ഭാഷയുടെ ‘ദേവി’!
ഇന്ത്യയിൽ കുറഞ്ഞത് 125 വിദേശഭാഷകളെങ്കിലും സംസാരത്തിലുണ്ട്. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. ഗുജറാത്തിൽ ജാപ്പനീസ് മാതൃഭാഷയായ ജനസമൂഹമുണ്ട്.
വിസ്മൃതിയിൽ മായുന്ന ഭാഷകളെ വീണ്ടെടുക്കാനും വരുംകാലത്തിനായി രേഖപ്പെടുത്താനുമായി ജീവിതം മാറ്റിവച്ച എഴുത്തുകാരനും സാഹിത്യ, സാംസ്കാരിക വിമർശകനുമാണ് ഗണേശ് നാരായൺദാസ് ദേവിയെന്ന ജി.എൻ.ദേവി. മരണശയ്യയിലായ ഭാഷകൾക്കു ജീവശ്വാസം നൽകാനും മടക്കിക്കൊണ്ടുവരാനും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കായി. ലിപികളില്ലാത്ത ആദിവാസിമൊഴികളെപ്പോലും തനിമ ചോരാതെ കാക്കാൻ ശ്രമിച്ചു. ഭാഷകളുടെ സംരക്ഷണമെന്നതു സാംസ്കാരികപ്രവർത്തനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മൊഴിപ്പഴമ തേടി
പുണെയ്ക്കു സമീപം ഗുജറാത്തി കുടുംബത്തിൽ ജനിച്ച ജി.എൻ.ദേവി വഡോദരയിൽ അധ്യാപകനായിരുന്നു. ഇംഗ്ലിഷ് അധ്യാപകനും വിമർശകനുമായി പേരെടുത്തെങ്കിലും, മണ്ണിന്റെ മണമുള്ള ആദിമമൊഴികൾ അതിജീവനത്തിനായി കേഴുമ്പോൾ ആംഗലമൊഴി പഠിപ്പിച്ചു ജീവിക്കുന്നതു നീതിയാണോ എന്ന കുറ്റബോധം അദ്ദേഹത്തിൽ ഉടലെടുത്തു. പിൽക്കാലം, സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ആദിവാസി ഗ്രാമത്തിൽ പോയി താമസമാക്കി. മൊഴിപ്പഴമ തേടിയലഞ്ഞു.
ഭാഷാശാസ്ത്രം വലിയ പിടിയില്ലായിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ വഴിയടച്ചില്ല. ഊരുകളിലൂടെയുള്ള സഞ്ചാരം ദേവിയുടെ അത്ഭുതമേറ്റി. കേട്ടതെല്ലാം രേഖപ്പെടുത്തി. ഒട്ടേറെ ആദിവാസി ഭാഷകളിൽ അദ്ദേഹം പ്രസിദ്ധീകരണങ്ങൾ ഇറക്കി. കാടകങ്ങളിലെ ആ മനുഷ്യർ തങ്ങളുടെ മൊഴി ആദ്യമായി കടലാസിൽ പതിഞ്ഞു കാണുകയായിരുന്നു. ബ്രിട്ടിഷുകാർ ‘കുറ്റവാളി ഗോത്രങ്ങൾ’ എന്നു മുദ്ര കുത്തിയ ജനസമൂഹത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ മഹാശ്വേതാദേവിക്കൊപ്പം ജി.എൻ.ദേവിയുമുണ്ടായിരുന്നു.
ഭാഷയ്ക്കായി സമർപ്പണം
ഇന്ത്യൻ ഭാഷകളെക്കുറിച്ചു വിശദമായി അറിയാൻ ദേവി ജനകീയ ഭാഷാ സർവേ നടത്തി. ഗവേഷകർമുതൽ നാടോടികൾവരെ പങ്കെടുത്ത ഭാഷാന്വേഷണ സപര്യ രാജ്യം മുൻപൊരിക്കലും കാണാത്തതായിരുന്നു. ഇന്ത്യൻ ഭാഷകളുടെ ആഴവും പരപ്പും അതിലൂടെ മനസ്സിലാക്കാനായി. വാക്കുകളുടെ അർഥവൈപുല്യം വിസ്മയിപ്പിക്കുന്നതായിരുന്നു. ഹിമാചൽ പ്രദേശിൽ കേട്ട ഒരു വാക്കിന്റെ അർഥം ‘ചന്ദ്രൻ ഉദിക്കുന്ന രാത്രി വീഴുന്ന മഞ്ഞ്’ എന്നായിരുന്നു!
കർണാടകയിലെ ധാർവാഡിൽ താമസമാക്കിയ ദേവി വിവിധ ഭാഷകളിൽ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയും പ്രസംഗിച്ചും കിട്ടിയ പ്രതിഫലമെല്ലാം ഭാഷായാത്രകൾക്കായാണു മാറ്റിവച്ചത്. ആഫ്റ്റർ അംനേഷ്യ, ഇൻ അനദർ ടങ്, എ നൊമാഡ് കോൾഡ് തീഫ്, ദ് ബീയിങ് ഓഫ് ഭാഷ, ദ് ക്വസ്റ്റ്യൻ ഓഫ് സൈലൻസ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. ആദിവാസിവിജ്ഞാനീയത്തെ കാത്തുസൂക്ഷിക്കാനായി അക്കാദമിതന്നെ ഒരുക്കി. അര ലക്ഷത്തിലേറെ പുസ്തകങ്ങളും വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ള ജ്ഞാനസമുച്ചയമാണിത്.
ഹിന്ദിവത്കരണത്തിനെതിരെ ദേവി അതിശക്തമായി ശബ്ദിച്ചു. ജനാധിപത്യം ഒരൊറ്റ ഭാഷയിലൂടെയല്ല, ഒട്ടേറെ ഭാഷകളിലൂടെയാണു സംസാരിക്കുന്നതെന്ന ബോധ്യമാണ് ഈ ഭാഷാസഞ്ചാരിയെ നയിക്കുന്നത്.