‘എനിക്കൊരു സ്വപ്നമുണ്ട്’ എന്നു തുടങ്ങുന്ന മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വിഖ്യാതപ്രസംഗത്തിനും അതിനു നിമിത്തമായ വാഷിങ്ടൻ മാർച്ചിനും 60 വയസ്സു തികഞ്ഞു. അന്നു ലിങ്കൻ സ്ക്വയറിൽ മാർട്ടിൻ ലൂഥർ കിങ് നടത്തിയ പ്രസംഗം ലോകത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട പ്രസംഗങ്ങളിലൊന്നാണ്.

വിവേചനം മായ്ച്ച്

വംശം, നിറം, മതം, ലിംഗം എന്നിവയിലധിഷ്ഠിതമായ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടര ലക്ഷം പേരാണ് 1963 ഓഗസ്റ്റ് 28ന് അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിലേക്കു മാർച്ച് ചെയ്തത്. 1964ൽ അമേരിക്ക പൗരാവകാശ നിയമം പാസാക്കുന്നതിനു പിന്നിലെ പ്രധാന പ്രേരണ വാഷിങ്ടൺ മാർച്ച് ആയിരുന്നു. 60 വർഷം പിന്നിടുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് പദവി വഹിച്ച ആദ്യ കറുത്ത വർഗക്കാരനായ ബറാക് ഒബാമ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ കറുത്ത വർഗക്കാർക്കു പ്രാതിനിധ്യം ലഭിച്ചു കഴിഞ്ഞു. എന്നാൽ, ഗൗരവതരമായ വർണ, വർഗ, വംശ വിവേചനങ്ങൾ അമേരിക്കൻ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. അനുസ്മരണച്ചടങ്ങുകൾ നടന്നു ദിവങ്ങൾക്കുള്ളിലാണ് ഫ്ലോറിഡയിൽ ഒരു വെള്ളക്കാരൻ മൂന്ന് ആഫ്രിക്കൻ വംശജരെ വെടിവച്ചു കൊന്നത്.

അമേരിക്കൻ ഗാന്ധി

മഹാത്മാഗാന്ധിയുടെ ജീവിതാദർശങ്ങളിൽ പ്രചോദിതനായിരുന്ന മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ‘അമേരിക്കൻ ഗാന്ധി’ എന്നറിയപ്പെടുന്നു. ഇന്ത്യ സന്ദർശിച്ച വേളയിൽ 1959 ഫെബ്രുവരി 22നു മാർട്ടിൻ ലൂഥർ കിങ് കേരളത്തിലുമെത്തി. തന്റെ ഇന്ത്യാസന്ദർശനത്തെ ‘അഹിംസയുടെ നാട്ടിലേക്കുള്ള രാഷ്ട്രീയതീർഥാടനം’ എന്നാണു കിങ് വിശേഷിപ്പിച്ചത്.

1964ൽ 35–ാം വയസ്സിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. സ്ട്രൈഡ് ടുവേഡ് ഫ്രീഡം, സ്ട്രെങ്ത് ടു ലവ്, വൈ വി കാന്റ് വെയ്റ്റ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. 1968 ഏപ്രിൽ 4നു മെംഫിസിൽ ജോൺ ഏൾ റേ എന്നയാളുടെ വെടിയേറ്റ് മാർട്ടിൻ ലൂഥർ കിങ് രക്തസാക്ഷിയായി.

2500 പ്രസംഗങ്ങൾ

1957 മുതൽ 1968 വരെ അമേരിക്കയിലുടനീളം 2500 പ്രസംഗങ്ങളാണു മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നടത്തിയത്.

വാഷിങ്ടൺ മാർച്ചിലെ വിഖ്യാതപ്രസംഗത്തിലെ ചില സുപ്രധാന വാചകങ്ങൾ ഇങ്ങനെ: ‘എനിക്കൊരു സ്വപ്‌നമുണ്ട്, അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്‌ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. ∙എനിക്കൊരു സ്വപ്‌നമുണ്ട്, തൊലിയുടെ നിറംകൊണ്ടല്ല, സ്വഭാവത്തിന്റെ മേന്മകൊണ്ട് വ്യക്‌തികളെ വിലയിരുത്തപ്പെടുന്ന രാജ്യത്ത് എന്റെ നാലു കുഞ്ഞുങ്ങൾ ജീവിക്കുന്ന ദിനം.