അൽബുക്കർക്കിലെ കൗബോയ്
Mail This Article
ആമസോൺ. ഒരുകാലത്ത് ആമസോൺ എന്നാൽ തെക്കനമേരിക്കയിലെ ഒരു മഴക്കാടും നദിയും മാത്രമായിരുന്നു. ഇന്നാ വാക്കു കേട്ടാൽ ഭൂമിയുടെ ശ്വാസകോശമെന്നു വിളിപ്പേരുള്ള ആ നിബിഡവനങ്ങളെക്കാൾ വേഗം മനസ്സിലെത്തുക ഇന്റർനെറ്റിലൂടെ വളർന്നുപന്തലിച്ചൊരു ആമസോൺ ആകും. ഇ–കൊമേഴ്സ് രംഗത്തെ വൻമരമായി മാറിയ ആമസോൺ.കോം. ആ വൻമരത്തിന്റെ വിത്തുകൾ പാകിയത് യുഎസിലെ സിയാറ്റിലിലുള്ള ഒരു വീടിന്റെ ഗാരേജിലാണ്. ആഗോളധനികരിൽ ഇന്നു മുൻപന്തിയിലുള്ള ജെഫ് ബെസോസിന്റേതു കൂടിയാണ് ആമസോൺ പച്ചപിടിച്ച കഥ.
1964ൽ ന്യൂ മെക്‌സിക്കോയിലെ അൽബുക്കർക്കിലാണു ജെഫ് ബെസോസ് ജനിച്ചത്. യുഎസിന്റെ ആദ്യകാല ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള കൗബോയ് സംസ്‌കാരത്തിനു പേരുകേട്ട നഗരമാണ് അൽബുക്കർക്ക്. മോട്ടർ സൈക്കിൾ ഷോറൂം ഉടമയായ ടെഡ് ജോർഗൻസനും ജാക്വിലിനുമായിരുന്നു മാതാപിതാക്കൾ. എന്നാൽ, മാതാപിതാക്കളുടെ ചിത്രം ജെഫിന്റെ മനസ്സിൽ പതിയും മുൻപേ അവർ ബന്ധം പിരിഞ്ഞു. ജെഫിന് ഒരു വയസ്സുള്ളപ്പോഴായിരുന്നു ആ വേർപിരിയൽ. ജാക്വിലിൻ താമസിയാതെ മിഗ്വൽ ബെസോസിനെ വിവാഹം കഴിച്ചു. രണ്ടാനച്ഛനായ മിഗ്വൽ ജെഫിനെ നന്നായി സ്നേഹിച്ചിരുന്നു. പേരിനൊപ്പം സർനെയിം ആയി ബെസോസിന്റെ പേരു വന്നത് അങ്ങനെയാണ്. പഠനകാലത്തുതന്നെ കംപ്യൂട്ടറുകളോടു താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.തുടർന്നു വാൾ സ്ട്രീറ്റിലും ചില നിക്ഷേപ സ്ഥാപനങ്ങളിലും ജോലി. ഇതിനിടെയാണു സംരംഭകത്വം എന്ന സ്വപ്നത്തിനു പിന്നാലെ പോകാനുള്ള തീരുമാനത്തിന്റെ പിറവി.
ഡി.ഇ.ഷോ എന്ന പ്രശസ്ത ഇൻവെസ്റ്റ് സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡന്റായി തിളങ്ങി നിൽക്കുന്നതിനിടെയാണ് അതുപേക്ഷിക്കാനുള്ള ധീരമായ തീരുമാനം. പാളിയാൽ ജീവിതം തന്നെ വെള്ളത്തിലാകുമെന്ന സ്ഥിതി. എന്നാൽ തന്റെ ലക്ഷ്യം ആ സംശയത്തിന്റെ പേരിൽ അടിയറ വയ്ക്കാൻ ബെസോസ് തയാറായിരുന്നില്ല.
ഒരു ഓൺലൈൻ ബുക്സ്റ്റോർ. അതായിരുന്നു ബെസോസിന്റെ ആശയം. സിയാറ്റിലിലെ സ്വന്തം വീടിന്റെ ഗാരിജായിരുന്നു ഓൺലൈൻ ബുക്‌സ്റ്റോറിന്റെ ആദ്യ ഓഫിസ്. ഇവിടെ ആമസോൺ ഡോട് കോം എന്നെഴുതിയ ബാനറിനു താഴെ ഒരു കംപ്യൂട്ടറുമായി ഇരിക്കുന്ന ബെസോസിന്റെ ചിത്രം ലോകപ്രശസ്തമാണ്. ആമസോണിന്റെ അടിത്തറ തന്നെയായിരുന്നു ആ ഗാരിജും ചിത്രവും.
ആദ്യ മാസത്തിൽ തന്നെ അൻപതോളം രാജ്യങ്ങളിലേക്കാണ് ആ ഗാരിജിൽ നിന്ന് ആമസോണിലൂടെ പുസ്തകങ്ങളെത്തിയത്. ഒരുമാസം കൂടി പിന്നിട്ടതോടെ 20,000 യുഎസ് ഡോളർ വരുമാനം നേടാൻ ബെസോസിനായി.1997 ആയപ്പോഴേക്കും ഇന്റർനെറ്റ് വാണിജ്യരംഗത്തെ ഏറ്റവും കരുത്തുറ്റ കമ്പനിയായും ആമസോൺ വളർന്നുപന്തലിച്ചു.
അപ്പോഴും ആമസോണിന്റെ തണലിൽ മാത്രം ഒതുങ്ങാനായിരുന്നില്ല ബെസോസിന്റെ തീരുമാനം. ആഗോള സംരംഭകനായി വളർന്ന ബെസോസ് 2000 ൽ ബഹിരാകാശ സംരംഭകത്വം എന്ന ആശയത്തിലേക്കു കാൽവച്ചു. അന്നത്തെ കാലത്ത് അത്ര സുരക്ഷിതമായ ഒന്നായിരുന്നില്ല ആ ആശയം. എന്നാൽ വരുംവരായ്കകളെ തെല്ലും ഭയക്കാത്ത ഒരു ‘കൗബോയ്’ എന്നും ഉള്ളിലുള്ള ബെസോസിനു പിന്തിരിപ്പിക്കാൻ അതൊന്നും മതിയായില്ല.
ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ കമ്പനി അങ്ങനെ പിറവിയെടുത്തു. ബ്ലൂ ഒറിജിന്റെ സിദ്ധാന്തം ലളിതമായിരുന്നു – പണം നൽകാൻ തയാറുള്ള എല്ലാവർക്കും ബഹിരാകാശത്തെത്താൻ അവസരമൊരുക്കുക. ഒന്നരപ്പതിറ്റാണ്ടോളം നാളെടുത്തു ബെസോസിന്റെ ആ സ്വപ്നം പൂവണിയാൻ. കടമ്പകൾ പലതും കടന്ന് അടുത്തിടെയാണ് ന്യൂ ഷെപ്പേഡ് എന്ന സ്വന്തം പേടകത്തിൽ ബ്ലൂ ഒറിജിൻ യാത്രികർ ബഹിരാകാശത്തിന്റെ അതിർത്തികൾ താണ്ടിയത്. നാസയുടെ വിവിധ പദ്ധതികളിൽ ഇപ്പോൾ ബ്ലൂ ഒറിജിൻ പങ്കാളിയാണ്.
‘വാഷിങ്ടൻ പോസ്റ്റ്’ ദിനപത്രം സ്വന്തമാക്കി മാധ്യമലോകത്തും ബെസോസ് ഡേ വൺ ഫണ്ടിലൂടെ ജീവകാരുണ്യ രംഗത്തും ഏർത്ത് ഫണ്ടിലൂടെ കാലാവസ്ഥാ സംരക്ഷണത്തിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന ബെസോസിന്റെ സ്വകാര്യജീവിതം പക്ഷേ, വളരെ നിശബ്ദമായ ഒന്നാണ്. 1993ൽ വിവാഹം കഴിച്ച മക്കിൻസിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇതിനിടെ ഒരു ടിവി അവതാരകയുമായുണ്ടായ പ്രണയബന്ധം വ്യക്തിജീവിതത്തിൽ താളപ്പിഴകളുണ്ടാക്കി. 2019 ൽ ദമ്പതികൾ വേർപിരിഞ്ഞു. എന്നാൽ സ്വകാര്യജീവിതത്തിലെ പാളിച്ചകൾ സംരംഭകനായുള്ള ബെസോസിന്റെ മുന്നേറ്റത്തെ ബാധിച്ചതേയില്ല.
ബെസോസുള്ളപ്പോൾ നടക്കുന്ന ആമസോൺ യോഗങ്ങളിൽ മറ്റെല്ലാവരും ഇരിക്കുന്ന ഇരിപ്പിടങ്ങൾക്കു സമീപം ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുമായിരുന്നത്രേ. എന്തിനായിരുന്നു ഈ കസേര? യോഗത്തിൽ പങ്കെടുക്കാത്ത, എന്നാൽ വലിയ പ്രാധാന്യമുള്ള ഒരു വിഭാഗത്തെ സൂചിപ്പിക്കുന്നതാണ് ഈ കസേര. ഉപഭോക്താക്കളാണ് ആ വിഭാഗം. അതേ, ഉപഭോക്താക്കളെ മനസ്സിൽ കണ്ടു നടപ്പിലാക്കുന്ന ആ തീരുമാനങ്ങളാണ് ബെസോസ് സംരംഭങ്ങളുടെ വിജയകാരണം.