മുൻപേ നടന്ന സന്യാസി
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമി. അധികാരത്തോട് അറിവ് ആയുധമാക്കി പോരാടിയ ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജാതിചിന്തകൾക്കെതിരെ പ്രതികരിക്കാൻ പഠിപ്പിച്ചു കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമി. അധികാരത്തോട് അറിവ് ആയുധമാക്കി പോരാടിയ ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജാതിചിന്തകൾക്കെതിരെ പ്രതികരിക്കാൻ പഠിപ്പിച്ചു കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമി. അധികാരത്തോട് അറിവ് ആയുധമാക്കി പോരാടിയ ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജാതിചിന്തകൾക്കെതിരെ പ്രതികരിക്കാൻ പഠിപ്പിച്ചു കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമി. അധികാരത്തോട് അറിവ് ആയുധമാക്കി പോരാടിയ ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജാതിചിന്തകൾക്കെതിരെ പ്രതികരിക്കാൻ പഠിപ്പിച്ചു കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ ഗുരുവാണ് അദ്ദേഹം. വിവേചനങ്ങൾക്കെതിരെ സന്ധിയില്ലാപോരാട്ടമായിരുന്നു ചട്ടമ്പിസ്വാമികളുടെ ജീവിതം. സമഭാവനയും സഹജീവികളോടുള്ള കരുണയും ആ പോരാട്ടത്തിൽ ആയുധങ്ങളായി.
∙ അയ്യപ്പൻ ചട്ടമ്പിയായ വഴി
1853 ഓഗസ്റ്റ് 25നു തിരുവനന്തപുരം കണ്ണമ്മൂലയിലാണു ചട്ടമ്പിസ്വാമിയുടെ ജനനം. അച്ഛൻ താമരശേരി വാസുദേവ ശർമ, അമ്മ നങ്കാദേവി. അയ്യപ്പൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. അറിയപ്പെട്ടതു കുഞ്ഞൻ എന്ന ഓമനപ്പേരിലും. കൊല്ലൂർമഠം പാഠശാലയിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ പഠിക്കുന്ന സമയത്താണു കുഞ്ഞനു ചട്ടമ്പിയെന്ന പേരു വീഴുന്നത്. ഗുരുകുലത്തിലെ മറ്റു കുട്ടികളെ നിയന്ത്രിച്ച് അച്ചടക്കം ഉറപ്പാക്കാൻ ആശാൻ നൽകിയ സ്ഥാനപ്പേരായിരുന്നു ചട്ടമ്പി. പിന്നീടു മുതിർന്നപ്പോഴും ചട്ടമ്പി എന്ന സ്ഥാനപ്പേര് ഒപ്പം കൂടി.
തെക്കൻ തമിഴ്‌നാട്ടിലെ ക്രൈസ്തവ പുരോഹിതനു കീഴിൽ ദീർഘകാലം അദ്ദേഹം ബൈബിളും ക്രൈസ്തവധർമവും പഠിച്ചു. തുടർന്ന് ആചാരപ്രകാരം ഖുർആൻ പഠിക്കാൻ കുറെക്കാലം മുസ്‍ലിം മതപണ്ഡിതനൊപ്പവും കഴിഞ്ഞു. പല സന്യാസിമാരോടൊപ്പം തമിഴ്‌നാട്ടിലും മറ്റും അലഞ്ഞു. വഴിയരികിൽ കണ്ടുമുട്ടിയ അവധൂതനോടൊപ്പം മാസങ്ങളോളം വനവാസത്തിൽ കഴിഞ്ഞു. ബുദ്ധമതവും മനസ്സിലാക്കിയതോടെ
എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള പല വഴികളാണെന്ന തിരിച്ചറിവാണു കുഞ്ഞൻ ആർജിച്ചത്. ഒടുവിൽ ജീവകാരുണ്യവും മാംസാഹാര വിരോധവും ജീവിതവ്രതമാക്കിയ തികഞ്ഞ ജ്ഞാനിയായി സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ആജീവനാന്ത ആധ്യാത്മിക ധൈഷണിക ജീവിതം നയിക്കാനായിരുന്നു അദ്ദേഹം മോഹിച്ചത്. എന്നാൽ, കുടുംബജീവിതഭാരം മൂലം കൂലിവേല ചെയ്തു നിത്യവൃത്തി കഴിക്കേണ്ട സ്ഥിതി വന്നു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പണിയുന്നതിനുള്ള കല്ലും മണ്ണും ഉരുപ്പടികളും തലയിലേറ്റിയ ചുമട്ടുതൊഴിലാളിയായി. പിന്നീട് ആധാരമെഴുത്തുകാരനായും വക്കീൽ ഗുമസ്തനായും ജോലി ചെയ്തു. ദിവാൻ മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു സെക്രട്ടേറിയറ്റിൽ ഗുമസ്തനായി. പക്ഷേ, അതും അധികകാലം തുടർന്നില്ല.
∙ യുക്തിയുടെ വെളിച്ചം
ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണു ചട്ടമ്പിസ്വാമികൾ പൊതുരംഗത്തു ശ്രദ്ധേയനായത്. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണർ അധികാരം കൈവശപ്പെടുത്തി. ഭൗതിക ജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീർന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്കൃത രീതികൾ അവർണനു നിഷേധിക്കപ്പെട്ടു. ഇതിനെതിരെ ചട്ടമ്പിസ്വാമി ശക്തമായി പ്രതികരിച്ചു. വർണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു.ഹൈന്ദവ ദർശനങ്ങളിൽ എവിടെയും പരാമർശിച്ചിട്ടില്ലാത്ത അയിത്താചരണം, കൂട്ടുകുടുംബ വ്യവസ്‌ഥ, സംബന്ധവ്യവസ്‌ഥ, മരുമക്കത്തായ സമ്പ്രദായം തുടങ്ങിയവയെ എല്ലാം അദ്ദേഹം എതിർത്തു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. കേരള ചരിത്രത്തെ സംബന്ധിച്ച് അന്നുവരെ നിലനിന്നിരുന്ന പല സിദ്ധാന്തങ്ങളെയും സ്വാമികളുടെ കൃതികൾ ചോദ്യം ചെയ്യുന്നുണ്ട്. വെള്ളമുണ്ടും തോർത്തുമായിരുന്നു വേഷം എന്നതിനാൽ കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
∙ ആശയം കുടുംബങ്ങളിലേക്ക്
കേരളത്തിൽ നവോത്ഥാന സംരംഭങ്ങൾക്കു ശക്തി പകർന്ന അവധൂതനായിരുന്നു ചട്ടമ്പിസ്വാമി. രാഷ്ട്രീയപാർട്ടികളും സംഘടനകളും പിൽക്കാലത്തു ഫലപ്രദമായി ഉപയോഗിച്ച കുടുംബസദസ്സുകളായിരുന്നു സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമി ആശ്രയിച്ചിരുന്നത്. നിരന്തര സഞ്ചാരിയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തുമുള്ള സുഹൃദ്സംഘങ്ങൾ സ്വാമി എത്തുമ്പോൾ സജീവമാകും. ഈ സുഹൃദ്സംഘങ്ങളുടെ സംവാദത്തിനും അഭിപ്രായരൂപീകരണത്തിനും വേണ്ടി തയാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണു ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏറെയും. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്കു വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ക്രിസ്തുമതഛേദനം, ജീവകാരുണ്യ നിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
ആധ്യാത്മിക കാര്യങ്ങളെക്കുറിച്ചും അന്നത്തെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രയോജനപ്രദമായ ഗ്രന്ഥങ്ങൾ ആദ്യമായി മലയാളത്തിൽ ലഭ്യമാക്കിയതു ചട്ടമ്പിസ്വാമികളാണ്. സംസ്കൃത മഹത്വവാദം അസംബന്ധമാണെന്ന് ആദിഭാഷയിൽ സ്വാമികൾ സ്ഥാപിക്കുന്നുണ്ട്. സംസ്കൃതത്തിൽ മാത്രം അന്നേവരെ ലഭ്യമായിരുന്ന പല അറിവുകളും സാധാരണക്കാരന്റെ ഭാഷയിൽ പകർന്നു തരുന്നതാണു ചട്ടമ്പിസ്വാമി കൃതികൾ. സ്വാമിയുടെ ശ്രമങ്ങൾക്കു മുൻപു സാധാരണക്കാരനു നിയമം മൂലം നിഷേധിച്ചിരുന്ന വൈദികശാസ്ത്രങ്ങളിലും മറ്റുമുള്ള അറിവുകൾ അവരുടെ ഭാഷയിൽ തന്നെ ലഭ്യമാവുമെന്ന് ആർക്കും സ്വപ്നം കാണാൻ കൂടി കഴിഞ്ഞിരുന്നില്ല. വേദാന്തസാരം, നിജാനന്ദവിലാസം, ഭാഷാപദ്മപുരാണാഭിപ്രായം, ക്രിസ്തുമതഛേദനം, ജീവകാരുണ്യനിരൂപണം, ശ്രീചക്രപൂജാകല്പം, ആദിഭാഷ, പ്രാചീനമലയാളം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനകൃതികളിൽ ചിലതാണ്.
∙ ജ്ഞാനം പകർന്ന വിദ്യാധിരാജൻ
1875ൽ പേട്ടയിൽ രാമൻ പിള്ള ആശാൻ സംഘടിപ്പിച്ച ‘ജ്ഞാനപ്രജാകരം’ എന്ന പണ്ഡിത സദസ്സ് സ്വാമികളുടെ ജീവിതത്തിലെ വഴിത്തിരിവാണ്.തൈക്കാട് അയ്യാ സ്വാമിയെ കണ്ടുമുട്ടിയ ചട്ടമ്പിസ്വാമികൾ അയ്യാ വഴിയിൽ ആകൃഷ്ടനായി. സന്യാസത്തിലും സാമൂഹിക പരിഷ്കരണ ആശയങ്ങളിലും താൽപര്യം ശക്തിപ്പെട്ടു. അയ്യാ സ്വാമിയിൽനിന്നാണു അദ്ദേഹം യോഗവിദ്യ ഗ്രഹിച്ചത്. സുബ്ബജടാപാഠികൾ എന്ന വേദാന്ത പണ്ഡിതനിൽനിന്നാണു ചട്ടമ്പിസ്വാമികൾ സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും പാണ്ഡിത്യം നേടിയത്.പണ്ഡിത സദസ്യരായ സ്വാമിനാഥ ദേശികരിൽനിന്നു തമിഴും മനോന്മണിയം സുന്ദരം പിള്ളയിൽനിന്നു തത്വചിന്തയും പഠിക്കാനും അവസരമുണ്ടായി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയ ഒരു സന്യാസി ബാലസുബ്രഹ്മണ്യമന്ത്രം പഠിപ്പിച്ചെന്നും അങ്ങനെ ഷണ്മുഖദാസനായി പുതിയ ഉണർവ്് ആർജിച്ചെന്നും പറയപ്പെടുന്നു. ശ്രീനാരായണഗുരുവിന്റെ സമകാലികനും സുഹൃത്തുമായിരുന്നു ചട്ടമ്പിസ്വാമികൾ. 1883 ചെമ്പഴന്തി ആണിയൂർ ക്ഷേത്രത്തിലായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങളാലാണ് ശ്രീനാരായണഗുരു ചരമശ്ലോകത്തിൽ ചട്ടമ്പിസ്വാമികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. പണ്ഡിതനായ കൂപക്കരമഠം പോറ്റിയാണ് ചട്ടമ്പിസ്വാമിയെ ‘വിദ്യാധിരാജൻ’ എന്നു വിശേഷിപ്പിച്ചത്. ചട്ടമ്പിസ്വാമികളുടെ ശിഷ്യരിൽ ചിലരാണ് ബോധേശ്വരൻ, പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വേലുതെരി കേശവൻ വൈദ്യൻ, കുമ്പളത്തു ശങ്കുപിള്ള, നീലകണ്ഠ തീർഥപാദർ എന്നിവർ. തന്റെ അവസാനകാലത്തു സ്വാമികൾ നിരവധി രോഗങ്ങൾ മൂലം ബുദ്ധിമുട്ടി. അവസാന നാളുകളിൽ തന്നെ കാണാൻ എത്തിയവരോടെല്ലാം തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടെന്നും ഇനി ആയുസ്സില്ലെന്നും ചട്ടമ്പിസ്വാമികൾ പറയുമായിരുന്നു. 1924 മേയ് 5നു കൊല്ലത്തെ പന്മന ആശ്രമത്തിലാണു ചട്ടമ്പിസ്വാമികൾ സമാധിയായത്.