രുചിയുള്ള ആദായത്തിന് നൂഡിൽസും വെർമിസെല്ലിയും
ഭക്ഷ്യസംസ്കരണരംഗത്ത് സ്വയംസംരംഭത്തിന് ഏറെ സാധ്യതകളുണ്ട്. ഗോതമ്പ് മൈദ, റാഗി, മറ്റു ധാന്യങ്ങൾ എന്നിവകൊണ്ടു വ്യത്യസ്തമായ രീതിയിൽ നൂഡിൽസ് തയാറാക്കി വിൽക്കുന്നത്, പൊതുവിൽ വലിയ മത്സരമില്ലാത്ത മേഖലയാണ്. എന്നാൽ, മൈദ ഒഴിവാക്കിയുള്ള ധാന്യപ്പൊടികൾകൊണ്ടുള്ള നൂഡിൽസ് ആണ് ഇപ്പോൾ കൂടുതൽ സ്വീകാര്യം.
നിർമാണരീതി
ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള നൂഡിൽസിനു വലിയ സാധ്യതയുണ്ട്. കപ്പപ്പൊടികൊണ്ടുപോലും നൂഡിൽസ് നിർമിച്ചുവരുന്നു. ധാന്യപ്പൊടികൾ വെള്ളവും ആവശ്യമെങ്കിൽ ഉപ്പും ചേർത്തു മിക്സ് ചെയ്യുന്നു. ഇത് നൂൽപുട്ട് ഉണ്ടാക്കുംപോലെ അച്ചിലിട്ടു പ്രഷർ ചെയ്യിക്കുന്നു. പിന്നീട് ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ശേഷം വെയിലത്തുവച്ചോ ഡ്രയറിന്റെ സഹായത്തോടെയോ ഉണക്കിയെടുക്കുന്നു. പിന്നീട് 250 ഗ്രാം, 500ഗ്രാം, 1,000 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽക്കുന്നു. ധാന്യപ്പൊടികൾ ബ്രാൻഡഡ് ആയവ ഉപയോഗിക്കാൻ ശ്രമിച്ചാൽ നല്ലത്. ഫ്രഷ് ആയതുവേണം ശേഖരിക്കാൻ. മില്ലുകളിൽനിന്ന് ഇവ സുലഭമായി ലഭിക്കും.
അടിസ്ഥാനസൗകര്യം
ദിവസേന രണ്ടു മെട്രിക് ടൺ വെർമിസെല്ലി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറി വേണം. Blending Machine, പ്രഷർ നൽകാനുള്ള സംവിധാനം, ഡൈസെറ്റ് സ്റ്റീമർ മെഷിൻ, ഡ്രയർ, പായ്ക്കിങ് മെഷിൻ എന്നിവയാണു പ്രധാനമായി വേണ്ടത്. 1,000 ചതുര അടി വൃത്തിയുള്ള കെട്ടിടവും 15 ഹോഴ്സ് പവർ വൈദ്യുതിയും ആവശ്യമുണ്ട്. എട്ടു പേർക്കെങ്കിലും ജോലി നൽകാനും കഴിയും. ഈ പദ്ധതിക്ക് വായ്പയും ഉയർന്ന തോതിലുള്ള സർക്കാർ സബ്സിഡിയും ലഭിക്കും.
വിപണനം
20 മുതൽ 30 വരെ ശതമാനം അറ്റാദായം ലഭിക്കാവുന്ന മേഖലയാണിത്. സൂപ്പർ മാർക്കറ്റുകൾ, പലചരക്കു സ്റ്റോറുകൾ, പച്ചക്കറി കടകൾ, ബേക്കറി ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം വിൽക്കാവുന്നതാണ്. വിതരണക്കാർ വഴിയും വിൽപന വ്യാപിപ്പിക്കാം. ക്രെഡിറ്റ് വിൽപനയെ കരുതി സമീപിക്കണം എന്നു മാത്രം. വിദേശവിപണി പിടിക്കാനും പറ്റിയ ബിസിനസാണിത്. ഫുഡ് സേഫ്റ്റി ലൈസൻസ്, പായ്ക്കർ ലൈസൻസ് എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. തുടക്കം മുതലേ ജിഎസ്ടി എടുക്കുന്നത് ബിസിനസ് വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.
മാതൃകാ സംരംഭം
വളരെ മികച്ച രീതിയിൽ നടത്തിവരുന്ന ഭക്ഷ്യ ഉൽപന്ന നിർമാണ യൂണിറ്റാണ് പാലാക്കാട് കിണാശേരിയിലെ സിം കോൺ ഫുഡ് പ്രോഡക്ട്സ്. സിം ജോൺസൺ ചാക്കോളയാണു സ്ഥാപനം നടത്തുന്നത്.
ഗോതമ്പ് വെർമിസെല്ലിയാണ് ഇവിടെ ഏറ്റവുമധികം വിറ്റഴിക്കുന്നത്. നേരത്തേ ധാന്യപ്പൊടികളുടെ വിതരണത്തിൽ ജോൺസന് ഉണ്ടായിരുന്ന പരിചയം ബിസിനസ് വിജയിപ്പിക്കാൻ കാരണമായ ഘടകമാണ്. ‘സുപ്രിയം’ എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.
(ലേഖകന്റെ ഇ- മെയിൽ: dreambizangamaly@gmail.com)