പരാജയങ്ങളില്‍ പതറിപ്പോകുന്നവരാണു നാം. എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നു തോന്നുന്ന പല ഘട്ടങ്ങളുണ്ട്, ജീവിതത്തിൽ. അത്തരം സന്ദർഭങ്ങളിൽ സ്‌നേഹനിധികളായ ചില അപൂര്‍വ വ്യക്തിത്വങ്ങള്‍ കൈപിടിച്ചുയര്‍ത്താനുണ്ടായതാണ് ഇന്നും എന്നെ ജാലവിദ്യാരംഗത്തു നിലനിര്‍ത്തുന്നത്.

എന്റെ മാജിക് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കരിദിനത്തെക്കുറിച്ചു പറയാം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ‘പ്രൊപ്പല്ലര്‍ എസ്‌കേപ്’ എന്ന പുത്തന്‍ ജാലവിദ്യ അരങ്ങേറിയ ദിവസം–1999 ........ കൈകാലുകൾ ബന്ധിച്ച്, കറങ്ങിക്കൊണ്ടിരുന്ന കൂറ്റന്‍ ഫാനിന്റെ പ്രൊപ്പല്ലറുകള്‍ക്കിടയിലൂടെ രക്ഷപ്പെടുന്ന ജാലവിദ്യയാണ് ആസൂത്രണം ചെയ്തത്. പരിശീലനം മാസങ്ങൾ നീണ്ടു. വലിയൊരു വെല്ലുവിളിയാണ് ഞാൻ ഏറ്റെടുത്തത് എന്നതുകൊണ്ടുതന്നെ മാധ്യമസമൂഹം നല്ല പ്രചാരണം നൽകി. തലേന്നത്തെ പരിശീലനത്തിലും ലവലേശം പിഴവുണ്ടായില്ല. പുതിയൊരു ഇന്ദ്രജാലക്കാഴ്ചയ്ക്കായി ആയിരങ്ങള്‍ തിങ്ങിക്കൂടി.

പക്ഷേ, ആരംഭവും അവസാനവും ഒരുമിച്ചായിരുന്നു. ജാലവിദ്യ പാതിവഴിയില്‍ പിഴച്ചു. പ്രിയപ്പെട്ടവര്‍ തലയില്‍ കൈവച്ചു. കാണികള്‍ കൂവിവിളിച്ചു. പത്രക്കാര്‍ പടമെടുക്കാന്‍പോലും മറന്ന് പരസ്പരം നോക്കി. തലകുനിച്ചുകൊണ്ട്, തകർന്നുടഞ്ഞ മനസ്സുമായി ആള്‍ക്കൂട്ടത്തില്‍നിന്നു ഞാന്‍ നടന്നകന്നു. കാണികളെല്ലാം ഒഴിഞ്ഞപ്പോൾ, വേദിക്കരികിലെ ബസിന്റെ നിലത്തു കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. പകപ്പ് മാറാതെ ട്രൂപ്പിലെ അംഗങ്ങളും ചില മാധ്യമസുഹൃത്തുക്കളും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മാന്ത്രികലോകത്തുനിന്നു വിട പറയാന്‍വരെ ഞാൻ ചിന്തിച്ച നിമിഷങ്ങള്‍.

തൽക്കാലം ഒരാഴ്ചത്തേക്കു മാറിനിൽക്കാൻ തീരുമാനമെടുത്തു. പോയതു ഡൽഹിയിലേക്കാണ്. എന്റെ ആദ്യ ഡല്‍ഹി യാത്ര. യാത്രയിൽ ശരശയ്യയിലെ ഭീഷ്മരുടെ രൂപം സ്വപ്നമായി വന്നു. അതില്‍നിന്നു മനസ്സിൽ രൂപമെടുത്തത് ‘ഭീഷ്മപിതാമഹ എസ്‌കേപ്’ എന്ന ജാലവിദ്യയായിരുന്നു! സംസ്ഥാന തലസ്ഥാനത്തെ അപമാനം മറികടക്കാന്‍ രാജ്യതലസ്ഥാനത്ത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്–അതായിരുന്നു ആ സ്വപ്നം. അന്നത്തെ വാര്‍ത്താവിതരണ മന്ത്രി സുഷമാ സ്വരാജ്, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ പി.എം.സെയ്ദ്, കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഒട്ടേറെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആ ജാലവിദ്യ അവതരിപ്പിച്ചു. അന്നു വിജയം ഒപ്പം നിന്നു.

സുഷമാ സ്വരാജ് പറഞ്ഞു: ‘ഇന്ദ്രജാലത്തെ ഭാരതത്തിന്റെ അഖണ്ഡതയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ആയുധമാക്കുക. ഭാരതീയ സംസ്‌കാരം മായാജാലത്തിലൂടെ മനുഷ്യമനസ്സിലേക്കു പടരട്ടെ’. ആ വാക്കുകളുടെ ആവേശമാണ് പിന്നീട് എന്റെ ഭാരതയാത്രകളായി പരിണമിച്ചത്. ദേശീയോദ്ഗ്രഥന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് 2002 നും 2010 നുമിടയിൽ രാജ്യം മുഴുവൻ നീണ്ട നാലു യാത്രകൾക്ക് ആ പ്രേരണ ശക്തിയായി.

വീഴുന്നതു തെറ്റല്ല; വീണിടത്തുനിന്ന് എഴുന്നേല്‍ക്കാതിരിക്കുന്നതാണു തെറ്റ്. പരാജയം മൂലം എല്ലാം വിട്ടൊഴിഞ്ഞിരുന്നെങ്കില്‍ ഞാൻ ജീവിതത്തിൽ എത്രയോ പിറകോട്ടു പോയേനേ. കുറ്റങ്ങളെയും കുറവുകളെയും അതിജീവിക്കാന്‍ അനിവാര്യം ആത്മവിശ്വാസമാണ്. കാലുകള്‍ അറ്റുപോയിട്ടും കൊടുമുടി കയറിയ അരുണിമ സിന്‍ഹയുടെ കഥ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി നമുക്കു മുന്നിലുണ്ട്.

എനിക്കതിനു കഴിയുമെന്നു സദാ ചിന്തിക്കുക. എനിക്കു മാത്രമേ അതു നേടാന്‍ കഴിയൂ എന്നു മനസ്സിനെ വിശ്വസിപ്പിക്കുക. ആ വിശ്വാസത്തിന്റെ ബലം നമ്മെ വിജയത്തിലെത്തിക്കാതിരിക്കില്ല.