തൃശൂരുകാരനായ ഒരു ഇരുപത്താറുകാരന്റെ ജീവിതകഥയാണിത്. 95% മാർക്കോടെയാണ് അവൻ പ്ലസ് ടു പൂർത്തിയാക്കിയത്. തുടർന്ന് 65% മാർക്കോടെ ബിസിഎ എടുത്തു. അതു കഴിഞ്ഞു ചിലയിടങ്ങളിൽ അപ്രന്റിസ്ഷിപ്പിനു പോയ ഈ ചെറുപ്പക്കാരൻ ഇന്നൊരു ബാങ്കിൽ പ്രൊബേഷനറി ഓഫിസറാണ്.

ഇത്രയും കേൾക്കുമ്പോൾ ഈ കഥയിൽ പ്രത്യേകിച്ച് എന്തെങ്കിലുമുള്ളതായി തോന്നുന്നുണ്ടാവില്ല. മൂന്നാം വയസ്സിൽ ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞ കുട്ടിയാണ് ജീവിതപാതകളിൽ ഇടറിവീഴാതെ വിജയം വരിച്ചതെന്നുകൂടി അറിയണം.

മകനോ മകൾക്കോ ഓട്ടിസമാണെന്ന് അറിയുന്നതോടെ സാധാരണ നിലയിൽ ആ കുടുംബം മാനസികമായി തകരുന്നതാണു നമ്മൾ കാണാറുള്ളത്. ആ കുട്ടിക്കൊരു ഭാവിയില്ലെന്നു സമൂഹം വിധിയെഴുതുന്നു. പക്ഷേ, അശോക്–ബീന എന്ന ആ മാതാപിതാക്കൾ മകൻ അരവിന്ദിനെ വിധിയുടെ വഴിക്കു വിട്ടുകൊടുത്തില്ല. ഓട്ടിസത്തിന്റെ പ്രയാസങ്ങളെയെല്ലാം അതിജീവിച്ച്, ബിരുദം നേടി, നല്ലൊരു ജോലിയിലേക്ക് അവൻ നടന്നുകയറിയത് ആ നിരന്തരശ്രമത്തിന്റെ ഫലമായിരുന്നു.

ഇത്തരം വൈകല്യങ്ങളോടെ ജനിക്കുന്ന ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളിൽ വലിയൊരു വിഭാഗവും ‘എന്റെ കുട്ടിക്കിനി ഭാവിയില്ല’ എന്നു വിലപിച്ച് ജീവിതം തള്ളിനീക്കുകയാണു ചെയ്യാറുള്ളത്. പക്ഷേ, അശോകും ബീനയും അങ്ങനെ ചിന്തിച്ചില്ല. ‘ഞങ്ങളുടെ മകനു കൊടുക്കാൻ പറ്റുന്നതിൽ ഏറ്റവും നല്ലതു ഞങ്ങൾ ചെയ്യും’ എന്നാണവർ മനസ്സിലുറപ്പിച്ചത്. അവനു നല്ല വിദ്യാഭ്യാസവും അവസരങ്ങളും തേടിയുള്ള യാത്രയിൽ അവർക്ക് അവരുടെ ജോലിയിലെ സ്ഥാനക്കയറ്റമടക്കം പലതും ത്യജിക്കേണ്ടി വന്നിരിക്കും. ആ തീരുമാനത്തിന്റെ സഫലമായ പരിണതിയാണ് ഇന്ന് അരവിന്ദ് എത്തിനിൽക്കുന്ന അവസ്ഥ.

അരവിന്ദിന്റേത് ഒറ്റപ്പെട്ട കഥയൊന്നുമല്ല. ഇസ്രായേലിന്റെ ദേശീയ ആർമിയിൽ ഇന്നു ജോലി ചെയ്യുന്നതിൽ മുന്നൂറിലേറെപ്പേർ ഓട്ടിസം ബാധിച്ചവരാണ്! പ്ലസ് ടു കഴിഞ്ഞ് എല്ലാവർക്കും നിർബന്ധിത ആർമി സർവീസുള്ള രാജ്യമാണ് ഇസ്രായേൽ. ആർമി സർവീസിനു പോകാൻ പറ്റാത്ത ചെറുപ്പക്കാർക്ക് എന്തോ വലിയ പോരായ്മയുണ്ടെന്നു ചിന്തിക്കുന്നവരാണ് അന്നാട്ടുകാർ. സൈനികാവേശത്തിനു മുന്നിൽ ഓട്ടിസം എന്ന പരിമിതിയും മറികടക്കാൻ ഇസ്രായേൽ ഭരണാധികാരികൾ തീരുമാനിച്ചതിന്റെ ഫലമായി ഓട്ടിസം ബാധിച്ചവരെ സൈന്യത്തിൽ ചേർക്കാൻ പ്രത്യേകം പരിശീലനംതന്നെ തുടങ്ങി.

ഈ ബാച്ച് പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് നടത്തുന്ന ദിവസം ആ സദസ്സിലിരുന്ന ഒരു ബ്രിഗേഡിയറുടെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. ഇതു കണ്ട ദേശീയ രഹസ്യാന്വേഷണ ഏജൻസി ‘മൊസാദി’ന്റെ തലവൻ കാരണം തിരക്കി. ബ്രിഗേഡിയർ പറഞ്ഞു: ‘ഇന്നു പാസ് ഔട്ട് ചെയ്യുന്ന സംഘത്തിൽ എന്റെ മകനുമുണ്ട്. ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴെയിറങ്ങി ചവർ ഉപേക്ഷിക്കാൻപോലും പോകാൻ കഴിയാതിരുന്ന കുട്ടിയാണവൻ. മൂന്നര മാസത്തെ പരിശീലനത്തിലൂടെ സ്വയം ബസ് കയറി ടെൽ അവീവിലും തുടർന്നു ട്രെയിനിൽ സഞ്ചരിച്ചു ജെറുസലേമിലും ഒറ്റയ്ക്കു പോകാനുള്ളത്ര ശേഷി നേടിയിരിക്കുന്നു’.

ശേഷിക്കുറവൊന്നുമില്ലാത്ത എത്രയോ പേർ, ‘എനിക്കെവിടെനിന്നു ജോലി കിട്ടാൻ, എനിക്കതിനൊന്നും ഭാഗ്യമില്ല’ എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. പിഎസ്‍സി പരീക്ഷകൾ ഇത്രയും പേർ എഴുതുമ്പോൾ എനിക്കെങ്ങനെ ജോലി കിട്ടുമെന്നവർ വിലപിക്കും. ഭാഗ്യവും അവസരവും തമ്മിൽ കൂട്ടിക്കുഴയ്ക്കുംമുൻപ്, അതിനുള്ള ഇച്ഛാശക്തി നമ്മൾ പ്രകടിപ്പിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തുക. കുറവുകളെ പെരുപ്പിച്ചു കാണുന്നതിലേറെ അവസരങ്ങളെ തേടിപ്പോകാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക. അവസരങ്ങളുടെ വഴിയേ പോകാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ മാതാപിതാക്കളുടെ സ്വാധീനവും പ്രധാനമാണ്.

കുറവുകളെ മറികടക്കാനുള്ള ഇച്ഛാശക്തിയും കുടുംബത്തിന്റെ പിന്തുണയും നിങ്ങൾക്കുണ്ടോ. പേടിക്കേണ്ട, നിങ്ങൾ എത്തേണ്ടിടത്ത് എത്തിയിരിക്കും, തീർച്ച.