ഞെട്ടിച്ച് ഉത്തര കൊറിയ; ഞെട്ടലോടെ ലോകം
രണ്ടാം ലോക മഹായുദ്ധം 1945ൽ അവസാനിച്ചയുടൻ നടന്ന മറ്റൊരു ഭീകരയുദ്ധം 1950ൽ ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലായിരുന്നു. വൻ ആൾനാശമുണ്ടാക്കിയ ആ പോരാട്ടം 1953ൽ അവസാനിച്ചതിന്റെ 70–ാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 27. യുദ്ധവിജയം അവകാശപ്പെടുന്ന ഉത്തര കൊറിയ എല്ലാ വർഷവും നടത്താറുള്ള വിജയദിന പരേഡിനു സാക്ഷ്യം വഹിക്കാൻ രണ്ടു പ്രധാന അതിഥികൾ ഇത്തവണ തലസ്ഥാനമായ പ്യോങ്യാങ്ങിലെത്തി–റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷോയിഗുവും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ലി ഹോങ് ഷോങ്ങും. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നശേഷം ഉത്തര കൊറിയ സന്ദർശിക്കുന്ന ഏറ്റവും ഉന്നതനായ റഷ്യൻ നേതാവാണ് ഷോയിഗു.
പരേഡിൽ പോർമുഖം; ആശങ്കയിൽ ലോകം
ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള, അമേരിക്കയിൽവരെ പറന്നെത്താൻ കഴിവുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും മറ്റ് അത്യാധുനിക ആയുധങ്ങളും അണിനിരന്ന പരേഡിലാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം റഷ്യൻ, ചൈനീസ് നേതാക്കൾ അണിനിരന്നത്. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിലെ രണ്ടു സ്ഥിരാംഗങ്ങൾ ഉത്തര കൊറിയയ്ക്കു നൽകിയ ഈ തുറന്ന പിന്തുണ ദക്ഷിണ കൊറിയ മാത്രമല്ല, യുഎസ് ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളും വലിയ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. ഇതിനിടെ, ഇരു കൊറിയകളുടെയും അതിർത്തിയിൽ സന്ദർശനത്തിനെത്തിയ യുഎസ് പട്ടാളക്കാരൻ ഉത്തര കൊറിയയിലേക്കു പലായനം ചെയ്തതും അമേരിക്കയ്ക്കു നാണക്കേടായി. ഇരു കൊറിയകൾക്കും ഇടയിലുള്ള സേനാമുക്ത മേഖലയിലെ പൻമുൻജോം ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ ട്രാവിസ് ടി.കിങ് (24) ആണ് ഉത്തര കൊറിയയിലേക്കു കടന്നത്.
ആൾനാശത്തിന്റെ ഭീകരത വരച്ചിട്ട കൊറിയൻ യുദ്ധം
1950 ജൂൺ 25നാണു കൊറിയൻ യുദ്ധം ആരംഭിച്ചത്. ഇരു കൊറിയകൾക്കുമിടയിൽ ഉണങ്ങാത്ത മുറിവായിത്തീർന്ന രണ്ടാം ലോകമഹായുദ്ധാനന്തര വിഭജനമാണു യുദ്ധത്തിലേക്കെത്തിയത്. ലക്ഷങ്ങൾക്കു ജീവൻ നഷ്ടമായശേഷം 1953 ജൂലൈ 27നാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. രണ്ടാം ലോകമഹായുദ്ധശേഷം മറ്റേതൊരു യുദ്ധത്തിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേർ കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. 20 ലക്ഷം സാധാരണക്കാർ, 15 ലക്ഷം ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് സേനാംഗങ്ങൾ, നാലു ലക്ഷം ദക്ഷിണ കൊറിയൻ സൈനികർ, 30,000 അമേരിക്കൻ സൈനികർ, ആയിരം ബ്രിട്ടിഷ് സൈനികർ എന്നിങ്ങനെ കൊല്ലപ്പെട്ടെന്നാണു കണക്കാക്കിയിരിക്കുന്നത്.