ഏറെ മത്സരം ഇല്ലാത്തൊരു മികച്ച ബിസിനസ് ആണ് തയ്യൽ സ്ഥാപനങ്ങൾക്കു നൂൽ ചുറ്റി നൽകുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന, റിസ്ക് കുറവുള്ള ലഘു ബിസിനസ്. വലിയ നൂലുകളുടെ കെട്ടുകൾ ചെറിയ കെട്ടുകൾ ആയി ചുറ്റിയെടുത്തു വിതരണം ചെയ്യുക എന്നതാണ് പ്രവർത്തനരീതി. ഇതിനായി മെഷിനറി ഉപയോഗിക്കാം. ഒരുതരം റീ–പായ്ക്കിങ് ബിസിനസ് പോലെ. തയ്യൽക്കടകളിൽ നൂൽക്കെട്ടുകൾ വിതരണം ചെയ്ത് വരുമാനം ഉണ്ടാക്കുകയും ചെയ്യാം.

നിർമാണരീതി

തിരുപ്പൂർ, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളം സ്വകാര്യ നൂൽ (Threads) കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം സുലഭമായി നൂൽ കിട്ടാനുമുണ്ട്. വലിയ കെട്ടുകളായി ആയി നൂൽ സംഭരിക്കുകയാണ് ആദ്യപടി. ഒന്നോ രണ്ടോ പ്രാവശ്യം മിൽ സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെട്ടാൽ മതി. പിന്നീട് എത്തിച്ചുതരും. കുറഞ്ഞത് 10 കിലോഗ്രാമെങ്കിലും എടുക്കണം എന്നു മാത്രം. കോട്ടൺ, നൈലോൺ, പ്ലാസ്റ്റിക് തുടങ്ങി വിവിധ വെറൈറ്റികളിൽ നൂലുകൾ ആവശ്യമുണ്ട്.

നൂല് ചുറ്റിയ വലിയ ബോബിനുകൾ മെഷിന്റെ ഒരു വശത്തു ഘടിപ്പിക്കുന്നു. മറുവശത്ത് ചെറിയ ബോബിനുകൾ ഫിറ്റ് ചെയ്യുന്നു. വലിയ ബോബിനുകളിൽനിന്നു ചെറുതിലേക്ക് നൂലുകൾ ചുറ്റിയെടുക്കുന്നു. 5000 മീറ്റർ, 2500 മീറ്റർ, 1000 മീറ്റർ എന്നിങ്ങനെ ചുറ്റി റോളുകളാക്കുന്നു. ഈ ചെറിയ കെട്ട് നൂലുകളാണു വിൽക്കുന്നത്. സ്വന്തം ലേബലിലും ഇതു വിൽക്കാവുന്നതാണ്.

അടിസ്ഥാനസൗകര്യം

ചെറിയ നൂൽക്കെട്ടുകളുണ്ടാക്കാൻ ത്രെഡിങ് മെഷിനാണ് ഉപയോഗിക്കുന്നത്. ഒരു മെഷിനിൽ തുടക്കമിടാം. കൂടുതൽ ഓർഡർ ലഭിച്ചശേഷം കൂടുതൽ മെഷിനുകൾ സ്ഥാപിച്ചാൽ മതി. ഒരു മെഷിനറി സ്ഥാപിക്കാൻ ഒന്നര ലക്ഷം രൂപ ചെലവുണ്ട്. ഈ യന്ത്രം പ്രാദേശികമായിത്തന്നെ ലഭിക്കും. കൂടുതൽ അളവിൽ ഉൽപന്നങ്ങൾ നിർമിക്കണമെങ്കിൽ അതിനനുസരിച്ചുള്ള വലിയ മെഷിനറികൾ ലഭ്യമാണ്.

250 ചതുരശ്ര അടി കെട്ടിടവും 5 എച്ച്പിയിൽ താഴെ വൈദ്യുതിയും മാത്രമേ ഈ സംരംഭത്തിന് ആവശ്യമുള്ളൂ. വീടിനോടു ചേർന്നുള്ള ചെറിയ മുറികളിൽത്തന്നെ സംരംഭം പ്രവർത്തിക്കാനാകും. ഒന്നോ രണ്ടോ ജോലിക്കാർ മതി. പാർട് ടൈം ആയോ സ്ഥിരമായോ ഇത്തരം സംരംഭങ്ങൾ ചെയ്യാവുന്നതാണ്. ഓർഡറിന്റെ ലഭ്യതയനുസരിച്ച് ഉൽപാദന സമയത്തിൽ വ്യത്യാസങ്ങൾ വരുത്തിയാൽ മതിയാകും.

വിപണനം

തയ്യൽക്കാരാണ് നൂലിന്റെ പ്രധാന ഉപഭോക്താക്കൾ. തയ്യൽ സ്ഥാപനങ്ങളിൽ നേരിട്ടു നൽകുകയാണ് പ്രധാന വിൽപനനരീതി. സ്ഥാപനത്തിൽ നേരിട്ടു വിൽപനയ്ക്കും സാധ്യതയുണ്ട്. സ്റ്റിച്ചിങ് മെറ്റീരിയൽ വിൽക്കുന്ന ഷോപ്പുകൾ വഴിയും വിൽക്കാം. ഇതിനു വിതരണക്കാരെ ലഭിക്കാനും ധാരാളം സാധ്യതകളുണ്ട്. കടകളിൽ കയറിയിറങ്ങി ഓർഡർ പിടിച്ച് സ്ഥിരം കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുത്ത് വിപണനം വർധിപ്പിക്കാം.

വസ്ത്രങ്ങൾ, ബാഗുകൾ, എംബ്രോയ്ഡറി വർക്കുകൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അത്യാവശ്യമായ നൂലുകൾ സപ്ലൈ ചെയ്യാൻ സാധ്യതകളുണ്ട്. മാസത്തിൽ 5 ലക്ഷം രൂപയുടെ കച്ചവടം ഉണ്ടാക്കിയാൽപോലും 20 ശതമാനത്തിൽ കുറയാത്ത അറ്റാദായം ലഭിക്കും. ക്രെഡിറ്റ് നൽകാതിരുന്നാൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിയും. വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്കു നൽകാനും കഴിയും.

മാതൃകാസംരംഭം

കുടുംബ ബിസിനസ്സായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് തൃശൂർ തലോറിലെ റെയിൻബോ ത്രെഡ്സ്. ലത കൃഷ്ണൻകുട്ടി എന്ന വനിതയാണ് സ്ഥാപനത്തിന്റെ ഉടമ. നൂൽ ഉൽപാദന സ്ഥാപനത്തിൽ മുൻപുണ്ടായിരുന്ന പരിചയമാണ് അവരെ ഈ ബിസിനസിലേക്കു നയിച്ചത്. സമീപസ്ഥലങ്ങളിലെ തയ്യൽ സ്ഥാപനങ്ങളിലാണ് ഇവർ നൂൽ വിറ്റുവരുന്നത്. കുടുംബത്തിനു സ്ഥിരവരുമാനം ഉണ്ടാക്കിയെടുക്കാൻ ഈ സംരംഭം സഹായിക്കുന്നു.