് ക്വിങ്മിങ്, ഷാങ് ലു എന്നിവരെ വഹിച്ചുള്ള പേടകം ചൈനയുടെ മംഗോളിയ പ്രവിശ്യയിലെ ഡോങ് ഫെങ് ബഹിരാകാശകേന്ദ്രത്തിലാണ് ഇറങ്ങിയത്. ഇവർക്കു പകരം പോയ മൂന്നു പേരിൽ, ചൈന ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച സാധാരണപൗരനുമുണ്ട്. ഗുയി ഹെയിചാവോ, ജിങ് ഹെയിപെങ്, ഷു യാങ്സു എന്നിവരാണു നിലവിൽ ചൈനീസ് നിലയത്തിലുള്ള ഗഗനചാരികൾ.
‘ലോങ് മാർച്ച്’ റോക്കറ്റ് ഉപയോഗിച്ചാണു ചൈന ബഹിരാകാശയാത്രകൾ നടത്തുന്നത്. ലോങ് മാർച്ചിന്റെ 475–ാമത് വിക്ഷേപണമാണു കഴിഞ്ഞ മാസം അവസാനം നടന്നത്. മൂന്നു മൊഡ്യൂളുകളുള്ള ടിയൻഗോങ്ങിനു നിലയത്തിന് പുറത്തേക്കു നീട്ടാവുന്ന വലിയൊരു റോബട്ടിക് കൈയുണ്ട്. നിലയത്തിന്റെ അറ്റകുറ്റപ്പണിക്കും നിലയത്തിനു ചുറ്റുമുള്ള വസ്തുക്കൾ പിടിച്ചെടുക്കാനും ഇത് ഉപയോഗിക്കാനാകും.
ചന്ദ്രകളഭം തേടി...
‘ലോങ് മാർച്ച്–10’ റോക്കറ്റ് ഉപയോഗിച്ചായിരിക്കും ചൈന മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുക. ഇതിന്റെ ആദ്യ പരീക്ഷണം 2027ൽ നടക്കും. ബഹിരാകാശസഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ കുറച്ചു നേരം ചെലവഴിക്കുകയും സാംപിളുകൾ ശേഖരിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. 2020ൽ ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാപേടകം രണ്ടു കിലോഗ്രാമോളം പാറക്കഷണങ്ങളും മണലും മറ്റും ഭൂമിയിലെത്തിച്ചിരുന്നു. 1976ൽ സോവിയറ്റ് യൂണിയന്റെ ലൂണ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി പാറയും മറ്റും എത്തിച്ചശേഷം ആദ്യമായാണ് ഒരു രാജ്യം ചാന്ദ്രവസ്തുക്കൾ ഭൂമിയിലെത്തിക്കുന്നത്.