പ്രതീക്ഷയുടെ കാവലിൽ പാക്കിസ്ഥാൻ

HIGHLIGHTS
  • ഇമ്രാൻ ഖാന്റെ ജയിൽവാസവും തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള വിലക്കും സഹതാപതരംഗമായി ആഞ്ഞടിച്ചാൽ 2018ലെ വിജയം ആവർത്തിക്കാനാകുമെന്ന് പിടിഐ കണക്കുകൂട്ടുന്നു
pak-election
SHARE

കാവൽ പ്രധാനമന്ത്രിയുടെ കീഴിൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണു പാക്കിസ്ഥാൻ. കാവൽ മന്ത്രിസഭയ്ക്കു കീഴിൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടമെങ്കിലും രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന രാജ്യത്ത് അതു നടക്കുമോയെന്നു സംശയമുണ്ട്.

അഴിമതിക്കേസിൽ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലാണ്. അഞ്ചു വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുമുണ്ട്. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദും തമ്മിലുണ്ടായ ധാരണയെത്തുടർന്ന് ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവ് അൻവറുൾ ഹഖ് കാകർ ആണു കാവൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്.

പ്രധാനമന്ത്രിയാവാൻ മൂന്നു പേർ രംഗത്ത്

ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് (പിടിഐ), ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ), ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. ഇമ്രാൻ ഖാന്റെ ജയിൽവാസവും തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള വിലക്കും സഹതാപതരംഗമായി ആഞ്ഞടിച്ചാൽ 2018ലെ വിജയം ആവർത്തിക്കാനാകുമെന്ന് പിടിഐ കണക്കുകൂട്ടുന്നു. തന്റെ പാർട്ടിയുടെ പ്രകടനം മെച്ചമായാൽ നാട്ടിലേക്കു തിരിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലാണ്, മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന പിഎംഎൽ–എൻ നേതാവ് നവാസ് ഷെരീഫ്. എന്നാ‍ൽ, നവാസ് അഴിമതിക്കേസിൽപ്പെട്ടതിനാൽ ഭൂരിപക്ഷം ലഭിച്ചാൽ സഹോദരൻ ഷഹബാസ് ഷരീഫ് തന്നെയാകും പ്രധാനമന്ത്രി. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പിപിപി അധ്യക്ഷനുമായ മുപ്പത്തിനാലുകാരൻ ബിലാവൽ ഭൂട്ടോയാണു മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥി.

സെൻസസ് നടന്നാൽ തിരഞ്ഞെടുപ്പു നീളും

കഴിഞ്ഞ സർക്കാർ സ്ഥാനമൊഴിയും മുൻപു പുതിയ സെൻസസിന് അനുമതി നൽകിയിരുന്നു. ഇതു നടന്നാൽ ആ കണക്കുകൾക്കനുസരിച്ചു മണ്ഡലങ്ങളുടെ അതിർത്തി മാറ്റേണ്ടി വരും. 24.1 കോടി ജനങ്ങളുള്ള പാക്കിസ്ഥാനിലെ നൂറുകണക്കിനു മണ്ഡലങ്ങൾ പുനർനിർണയിക്കാൻ ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കിൽ 90 ദിവസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പു നടക്കാൻ സാധ്യത കുറവാണ്.

സുപ്രധാന വിഷയം സമ്പദ്‌വ്യവസ്ഥ

തകർച്ചയിലായിരുന്ന പാക്കിസ്ഥാന്റെ 350 ബില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥ, രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) അടിയന്തര വായ്പ ലഭിച്ചതോടെ സമ്പൂർണനാശത്തിൽനിന്നു തൽക്കാലം രക്ഷപ്പെട്ടു. എങ്കിലും, ഐഎംഎഫ് നിർദേശിച്ച കർശന സാമ്പത്തിക നടപടികൾ നടപ്പാക്കുമ്പോൾ ഇപ്പോൾത്തന്നെ വലിയതോതിൽ ഉയർന്നുനിൽക്കുന്ന ഉൽപന്നവിലയിൽ വശംകെട്ട ജനം എങ്ങനെ പ്രതികരിക്കുമെന്നതും തിരഞ്ഞെടുപ്പിൽ സുപ്രധാന വിഷയമാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS