ടൈൽസ് പണിക്കിടയിലും പടുത്തെടുത്ത വിജയം!
വീട്ടിലെ സാഹചര്യങ്ങൾ കാരണം, പ്ലസ് ടു കഴിഞ്ഞ് കെട്ടിടം പണിക്കിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി ലിജീഷ് അനന്തോത്ത് ലാസ്റ്റ് ഗ്രേഡിൽ ജില്ലയിലെ 41–ാം റാങ്ക് നേടി കോഴിക്കോട് ചാത്തമംഗലം ഐടിഐ കോളജിൽ ജോലിക്കാരനായത് വിസ്മയപ്പെടുത്തുന്ന ജീവിതകഥയാണ്.
ലോക്കാകാതെ ജീവിതം
ടൈലുകൾ ചേർത്തുവച്ച് തറയൊരുക്കുന്നതുപോലെയുള്ള കഠിനാധ്വാനം ആ വിജയത്തിനു പിന്നിലുണ്ട്. ഉപരിപഠനത്തിനു പോകണമെന്നു മോഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ബിരുദം പോലുമില്ലാതെ നല്ല ജോലിയൊന്നും കിട്ടാൻ പോകുന്നില്ലെന്ന പരിഹാസം കൂടുതൽ മുറിപ്പെടുത്തുകയും ചെയ്തു.
കോവിഡ് ലോക്ഡൗൺ കാലത്തു പണിയില്ലാതെ, വരുമാനം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായപ്പോഴാണ് സർക്കാർ ജോലിയെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. ജോലിയിൽനിന്ന് അവധിയെടുത്താൽ വരുമാനം മുടങ്ങുമെന്നതുകൊണ്ട്, ടൈൽസ് പണിക്കിടെ ഹെഡ്സെറ്റ് വച്ച് ഓഡിയോ ക്ലാസുകൾ കേട്ടായിരുന്നു പഠനം. പകൽ മുഴുവൻ പണിയും പഠനവും ഒരുമിച്ചു കൊണ്ടുപോയി. രാത്രി ഏറെ വൈകിയിരുന്ന് നോട്ടുകൾ തയാറാക്കുകയും പിന്നീടതു വായിച്ചുപഠിക്കുകയും ചെയ്തു.
എഴുതിപ്പഠിച്ച നേട്ടം
സിലബസ് ഏകദേശം പഠിച്ചു തീർത്തശേഷം ദിവസവും ഓരോ മോക് ടെസ്റ്റ് വീതം ചെയ്യാൻ തുടങ്ങി. ഓരോ ടെസ്റ്റിലും മാർക്ക് കുറഞ്ഞുപോയ വിഷയങ്ങളും പാഠഭാഗങ്ങളും പിറ്റേന്ന് കൂടുതൽ ശ്രദ്ധയോടെ പഠിച്ചു. ഓരോ മോക് ടെസ്റ്റിന്റെയും മാർക്ക് തീയതി സഹിതം കുറിച്ചുവച്ചു. ആദ്യമൊക്കെ ലഭിച്ച മാർക്കുകൾ വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ക്രമേണ നല്ല മാർക്ക് ലഭിക്കാൻ തുടങ്ങി. കുടുംബത്തിന്റെ പിന്തുണ കൂടുതൽ ആത്മവിശ്വാസം പകർന്നു. വ്യക്തമായ സ്റ്റഡി പ്ലാൻ തയാറാക്കി, എല്ലാ ആഴ്ചയും ഒരു ദിവസം റിവിഷനു വേണ്ടി നീക്കിവച്ചു. ധാരാളം മോക് ടെസ്റ്റുകൾ എഴുതി പരിശീലിച്ചതുകൊണ്ട് യഥാർഥ പരീക്ഷയ്ക്കു പോയപ്പോൾ ആശങ്കയേ ഉണ്ടായില്ല.
സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നോക്കിയിരിക്കുമ്പോഴൊക്കെ ലിജീഷ് പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പമുള്ള യാത്രകളും സിനിമയുമൊക്കെ വേണ്ടെന്നുവച്ച് വാശിയോടെ പഠനം മുന്നോട്ടു കൊണ്ടുപോയി. അതിന്റെയൊക്കെ ഫലമാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ കണ്ട മികച്ച റാങ്കോടെയുള്ള വിജയം.