ഒരു കാലഘട്ടത്തിന്റെ നൊസ്റ്റാൽജിയകളിലൊന്നാണു ഗോലി സോഡ! വിപണിയിൽ നിന്ന് അപ്രത്യക്ഷമായ ഗോലി സോഡാ പുതിയ രൂപത്തിൽ തിരികെയെത്തിക്കുന്നത് നല്ലൊരു സംരംഭസാധ്യതയാണ്. പണ്ട് ഒറ്റ ടേസ്റ്റിൽ തയാറാക്കിയിരുന്ന സോഡ ഇന്ന് പലവിധ രുചികളിലും ഫ്ലേവറുകളിലും ജനപ്രിയമായിരിക്കുകയാണ്. വളരെ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയും. മികച്ച ലാഭവിഹിതം കിട്ടാവുന്ന വിപണി ഇപ്പോഴും നാട്ടിലുണ്ട്. ചില്ലുകുപ്പി ഉപയോഗിക്കുന്നതിനാൽ കൂടുതൽ പരിസ്ഥിതി സൗഹൃദ വുമാണ്.

നിർമാണരീതി

നിർമാണരീതി തികച്ചും ലളിതമാണ്. ഫിൽറ്റർ ചെയ്തെടുക്കുന്ന വെള്ളം കാർബണൈസ് ചെയ്യുക മാത്രമാണു ചെയ്യാനുള്ളത്. അതിനു പ്രത്യേകമായ കാർബേറ്റിങ് സംവിധാനങ്ങൾ ലഭ്യമാണ്. കാർബണൈസ് ചെയ്ത് ഗോലി നിക്ഷേപിച്ച് ക്യാപ് സീൽ ചെയ്ത് ക്രെയ്റ്റിൽ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുക. ജിഞ്ചർ, പേരയ്ക്ക, ആപ്പിൾ, കിവി തുടങ്ങിയ വിവിധ ഫ്ലേവറുകളിൽ സോഡ നിർമിക്കാം.

അടിസ്ഥാനസൗകര്യം

10 ലക്ഷം രൂപയിൽ താഴെ നിക്ഷേപത്തിൽ ഇത്തരം സംരംഭം തുടങ്ങാനാകും. തുടക്കത്തിൽ 8 ലക്ഷം രൂപയുടെ മെഷിനറികൾ മതിയാകും. ഫില്ലിങ് യൂണിറ്റ്, ചേംബർ, വാട്ടർ ഫിൽറ്റർ വാഷിങ് യൂണിറ്റ് എന്നിവയാണു പ്രധാന മെഷിനറികൾ. ഇവ വാങ്ങാൻ വായ്പ ലഭിക്കും. ചില്ലുകുപ്പികൾക്കു സ്ഥിരമായ നിക്ഷേപം വേണ്ടിവരും. ഫുഡ് സേഫ്റ്റി ലൈസൻസ് എടുത്തശേഷം വേണം നിർമാണത്തിലേക്കു കടക്കാൻ.

വിപണനം

സോഡയുടെ വിതരണം വളരെ എളുപ്പമാണ്. പൂർണമായി വിതരണക്കാർക്കു നൽകുന്ന രീതി പല സംരംഭകരും പിന്തുടരുന്നുണ്ട്. ചെറുകിട ഷോപ്പുകളിൽനിന്ന് ഓർഡർ പിടിച്ചും വിതരണം ചെയ്യാം. ധാരാളം വിതരണക്കാരെ കിട്ടാൻ സാധ്യതയുണ്ട്. പ്രാദേശിക ഷോപ്പുകളിൽനിന്നും ഓർഡർ പിടിച്ചു വിൽക്കാം. നല്ല ഡിമാൻഡ് ഉള്ളതിനാൽ, ക്രെഡിറ്റ് നൽകേണ്ട ആവശ്യമേയില്ല. പണ്ട് ഇതൊരു സീസണൽ ഉൽപന്നമായിരുന്നു. എന്നാൽ, ഇപ്പോൾ മഴക്കാലത്തും വിൽപനയിൽ വലിയ കുറവുണ്ടാകുന്നില്ല. മാസം 30% വരെ അറ്റാദായം ഉണ്ടാക്കാം.

റെയിൻബോ ഗോലി സോഡാ, ഏലൂർ, എറണാകുളം

ഫുഡ് ഡെലിവറി ബോയ് ആയിരുന്ന അഖിൽ അച്ഛന്റെ പാത പിന്തുടർന്നാണ് ഗോലി സോഡാ ബിസിനസിൽ എത്തുന്നത്. അത്തരമൊരു നിർമാണ യൂണിറ്റ് സ്വന്തം നിലയിൽ ആരംഭിക്കുകയാണ് അഖിൽ ചെയ്തത്. ഇന്ന് എറണാകുളം ഏലൂരിലെ 'റെയിൻബോ ഗോലി സോഡാ' സംരംഭത്തിൽ നിന്നും മാസം 10 ലക്ഷം രൂപയുടെ കച്ചവടവും 20% അറ്റാദായവുമായാണ് അഖിലിന്റെ വിജയയാത്ര. ഏകദേശം 6 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപവും അനുബന്ധസൗകര്യങ്ങളുമാണ് സംരംഭത്തിലുള്ളത്.