ലോകമാകെ ചർച്ചയായി ഹനയുടെ ഹാക്ക നൃത്തം!
Mail This Article
ന്യൂസീലൻഡ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഹന ക്ലാർക്ക് പാർലമെന്റിൽ ബിൽ കീറിയെറിഞ്ഞതും പരമ്പരാഗത മാവോറി ഗോത്രനൃത്തമായ ഹാക്ക അനുഷ്ഠിക്കുന്നതും അടുത്തിടെ ലോകമാകെ കണ്ട/കേട്ട വിശേഷമാണ്. പാർലമെന്റിനെ അൽപനേരത്തേക്കു സ്തംഭിപ്പിച്ച ഹന, ന്യൂസീലൻഡിലെ പ്രാചീന ഗോത്രസംസ്കാരത്തിന്റെ പ്രതീകയായി ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
ഭൂമിയുടെ അവകാശത്തിന്
22 വയസ്സ് മാത്രമുള്ള ഹന ന്യൂസീലൻഡിലെ മാവോറി ഗോത്രവംശജയാണ്. 2023 ഡിസംബറിൽ, പാർലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തിനിടെതന്നെ ഹാക്ക അനുഷ്ഠിച്ച് ഹന ചർച്ചയിൽ നിറഞ്ഞിരുന്നു. മാവോറി ഭാഷയുടെയും സംസ്കാരത്തിന്റെയും പതാകവാഹകയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഹന, ന്യൂസീലൻഡിലെ ഈ ന്യൂനപക്ഷ ഗോത്രവിഭാഗത്തിലെ വനിതാതാരമാണ്. ജനിച്ച ഭൂമിയിലുള്ള തങ്ങളുടെ അവകാശം കവർന്നെടുക്കുമെന്ന് മാവോറികൾ ആശങ്കപ്പെടുന്ന നിർദിഷ്ട നിയമ നിർമാണത്തിനെതിരെ ന്യൂസീലൻഡിന്റെ വടക്കൻ മുനമ്പിൽനിന്ന് തെക്കേ അറ്റത്തുള്ള തലസ്ഥാനനഗരമായ വെല്ലിങ്ടണിലെ പാർലമെന്റ് മന്ദിരംവരെ പടുകൂറ്റൻ പ്രകടനം നടത്തിയിരുന്നു. ആയിരം കിലോമീറ്റർ 9 ദിവസംകൊണ്ടു പിന്നിട്ട് തലസ്ഥാന നഗരിയിലെത്തിയപ്പോൾ പ്രകടനത്തിൽ പതിനായിരങ്ങളാണു പങ്കാളികളായത്. പാർലമെന്റ് മന്ദിരത്തിനു മുന്നിലെ പ്രതിഷേധ സംഗമത്തിൽ 35,000 പേർ പങ്കെടുത്തു.
ബില്ലും വിവാദവും
184 വർഷം പഴക്കമുള്ള വൈതാംഗി ഉടമ്പടിയിലെ ചില നിബന്ധനകളിൽ മാറ്റം വരുത്താനുള്ള ബില്ലാണ് ന്യൂസീലൻഡ് പാർലമെന്റിൽ അവതരിപ്പിച്ചത്. ന്യൂസീലൻഡിലെ കോളനിവൽക്കരണത്തിന്റെ ഭാഗമായി 1840ൽ ബ്രിട്ടിഷ് രാജകുടുംബം അഞ്ഞൂറോളം മാവോറി ഗോത്രത്തലവൻമാരുമായാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇംഗ്ലിഷുകാർ എത്തുംമുൻപ് ആയിരത്തിലേറെ വർഷമായി മാവോറികൾ ന്യൂസീലൻഡിൽ താമസമുണ്ട്.
ആധുനിക ന്യൂസീലൻഡിന്റെ സ്ഥാപകരേഖയായി കണക്കാക്കപ്പെടുന്ന ഈ ഉടമ്പടി ബ്രിട്ടിഷ് രീതിയിലും മാവോറി രീതിയിലും ഭരണം നടത്തേണ്ടത് എങ്ങനെയെന്നു വിവരിക്കുന്നു. ഭരണാധികാരം ബ്രിട്ടന് കൈമാറുന്നതിനു പകരമായി തങ്ങളുടെ ഭൂമിയിലും ആചാരങ്ങളിലുമുള്ള നിയന്ത്രണം മാവോറികൾക്ക് അനുവദിക്കുന്നതായിരുന്നു ഉടമ്പടി. പക്ഷേ, പിന്നീടുള്ള വർഷങ്ങളിൽ ബ്രിട്ടൻ ഈ വാഗ്ദാനങ്ങളിൽനിന്നു പിന്നോട്ടുപോവുകയും മാവോറികളുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയുമായിരുന്നു.
മാവോറികൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ്, എല്ലാ ന്യൂസീലൻഡുകാർക്കും തുല്യനീതി എന്ന മുദ്രാവാക്യമാണ് പുതിയെ ബില്ലിലെ ഭേദഗതികളിലൂടെ ഭരണകക്ഷി മുന്നോട്ടുവച്ചത്. ഭരണമുന്നണിയിലെ എസിടി എന്ന ചെറിയ തീവ്രവലതുപക്ഷ കക്ഷിയാണു ഭേദഗതി അവതരിപ്പിച്ചത്. എന്നാൽ, ഇത് തങ്ങളുടെ പൂർവികർക്ക് ബ്രിട്ടൻ ഉറപ്പാക്കിയ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് മാവോറികളുടെ നിലപാട്.
ന്യൂസീലൻഡിൽ 17% മാവോറി ഗോത്രം
ന്യൂസീലൻഡിലെ ആദിമനിവാസികളാണ് മാവോറികൾ. വടക്കൻ ന്യൂസീലൻഡിലാണ് കൂടുതലായി ഇവരുള്ളത്. 2023ലെ സെൻസസ് പ്രകാരം ന്യൂസീലൻഡിൽ 9 ലക്ഷം മാവോറികളുണ്ട്. ഇത് ന്യൂസീലൻഡിന്റെ ആകെ ജനസംഖ്യയുടെ 17.3 ശതമാനം വരും. ഒന്നര ലക്ഷത്തിലേറെ മാവോറികൾ ഓസ്ട്രേലിയയിലും താമസമുണ്ട്. ‘ഹാക്ക’ എന്ന യുദ്ധകാഹളവും മുഖത്തു വരയ്ക്കുന്ന ടാറ്റൂവുമാണ് മാവോറികളുടെ സവിശേഷ ഗോത്രചിഹ്നങ്ങൾ. അഞ്ചിലൊന്നു മാവോറികളും മാതൃഭാഷയായ മാവോറി സംസാരിക്കുന്നവരാണ്.