ADVERTISEMENT

 ‘കേരള സാക്ഷരതയുടെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തിത്വമാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍. ‘പള്ളിക്കൂടം’ എന്ന വാക്കിന്റെ കാരണഭൂതന്‍ തന്നെ ചാവറയച്ചനാണ്. ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരില്‍ എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം അദ്ദേഹം നടപ്പിലാക്കിയതിനു പിന്നാലെയാണ് പള്ളിക്കൂടം എന്ന വാക്ക് പ്രയോഗത്തില്‍ വന്നത്. ക്രിസ്തീയ പുരോഹിതന്‍ എന്നതിനൊപ്പം സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ചാവറയച്ചന്‍. പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു.

1805 ഫെബ്രുവരി 10നു ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ കുര്യാക്കോസ്-മറിയം ദമ്പതികളുടെ മകനായാണ് കുര്യാക്കോസ് ഏലിയാസ് എന്ന ചാവറയച്ചന്‍ ജനിക്കുന്നത്. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴില്‍ പൗരോഹിത്യത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. പതിമൂന്നാം വയസ്സില്‍ വൈദിക പഠനത്തിനായി പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബറില്‍ അദ്ദേഹം പുരോഹിതനായി. കോട്ടയം ജില്ലയിലുള്ള മാന്നാനം എന്ന ഗ്രാമമായിരുന്നു ചാവറയച്ചന്റെ പ്രധാന കര്‍മ മണ്ഡലം.

കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്കു നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളാണ് ചാവറയച്ചന്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് അതിനെതിരെ സംസാരിക്കാനും പ്രവര്‍ത്തിക്കാനുമായി ഒരു പുരോഹിതന്‍ ഇറങ്ങിത്തിരിച്ചത് പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി അദ്ദേഹം പരിശ്രമിച്ചു. ഓരോ ക്രിസ്ത്യന്‍ പള്ളിക്കൊപ്പവും ഒരു വിദ്യാലയം കൂടി പണിതുയര്‍ത്തണമെന്ന ആശയം അധികൃതരുടെ സഹായത്തോടെ അദ്ദേഹം നടപ്പിലാക്കിയത് 1864 ലാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക നിരോധനങ്ങളെ വെല്ലുവിളിച്ച് കീഴാളര്‍ക്ക് നിഷിദ്ധമായ സംസ്‌കൃത വിദ്യാഭ്യാസം നല്‍കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ചാവറയച്ചന്‍.

chavara-kuriakose-achan
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍

ഒരു ‘പിടിയരി’ സഹായം

ദരിദ്രരായ കുട്ടികളുടെ വിശപ്പകറ്റാനായി അവര്‍ക്കു ഭക്ഷണമൊരുക്കുന്നതിനു ചാവറയച്ചൻ നടപ്പിലാക്കിയ മനോഹരമായ ആശയമായിരുന്നു ‘പിടിയരി’. ഓരോ നേരവും ഭക്ഷണത്തിനുള്ള അരിയെടുക്കുമ്പോള്‍ ഒരു പിടി അരി മാറ്റിവയ്ക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഇങ്ങനെ ശേഖരിച്ച അരി ആഴ്ചയുടെ അവസാനം ആശ്രമത്തിലെത്തിക്കുകയും അതു പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കാനായി ഉപയോഗിക്കുകയും ചെയ്തു. 1846-ല്‍ മാന്നാനത്തു ചാവറയച്ചന്‍ ആരംഭിച്ച സെന്റ് ജോസഫ്‌സ് പ്രസ്സ് കേരളത്തിലെ മൂന്നാമത്തെ അച്ചടിശാലയും വിദേശികളുടെ സഹായമില്ലാതെ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ പ്രസ്സുമായിരുന്നു. ഈ അച്ചടിശാലയില്‍ നിന്നാണ് നിലവില്‍ പ്രചാരത്തിലുള്ള ഏറ്റവും പഴയ മലയാളം പത്രമായ നസ്രാണി ദീപിക വന്നത്.

കുര്യാക്കോസ് ഏലിയാസ് ചാവറയുടെ രചനകളെ പ്രധാനമായും ക്രോണിക്‌സും ചരിത്ര രചനകളും, ആത്മീയ രചനകള്‍, കത്തുകള്‍, പ്രാര്‍ഥനാ വാചകങ്ങള്‍, ആരാധനക്രമത്തെക്കുറിച്ചുള്ള രചനകള്‍, ഭരണവുമായി ബന്ധപ്പെട്ട എഴുത്തുകള്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളായി തിരിക്കാം. സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമാണ് ചാവറ ഏലിയാസ് അച്ചന്‍.

1871 ജനുവരി 3 നു 65 ാം വയസ്സില്‍ എറണാകുളത്ത് കൂനമ്മാവിലാണ് ചാവറ ഏലിയാസ് അച്ചന്‍ വിടവാങ്ങിയത്. 1986 ഫെബ്രുവരി 8ന് ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധന്‍ എന്നു നാമകരണം ചെയ്തു. ചാവറയച്ചന്‍ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്. അച്ചൻ ഉപയോഗിച്ചിരുന്ന മുറി പള്ളിയിലെ ചരിത്രമ്യൂസിയത്തില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com