ഓർമകളിൽ വീണ്ടും സർവസംഹാരി
‘അണുബോംബിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ജെ.റോബർട്ട് ഓപൻഹൈമറുടെ ജീവിതം ആസ്പദമാക്കി പ്രമുഖ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോലൻ സംവിധാനം ചെയ്ത സിനിമ ‘ഓപൻഹൈമർ’ ലോകമെങ്ങും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട സിനിമയിലെ രംഗത്തെച്ചൊല്ലി ചില വിവാദങ്ങളുമുണ്ടായി. കയ് ബേഡും മാർട്ടിൻ ജെ.ഷെർവിനും ചേർന്നെഴുതിയ ‘അമേരിക്കൻ പ്രോമിത്യൂസ്: ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ.റോബർട്ട് ഓപൻഹൈമർ’ എന്ന ജീവചരിത്ര ഗ്രന്ഥത്തെ ആധാരമാക്കിയാണ് 3 മണിക്കൂറുള്ള ചിത്രമൊരുക്കിയിരിക്കുന്നത്. പുലിസ്റ്റർ പുരസ്കാരം ലഭിച്ച കൃതിയാണിത്.
സൃഷ്ടിയെ തള്ളിയ സ്രഷ്ടാവിന്റെ ദുരന്തം
ജർമനിയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ജൂതകുടുംബത്തിലാണ് ഓപൻഹൈമറുടെ ജനനം. പ്രശസ്തമായ ഹാർവഡ് സർവകലാശാലയിൽ പഠിച്ചശേഷം ഉന്നതവിദ്യാഭ്യാസത്തിനായി യൂറോപ്പിലേക്കു പോയി. അവിടെനിന്ന് 1927ൽ പിഎച്ച്ഡി നേടുകയും അമേരിക്കയിൽ മടങ്ങിയെത്തി അധ്യാപനം ആരംഭിക്കുകയും ചെയ്തു.
അണുബോംബ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 1942ൽ അമേരിക്കൻ സർക്കാർ ആരംഭിച്ച മാൻഹറ്റൻ പദ്ധതിയിലേക്ക് ഓപൻഹൈമർ നിയോഗിക്കപ്പെടുന്നതാണ് വഴിത്തിരിവ്. ന്യൂ മെക്സിക്കോയിൽ ‘ട്രിനിറ്റി’ എന്നു പേരിട്ട ആദ്യ ആണവപരീക്ഷണത്തിന് അദ്ദേഹം നേതൃത്വം നൽകി. പക്ഷേ, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിന്റെ നശീകരണശേഷി നേരിട്ടു കണ്ട ഓപൻഹൈമർ ആണവായുധവിരുദ്ധ വക്താവായി മാറി.
കമ്യൂണിസ്റ്റ് ബന്ധമാരോപിച്ച് പിന്നീട് അമേരിക്കൻ ഭരണകൂടം ഓപൺഹൈമറെ വേട്ടയാടുകയുണ്ടായി. വർഷങ്ങൾ നീണ്ട ആഭ്യന്തര അന്വേഷണം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും അപ്പോഴേക്ക് അദ്ദേഹം മാനസികമായും ശാരീരികമായും അവശനായിരുന്നു. തൊണ്ടയിൽ അർബുദം ബാധിച്ച് 1967 ഫെബ്രുവരി 18നായിരുന്നു അദ്ദേഹത്തിന്റെ മരണം.
ലോകം വിറങ്ങലിച്ച ‘ട്രിനിറ്റി’ പരീക്ഷണം
1945 ജൂലൈ 16നു പുലർച്ചെ ന്യൂ മെക്സിക്കോ മരുഭൂമിയിലെ ഒരു ബങ്കറിനുള്ളിൽ സജ്ജീകരിച്ച കൺട്രോൾ സ്റ്റേഷനിലാണ് ഓപൻഹൈമർ ആ കൗണ്ട് ഡൗണിന് അനുമതി നൽകിയത്. ഏകദേശം 10 കിലോമീറ്റർ അകലെ ഭൂമി കത്തിജ്വലിച്ചു. 160 കിലോമീറ്റർ അകലെവരെ ആ സ്ഫോടനത്തിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി.
താൻ സൃഷ്ടിച്ച ബോംബിന്റെ സംഹാരശേഷി നേരിട്ടു കണ്ടപ്പോൾ ഭഗവദ്‌ഗീതയിലെ വാക്യം മനസ്സിലേക്കു വന്നതായി ഓപൻഹൈമർ പിന്നീടു പറഞ്ഞിട്ടുണ്ട്. മരണവും സംഹാരവും പരാമർശിക്കപ്പെടുന്ന ശ്രീകൃഷ്ണന്റെ ഒരു വാചകമാണ് അദ്ദേഹം പറയുന്നത്. വൈകാതെ ഓഗസ്റ്റ് 6നു ഹിരോഷിമയിലും 9നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു. ഹിരോഷിമയിൽ 1.40 ലക്ഷം പേരും നാഗസാക്കിയിൽ 74,000 പേരും കൊല്ലപ്പെട്ടതായാണു കണക്ക്. ആണവവികിരണം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മൂലം അനേകർക്കും പിന്നീടു ജീവൻ നഷ്ടപ്പെട്ടു. ലോകം പിന്നീടൊരിക്കലും പഴയതുപോലെയായില്ല.