ദോശയ്ക്ക് അരയ്ക്കാൻ അറിയാമോ? ഒരു ഗ്രൈൻഡർ ഉണ്ടെങ്കിൽ ബിസിനസ് തുടങ്ങാം
ധാരാളം പേർ വിജയകരമായി ചെയ്തുവരുന്ന സംരംഭമാണെങ്കിലും, ദോശ/ഇഡ്ഡലി മാവ് തയാറാക്കിക്കൊടുക്കുന്ന ബിസിനസിന് സാധ്യതകൾ കുറയുന്നില്ല. മലയാളികളുടെ പ്രിയവിഭവങ്ങൾ എന്ന നിലയിൽ ദോശയ്ക്കും ഇഡ്ഡലിക്കും ഡിമാൻഡ് കുറയാതെ തുടരുന്നു. മുൻപത്തേക്കാൾ വീടുകളിലും ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമടക്കം പായ്ക്കറ്റിലാക്കിയ മാവ് ആണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ചെറിയ മുതൽമുടക്കിൽ ചെയ്യാമെന്നതും വലിയ ലാഭവിഹിതം കിട്ടുമെന്നതും ഈ സംരംഭത്തിന്റെ ആകർഷണീയതയാണ്.
മാവ് തയാറാക്കൽ വളരെ ലളിതം
ദോശ/ഇഡ്ഡലി മിക്സ് നിർമിക്കുന്ന രീതി വളരെ ലളിതമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അസംസ്കൃതവസ്തുക്കൾ തേടി അലയേണ്ട കാര്യമില്ല. അരി, ഉഴുന്ന്, ഉലുവ എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. 6:1 എന്ന അനുപാതത്തിലാണ് അരിയും ഉഴുന്നും മിക്സ് ചെയ്യുന്നത്. മൂന്നു മണിക്കൂറെങ്കിലും അരിയും ഉഴുന്നും നനച്ചശേഷമാണ് ഗ്രൈൻഡറിൽ അരച്ചെടുക്കുന്നത്. മേമ്പോടിയായി ഉലുവപ്പൊടിയും ചേർക്കുന്നു. മൂന്നു മുതൽ 6 വരെ മണിക്കൂറിനുള്ളിൽ ഇത് എടുത്ത് ഉപ്പു ചേർത്ത് ദോശ/ഇഡ്ഡലി ഉണ്ടാക്കാം. മികച്ച ബ്രാൻഡഡ് അരിയും ഉഴുന്നും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രുചിയിൽ വിട്ടുവീഴ്ച കാണിച്ചാൽ ബിസിനസിൽ തിരിച്ചടി നേരിടുമെന്ന് ഓർമ വേണം.
കുറഞ്ഞ നിക്ഷേപം കൂടുതൽ ലാഭം
വളരെ കുറഞ്ഞ നിക്ഷേപത്തിൽ നടത്താമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടം. ഒരു ഗ്രൈൻഡർ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ നിക്ഷേപത്തിൽ തുടങ്ങാം. കഴുകുന്നതിനുള്ള മെഷിൻ, ഗ്രൈൻഡർ മെഷിൻ, ഇൻസ്റ്റന്റ് പൾവറൈസർ, പായ്ക്കിങ് മെഷിൻ എന്നിവയെല്ലാം ഉപയോഗിക്കുകയാണെങ്കിൽ പരമാവധി 5 ലക്ഷം രൂപയുടെ നിക്ഷേപം മതി. ഈ മെഷിനറികളെല്ലാം പ്രാദേശികമായി ലഭിക്കുന്നവയാണ്.
500 ചതുരശ്ര അടി കെട്ടിടവും 5 ഹോഴ്സ് പവർ കറന്റും ആവശ്യമായിട്ട് വരും. നല്ല വൃത്തിയുള്ള കെട്ടിടമായിരിക്കണം. നല്ല വെള്ളം ലഭിക്കാനുള്ള സൗകര്യവും അരി കഴുകിയ വെള്ളം ട്രീറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. വേസ്റ്റ് വെള്ളം ടാങ്കിൽ നിക്ഷേപിക്കാം.
വിപണന സാധ്യത കണ്ടെത്തണം
നേരിട്ടുള്ള വിൽപനയാണ് അനുയോജ്യം. കടകളിലാണ് കൂടുതലും വിൽപന നടക്കുന്നത്. സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ ദോശ/ഇഡ്ഡലി മാവിന് നല്ല വിൽപനയുണ്ട്. ഓൺലൈൻ വിൽപന നടത്തുന്നവരിലൂടെയും നല്ല രീതിയിൽ ഓർഡർ പിടിക്കാം.
കൂടുതൽ ദിവസം ആയുസ്സുള്ള ഇത്തരം ഉൽപന്നങ്ങൾക്കു ക്രെഡിറ്റ് വരാനുള്ള സാധ്യത കുറവാണ്. മേൻമയും രുചിയും സമന്വയിച്ചാൽ ആളുകൾ ചോദിച്ചുവാങ്ങും. അങ്ങനെ സ്ഥിരം കസ്റ്റമർമാരെ ഉണ്ടാക്കിയെടുക്കാനും കഴിയും. വിതരണക്കാരിലൂടെയും വിൽപന വ്യാപിപ്പിക്കാം. 30% വരെ ലാഭം ലഭിക്കാവുന്ന ബിസിനസാണിത്.
ലാഭം അരച്ചെടുത്ത് ലക്ഷ്യ പ്രോഡക്ട്സ്
പാലക്കാട് കൊല്ലങ്കോട് പ്രവർത്തിക്കുന്ന ലക്ഷ്യ ഫുഡ് പ്രോഡക്ട്സ് വളരെ മികച്ച രീതിയിൽ ദോശ/ഇഡ്ഡലി മിക്സ് നിർമാണം നടത്തിവരുന്ന സംരംഭമാണ്. ശ്രീജ ബിജു എന്ന സംരംഭകയാണ് ഉടമസ്ഥ. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി പ്രകാരം വായ്പയെടുത്താണു സംരംഭം ആരംഭിച്ചത്. 350 ഷോപ്പുകളിൽ ഇപ്പോൾ ഇവർ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. വടക്കാഞ്ചേരി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ പാൽ ഏജൻസികൾ വഴിയും വിൽക്കുന്നു. പാരമ്പര്യരുചി നിലനിർത്തിക്കൊണ്ട്, മെഷിനറികളുടെ സഹായത്തോടെ നല്ല രീതിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 10 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇപ്പോൾ ഈ സ്ഥാപനത്തിൽ ആകെയുള്ളത്.