ADVERTISEMENT

സർക്കാർ ജോലി നേടാനാകുമെന്ന് നാജാ ഒരിക്കലും കരുതിയിരുന്നില്ല. ഓട്ടോ ഡ്രൈവറായിരുന്ന പിതാവ് കുടുംബച്ചെലവിനു പെടാപ്പാടു പെടുന്നതു കണ്ടാണു വളർന്നത്. ജോലി ചെയ്ത് അച്ഛനെ സഹായിക്കണമെന്നു നാജാ മോഹിച്ചെങ്കിലും, അതിനിടെ പ്രണയവും വിവാഹവുമായി ജീവിതം വഴിതിരിഞ്ഞു. എതിർപ്പുകളെ അതിജീവിച്ച് കുടുംബജീവിതത്തിലേക്കു കടന്നു. പക്ഷേ, സർക്കാർ ജോലിക്കു തയാറെടുക്കുകയായിരുന്ന ഭർത്താവ്, തന്റെ സ്വപ്നങ്ങൾക്കൊപ്പം നാജായെയും നയിക്കുകയായിരുന്നു.

പരിഹാസം വാശിയായി

ആദ്യ മകൾ ഗർഭത്തിലുള്ളപ്പോഴാണു തിരുവനന്തപുരം സ്വദേശി നാജാ നാഥിനെ ഭർത്താവ് മുത്തുകുമാർ പിഎസ്‌സി പരിശീലനത്തിനു വിടുന്നത്. വീട്ടുതിരക്കുകൾക്കിടയിൽ തയാറെടുപ്പ് മോശമായി. രണ്ടാമത്തെ മകന്റെ ജനനത്തോടെ, സ്ഥിരം വരുമാനമില്ലാത്തതു വലിയ പ്രതിസന്ധിയായി. അതോടെ, രണ്ടും കൽപിച്ച് നാജാ പിഎസ്‌സി പഠനം ആരംഭിച്ചു. ആറു മാസം മാത്രം പ്രായമുള്ള മകനെ പകൽ അങ്കണവാടിയിലാക്കിയാണു പഠിക്കാൻ പോയത്. ഇഷ്ടത്തിനൊത്തു വിവാഹം കഴിച്ചയാൾക്കൊപ്പം ജീവിക്കാൻ വകയില്ലാതെ വലഞ്ഞതു പലരുടെയും പരിഹാസത്തിനു കാരണമായി. പക്ഷേ, പൂർണപിന്തുണയുമായി ഭർത്താവ് കൂടെനിന്നു. കഠിനപരിശ്രമം ലക്ഷ്യം കണ്ടു. ആദ്യം ഇടം നേടിയത് പൊലീസ്, റെയിൽവേ ലിസ്റ്റുകളിൽ. പക്ഷേ, പ്രസവം കഴിഞ്ഞ് വൈകാതെ നടന്ന രണ്ടിന്റെയും ഫിസിക്കൽ ടെസ്റ്റ് ജയിക്കാൻ കഴിഞ്ഞില്ല. അതു വലിയ നിരാശയായി.

അടുത്തടുത്ത് ജോലി

ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചുപോയ ആ ദിവസങ്ങളാണ് നാജായ്ക്ക് പുതിയ കരുത്തു പകർന്നത്. വീണ്ടും പഠനം ഉഷാറാക്കി. എൽപി, യുപി അധ്യാപകരുടെയും എൽഡി ക്ലാർക്കിന്റെയും പരീക്ഷകൾ എഴുതി.

2019 ജൂൺ 6ന് നാജാ കൊല്ലത്ത് എൽപി സ്കൂൾ അസിസ്റ്റന്റായെങ്കിലും ഭർത്താവിന് അപ്പോഴും ജോലി കിട്ടിയിരുന്നില്ല. നാജായുടെ ജോലി മുത്തുവിന് പഠിക്കാൻ ആവേശവും വാശിയും നൽകി. അതിന്റെ ഫലവും വൈകാതെ വന്നു. 2021 ജൂലൈ 15ന് മുത്തു ഇടുക്കി ഉടുമ്പൻചോലയിലെ എൽപി സ്കൂളിൽ അധ്യാപകനായി ജോലിക്കു കയറി. അതിന്റെ പിറ്റേന്ന് കൊല്ലം പരവൂരിലെ യുപി സ്കൂൾ നാജായും അധ്യാപികയായി പുതിയ ജോലിയിൽ പ്രവേശിച്ചു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com