1997–’98 കാലത്താണ്. തിരുവനന്തപുരം ടെക്നോപാർക്ക് വളർന്നുവരുന്ന കാലം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്നു സിവിൽ എൻജിനീയറിങ് പൂർത്തിയായ ഒരു പെൺകുട്ടി ഒരു കമ്പനിയിൽ ജോലി നേടി അവിടെ വന്നു. നെയ്യാറ്റിൻകരയിലെ ഒരു ഓട്ടോ ഡ്രൈവറുടെ മകളായിരുന്നു ആ കുട്ടി.

അന്ന് ഏകദേശം 20,000 രൂപ ആ കുട്ടിക്കു തുടക്കത്തിൽ ശമ്പളം കിട്ടിയിരുന്നു. അന്നത്തെ കണക്കിൽ അതു വളരെ നല്ല തുകയാണ്. ആ കുടുംബത്തിന് അതുവരെ കിട്ടിയതിൽ ഏറ്റവും വലിയ മാസവരുമാനമായിരുന്നു അത്. ജോലിയിൽ കയറി രണ്ടു മാസത്തിനകംതന്നെ അവൾ വായ്പയെടുത്ത് അച്ഛനൊരു ഓട്ടോ വാങ്ങിക്കൊടുത്തു. രണ്ടോ മൂന്നോ വർഷത്തിനകം അച്ഛന്റെ ഓട്ടോകളുടെ എണ്ണം രണ്ടോ മൂന്നോ ആയി. എല്ലാം വാങ്ങിയതു മകൾതന്നെ. അവൾ വായ്പയെടുത്ത് മാസംതോറും തിരിച്ചടവിലൂടെ അച്ഛനെ മാത്രമല്ല, തന്റെ കുടുംബത്തെയാകെ കരകയറ്റുന്ന കാഴ്ച കൺമുന്നിൽ കാണുകയായിരുന്നു.

മകൾ ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോഴും അച്ഛൻ ഓട്ടോ ഓടിച്ചു ജീവിതം തുടരുന്നുണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൾ അച്ഛനോടു പറഞ്ഞു: ‘അച്ഛനിനി ഓട്ടോ ഓടിക്കേണ്ട. ഞാനൊരു ടാക്സി വാങ്ങിത്തരാം’. ഒരു ടാക്സി, മൂന്നോ നാലോ ഓട്ടോറിക്ഷ എന്ന നിലയിലേക്ക് അച്ഛൻ ‘വളരുന്നു’. കുറച്ചു കാലം കഴിഞ്ഞ് ഒരു ടാക്സികൂടി വാങ്ങുന്നു.

വർഷങ്ങൾ മുന്നോട്ടുപോയി. ‘അച്ഛനു പ്രായമായി. അച്ഛൻ ഇതെല്ലാം ഇനി നോക്കിനടത്തിയാൽ മതി’ എന്നു പറഞ്ഞ് മകൾ വീണ്ടും കുടുംബത്തിനെ പുതിയ വഴിക്കു നയിക്കുന്നു. തീരെ താഴ്ന്ന വരുമാനാവസ്ഥയിൽനിന്ന് ശരാശരിക്കു മുകളിലേക്ക് ആ കുടുംബത്തെ നയിച്ചത് ആ പെൺകുട്ടിയുടെ ജോലി മാത്രമായിരുന്നു. ഈ കഥയിലെ നായിക പിൽക്കാലത്തു ബെംഗളൂരുവിലേക്കു മാറി. അവിടെ സ്വന്തമായി ഒരു വീടു വച്ചു. നാട്ടിൽ കുടുംബവും വളരെ നല്ല അവസ്ഥയിലേക്കുയർന്നു. സഹോദരങ്ങളെ ആ പെൺകുട്ടിതന്നെ പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചു.

പഴയ കാലത്തെ ഒരു പ്രേംനസീർ സിനിമയുടെ കഥപോലെ തോന്നുന്നുണ്ടാകാം. പക്ഷേ, ഇതു യാഥാർഥ്യമാണ്. കേരളത്തിന്റെ സമ്പദ്‍രംഗത്തു ടെക്നോപാർക്ക് കൊണ്ടുവന്ന ‘വലിയ’ മാറ്റം വ്യക്തമാക്കാനാണ് ഞാനീ സംഭവകഥ ഇവിടെ ഉദാഹരിച്ചത്. ഐടി രംഗം ഒരു പ്രത്യേക സാമ്പത്തികാവസ്ഥയിലുള്ളവർക്കാണെന്നു പുറമെനിന്നു കാണുന്നവർ വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, തീരെ താഴ്ന്ന അവസ്ഥയിലുള്ള ഒരുപാടു കുടുംബങ്ങൾ ശരാശരിക്കു മുകളിലേക്കും ഉന്നതവരുമാനാവസ്ഥയിലേക്കും മാറിയത് ഒരു ദശകത്തിനകമാണ്.

ടെക്നോപാർക്കിന്റെ ആദ്യകാലത്തു ഞാൻ അവിടെ കണ്ടിട്ടുള്ള മിക്ക ഡ്രൈവർമാരുടെയും ശുചീകരണ ജീവനക്കാരുടെയുമൊക്കെ മക്കൾ ഇന്നു ടെക്നോപാർക്കിലെ പല കമ്പനികളിൽ ഉദ്യോഗസ്ഥരാണ്. ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ അമ്മ ഇപ്പോഴും അതേ കമ്പനിയിൽ ശുചീകരണ ജീവനക്കാരിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നാം!

നമ്മുടെ പശ്ചാത്തലം മാത്രമല്ല നമ്മെ വളർത്തുന്നത്. എത്ര പാവപ്പെട്ട കുടുംബത്തിൽനിന്നുള്ളയാൾക്കും, നല്ല ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ വളർച്ചയുടെ വഴി അടയില്ല. നമുക്കു കിട്ടുന്നതിന്റെ ഒരംശം കുടുംബത്തിനും സമൂഹത്തിനും തിരികെ നൽകാനുള്ള മനസ്സും പ്രധാനമാണ്.

പ്രയത്നം നിസ്വാർഥമായിരിക്കുക, കഠിനാധ്വാനം വഴിയിൽ ഉപേക്ഷിക്കാതിരിക്കുക. എത്തേണ്ടിടത്തു നിങ്ങൾ എത്തിയിരിക്കും.

(തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ജി.വിജയരാഘവൻ, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമാണ്)