ആദ്യമെഴുതിയ പിഎസ്‌സി പരീക്ഷയ്ക്കുതന്നെ ഒന്നാം റാങ്ക് ലഭിച്ചപ്പോൾ ആലുവ സ്വദേശി റാൻസി ഖാദർക്ക് സന്തോഷത്തോടൊപ്പം അൽപം സങ്കടവും തോന്നി. നേരത്തേ പിഎസ്‌സി തയാറെടുപ്പു തുടങ്ങിയെങ്കിൽ മുൻപേ സർക്കാർ ജോലിക്കാരി ആകാമായിരുന്നല്ലോ എന്നായിരുന്നു, ഇക്കഴിഞ്ഞ എൽഡിസി പരീക്ഷയിലെ എറണാകുളം ജില്ലാ ഒന്നാം റാങ്കുകാരിയുടെ ദുഃഖം.

പിന്തുണച്ചത് ഭർത്താവ്

രണ്ടാം വർഷ ബിരുദപഠനത്തിനിടെയായിരുന്നു വിവാഹം. പിന്നെ ഭർത്താവിനൊപ്പം സൗദിയിൽ. മുഴുവൻസമയ വീട്ടമ്മയും മൂന്നു കുട്ടികളുടെ ഉമ്മയുമായി. ജോലിയെന്ന മോഹം മനസ്സിൽ ഉറങ്ങിക്കിടന്നു. ഇടക്കാലത്തു കംപ്യൂട്ടർ കോഴ്സുകൾ ചെയ്തു. പക്ഷേ, ജോലി നേടാൻ ലക്ഷ്യബോധമുള്ള തയാറെടുപ്പാണു വേണ്ടതെന്നു ഭർത്താവ് ഷമീർ നിർദേശിച്ചു. തുടർപഠനത്തിനും പിഎസ്‌സി പരീക്ഷാ തയാറെടുപ്പിനും പിന്തുണയേകി. അതുവരെ പിഎസ്‌സി പരീക്ഷ എഴുതാത്ത റാൻസി ആദ്യം ചെയ്തത് പരമാവധി മാതൃകാ ചോദ്യ പേപ്പറുകൾ ശേഖരിക്കുകയായിരുന്നു. എന്താണു പരീക്ഷ, എങ്ങനെയാണു ചോദ്യങ്ങൾ, എന്തെല്ലാമാണു പഠിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ അവബോധമുണ്ടാക്കി. തൊഴിൽ പ്രസിദ്ധീകരണങ്ങളടക്കം സാധ്യമായ എല്ലാ രീതികളും പഠനത്തിന് ഉപയോഗിച്ചു. കോച്ചിങ് സെന്ററിൽ ചേർന്നെങ്കിലും കോവിഡ് കാരണം ക്ലാസ് മുടങ്ങി. മോക് ടെസ്റ്റുകൾ ചെയ്തു പരിശീലിച്ചത് കൂടുതൽ ആത്മവിശ്വാസം പകർന്നു.

കൂട്ടുകാരുടെ പിൻബലം

പരീക്ഷയ്ക്കു തയാറെടുക്കുന്ന കുറേ നല്ല സുഹൃത്തുക്കളെ കണ്ടെത്താനായത് ഉണർവായി. കംബൈൻഡ് സ്റ്റഡിക്കു ടൈം ടേബിൾ തയാറാക്കി. ചോദ്യോത്തരങ്ങൾ റെക്കോർഡ് ചെയ്തതും നോട്ടുകളും സമൂഹമാധ്യമങ്ങളിലൂടെ കൈമാറി ‘കൂട്ടുപഠനം’ സജീവമാക്കി. വാട്സാപ്പിൽ വരുന്ന ചോദ്യങ്ങൾക്ക് ആദ്യം ശരിയുത്തരം അയയ്ക്കാനുള്ള ആവേശം പരസ്പരം പ്രോത്സാഹനമായി. അടുക്കളയിലും വീട്ടുജോലികൾക്കിടയിലും ഹെഡ്‌സെറ്റ് വച്ചായിരുന്നു പഠനം. കറന്റ് അഫയേഴ്സ് ഉൾപ്പെടെ വോയ്സ് ക്ലിപ്പുകളായി കൈമാറി. രാത്രി പഠനം അവസാനിപ്പിക്കുംമുൻപേ അന്നന്നത്തെ റിവിഷൻ നടത്തി. അങ്ങനെ തമ്മിൽ കാണാതെ അകലങ്ങളിലിരുന്ന് ‘ഒപ്പം’ പഠിച്ച കൂട്ടുകാർക്കാണ് റാൻസി തന്റെ വിജയത്തിന്റെ ക്രെഡിറ്റ് സമ്മാനിക്കുന്നത്. ജോലിക്കൊപ്പം, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് റാൻസി ഇപ്പോൾ.