‘തോം ഗണിനെപ്പോലെ യഥാർഥ കവിയല്ല ഞാൻ. പക്ഷേ എന്നിലും കുറച്ചു കവിതയുണ്ട്. ഫ്രാൻസിസ് ക്രിക്കിനെപ്പോലെ യഥാർഥ ശാസ്ത്രജ്ഞനല്ല ഞാൻ. പക്ഷേ എന്നിലും കുറച്ചു ശാസ്ത്രമുണ്ട്’ വിഖ്യാതനായ ന്യൂറോളജിസ്റ്റും ശാസ്ത്ര എഴുത്തുകാരനുമായ ഒലിവർ സാക്സ് ഒരിക്കൽ പറഞ്ഞ വാചകമാണിത്. അദ്ദേഹത്തിന്റെ ജീവിതാന്വേഷണങ്ങളുടെയും എഴുത്തിന്റെയും സാരം ഇതിലുണ്ട്. സിരാവിജ്ഞാനീയവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ വലിയ തരംഗമാകുകയും വിറ്റഴിയുകയും ചെയ്തു. നമുക്കു നമ്മെത്തന്നെ തിരിച്ചറിയാനുള്ള കണ്ണാടികളാണു സാക്സിന്റെ പുസ്തകങ്ങൾ. അതിഗഹനമായവയെപ്പോലും ലളിതമായും എന്നാൽ ഒത്തുതീർപ്പുകൾക്കു നിൽക്കാതെയും ആവിഷ്ക്കരിക്കുന്നതിലാണ് അദ്ദേഹത്തിന്റെ മിടുക്ക്. ഡ്വിറ്റ് ഗാർണർ സാക്സിനെ വിശേഷിപ്പിച്ചത് ‘അവസാനത്തെ ജിജ്ഞാസു’വെന്നാണ്. ഫൊട്ടോഗ്രഫിയും നീന്തലും ഭാരോദ്വഹനവുമെല്ലാം പ്രിയങ്കരമായിരുന്നു. ബിഎംഡബ്ല്യു ബൈക്കിൽ പാഞ്ഞ യൗവനോർജം അവസാനനാളുകൾ വരെ അദ്ദേഹം നിലനിർത്തി. ആ ജിജ്ഞാസയാണ് വലിയ പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുപോകാൻ തുണയായത്. പ്രോസപ്പഗ്നോസിയയെന്ന ‘മുഖമറിയായ്മ’യെക്കുറിച്ച് എഴുതുമ്പോൾ തനിക്കും ഇതേ പ്രശ്നമുണ്ടെന്നു സാക്സ് അറിഞ്ഞിരുന്നില്ല. മുഖങ്ങൾ മാത്രമല്ല, സ്ഥലങ്ങളും വഴികളും പേരുകളും വരെ തെറ്റി.

അമ്മയുടെ ശാപം, വാരാന്ത്യ ലഹരി

1933ൽ ലണ്ടനിലാണ് ഒലിവർ സാക്സ് ജനിച്ചത്. അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു. രണ്ടാംലോക യുദ്ധകാലത്ത് സാക്സിനെ അവർ‌ ബോർഡിങ് സ്കൂളിലാക്കി. ഒരിക്കലും മായാത്ത മുറിപ്പാടുകൾ വീഴ്ത്തിയ കാലമായിരുന്നു അത്. തല്ലിച്ചതയ്ക്കപ്പെട്ട ദിനങ്ങൾ. മാനസികമായും പീഡനത്തിന് ഇരയായി. സ്കിസോഫ്രീനിയയുണ്ടായിരുന്ന സഹോദരൻ മൈക്കലിൽ നിന്ന് ഭീതിയോടെ അകലം പാലിച്ചു. അതോർത്ത് പിൽക്കാലത്ത് ലജ്ജിക്കുകയും ചെയ്തു. സാക്സ് സ്വവർഗാനുരാഗിയാണെന്നറിഞ്ഞപ്പോൾ ‘നീ എനിക്കു ജനിക്കാതിരുന്നെങ്കിൽ’ എന്ന് അമ്മ ശപിച്ചു. അറുപതുകളിൽ യുഎസിലെത്തി. ജീവിതത്തിൽ മുഴുകുന്നതിനേക്കാൾ അകന്നുമാറി നിരീക്ഷിക്കാനായിരുന്നു ഇഷ്ടം. വാരാന്ത്യങ്ങളിൽ ലഹരി ഗുളികകൾക്ക് അടിപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനെയെല്ലാം ഇച്ഛാശക്തി കൊണ്ട് അതിജീവിച്ചു. മലകയറ്റം ഇഷ്ടമായിരുന്ന സാക്സ് ഒരിക്കൽ മരണത്തിന്റെ വക്കോളമെത്തി. ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരികെക്കിട്ടി. ട്യൂമർ വന്നു വലതുകണ്ണിലെ കാഴ്ച നഷ്ടപ്പെട്ടു.

മരണമെത്തുന്ന നേരത്ത്..

എഴുത്തായിരുന്നു ഏറ്റവും ഇഷ്ടമുള്ള കാര്യം. പതിനാലാം വയസ്സിലേ എഴുതാൻ തുടങ്ങി. എവെയ്ക്കനിങ്സ്, ദ് മാൻ ഹു മിസ്റ്റുക്ക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്, ഹാലൂസിനെയ്ഷൻസ് തുടങ്ങിയ പുസ്തകങ്ങൾക്ക് ഏറെ വായനക്കാരുണ്ടായി. കരളിൽ കാൻസർ വന്നു മരണം അരികിലെത്തിയപ്പോൾ അദ്ദേഹം ന്യൂയോർക്ക് ടൈംസിൽ എഴുതിയ കുറിപ്പിൽ ശേഷിക്കുന്ന സമയം എങ്ങനെ ചെലവഴിക്കുമെന്നു പറയുന്നുണ്ട്. ‘എന്റെ സൗഹൃദങ്ങൾ കൂടുതൽ ആഴമുള്ളതാക്കാൻ, സ്നേഹിക്കുന്നവർക്കു യാത്രാമൊഴിയേകാൻ, കൂടുതലെഴുതാൻ, കരുത്തുണ്ടെങ്കിൽ കൂടുതൽ യാത്ര ചെയ്യാൻ, ഉൾക്കാഴ്ചയുടെ പുതിയ തലങ്ങൾ സ്വന്തമാക്കാൻ’. ഇൻഡോ– അമേരിക്കൻ മസ്തിഷ്ക ഗവേഷകൻ വിളയനൂർ രാമചന്ദ്രന്റെ ഫാന്റംസ് ഇൻ ദ് ബ്രെയിൻ’ എന്ന പുസ്തകത്തിന് അവതാരികയെഴുതിയതു സാക്സായിരുന്നു. രാമചന്ദ്രനെ ഏറെ പ്രചോദിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. 2015 ഓഗസ്റ്റ് 30ന് ഒലിവർ സാക്സ് ഓർമയായി.