ആഗോളതാപനമല്ല, ആഗോള തിളയ്ക്കൽ!

HIGHLIGHTS
  • വ്യവസായവിപ്ലവത്തിന്റെ ഫലമായി ലോകമാകെ 19–ാം നൂറ്റാണ്ടിലേതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് താപനില ഇപ്പോൾ കൂടിയിട്ടുണ്ട്
global-warming
SHARE

ഭൂമിയിൽ ജീവന്റെ നിലനിൽപിനുതന്നെ ഭീഷണിയായി സമുദ്രജല താപനില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുന്നു. 20.96 ഡിഗ്രി സെൽഷ്യസാണ് സമുദ്രജലത്തിന്റെ പുതിയ ആഗോള താപശരാശരി.

ചൂടു കൂടിയാൽ...

ഭൂമിയിലെ ഓക്സിജന്റെ പകുതിയും ഉൽപാദിപ്പിക്കുകയും ആഗോള താപനില നിയന്ത്രിക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്യുന്ന സമുദ്രജലത്തിനു ചൂടു കൂടുന്നത് പ്രതീക്ഷിക്കാൻപോലും കഴിയാത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സമുദ്രജലം ചൂടുപിടിക്കുന്നതോടെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള സമുദ്രത്തിന്റെ ശേഷി കുറയും. ഇതോടെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും അത് അന്തരീക്ഷ താപനില ഉയർത്തുകയും ചെയ്യും. ഇത് ധ്രുവങ്ങളിലെ മഞ്ഞുരുക്കം അതിവേഗത്തിലാക്കും. അതിന്റെ ഫലമായി സമുദ്ര ജലനിരപ്പ് വിചാരിച്ചതിലും വേഗം ഉയരും.

കാലംതെറ്റിയ ചൂട്

സമുദ്രം ചൂടുപിടിക്കുന്നതു മൽസ്യസമ്പത്തിന്റെ ശോഷണത്തിനും ഇടയാക്കും. ആഗോള ഭക്ഷ്യസുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയുംതന്നെ ഇതു ദോഷകരമായി ബാധിക്കും. സാധാരണ സമുദ്രം ഏറ്റവുമധികം ചൂടുപിടിക്കാറുള്ളതു മാർച്ചിലാണ്. ഈ വർഷം റെക്കോർഡ് ചൂട് ഓഗസ്റ്റിലാണെന്നത് ശാസ്ത്രസമൂഹത്തെ കനത്ത ആശങ്കയിലാഴ്ത്തുന്നു. തകിടം മറിയുന്ന ആഗോള കാലാവസ്ഥയുടെ സൂചനയാണിതെന്നാണു കരുതപ്പെടുന്നത്.

ഇരകളാകാം, 360 കോടിപ്പേർ!

കൽക്കരി, പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലേക്കെത്തുന്ന ഹരിതഗൃഹ വാതകങ്ങൾ (കാർബൺ ഡൈ ഓക്സൈഡ് ആണ് ഇതിൽ മുഖ്യം) അന്തരീക്ഷ താപനിലയിൽ വരുത്തുന്ന മാറ്റം ഭൂമിയുടെ ആവാസവ്യവസ്ഥയെത്തന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ആഗോളതാപനം പഴങ്കഥയായെന്നും ‘ആഗോള തിളയ്ക്കൽ’ ആണ് ഇപ്പോൾ സംഭവിക്കുന്നതെന്നുമാണ് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടത്. 360 കോടിപ്പേർ കാലാവസ്ഥാമാറ്റത്തിന്റെ ഇരകളാകാൻ സാധ്യതയുണ്ടെന്നാണു യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

വ്യവസായവിപ്ലവത്തിന്റെ ഫലമായി ലോകമാകെ 19–ാം നൂറ്റാണ്ടിലേതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് താപനില ഇപ്പോൾ കൂടിയിട്ടുണ്ട്. ഇതൊരു ചെറിയ കണക്കല്ല. ഭീതിജനകമായ കാലാവസ്ഥമാറ്റങ്ങൾക്കാണ് ഈ സംഖ്യ കാരണമായിരിക്കുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലും പടർന്നുപിടിച്ച കാട്ടുതീ, ചൈനയിലുണ്ടായ അപ്രതീക്ഷിത പ്രളയം, ബംഗ്ലദേശിലെ ഡെങ്കിപ്പനി മരണങ്ങൾ തുടങ്ങിയവ ഈ വർഷം ഇതുവരെ സംഭവിച്ച ദുരന്തങ്ങളിൽ ചിലതു മാത്രമാണ്. താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോയാൽ വിവരണാതീതമായ ദുരന്തങ്ങൾ ലോകത്തുണ്ടാകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS