ദേവസ്വം റിക്രൂട്മെന്റ് ബോർഡിനു കീഴിൽ കൂടുതൽ നിയമനങ്ങൾ പരിഗണിക്കും: ചെയർമാൻ
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ കെ.ബി.മോഹൻദാസ് തൊഴിൽവീഥിക്കു നൽകിയ പ്രത്യേക അഭിമുഖം
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ കെ.ബി.മോഹൻദാസ് തൊഴിൽവീഥിക്കു നൽകിയ പ്രത്യേക അഭിമുഖം
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ കെ.ബി.മോഹൻദാസ് തൊഴിൽവീഥിക്കു നൽകിയ പ്രത്യേക അഭിമുഖം
∙ ദേവസ്വം നിയമനമേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ കാര്യങ്ങൾ എന്തൊക്കെയാണ്?
പിഎസ്‌സിയിലെപ്പോലെ മെറിറ്റും സംവരണവും അനുസരിച്ചാണു ദേവസ്വം റിക്രൂട്മെന്റ് ബോർഡ് നിയമനവും. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് ഇന്ത്യയിൽ ആദ്യം സംവരണം ഏർപ്പെടുത്തിയതു ദേവസ്വം റിക്രൂട്മെന്റ് ബോർഡാണ്. സാമുദായികസംവരണത്തിന് ഒരു കുറവും വരുത്താതെയാണ് ഇതു നടപ്പാക്കിയത്.
ദേവസ്വം ബോർഡുകൾക്കു കീഴിലെ എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും നിയമനംകൂടി റിക്രൂട്മെന്റ് ബോർഡിനു കീഴിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. .
∙ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് മാത്രം വിചാരിച്ചാൽ ഇതു നടപ്പാക്കാൻ കഴിയുമോ?
ഇല്ല. കേരള സർവീസ് റൂൾസ് ബാധകമായ മേഖലയാണിത്. ശമ്പളം നൽകുന്നതു സർക്കാരാണ്. എല്ലാ മേഖലയിലുള്ളവരുമായി ചർച്ച നടത്തി സർക്കാർ തീരുമാനമെടുക്കേണ്ട വിഷയമാണിത്. ഇക്കാര്യത്തിൽ ദേവസ്വം റിക്രൂട്മെന്റ് ബോർഡിനു ചെയ്യാൻ കഴിയുന്നതു ചെയ്യും. നിയമനങ്ങളിൽ സുതാര്യത വരുത്തി ഏറ്റവും അർഹരായവർക്കുമാത്രം നിയമനം ലഭിക്കണമെന്നാണു ലക്ഷ്യം.
∙ തിരുവിതാംകൂർ േദവസ്വം ബോർഡ് എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനത്തിൽ കഴിഞ്ഞ വർഷവും അഴിമതിയാരോപണം ഉയർന്നു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഴിമതി ഇല്ലാതായെന്നു തോന്നുന്നുണ്ടോ?
ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വന്നശേഷം നിയമന അഴിമതി കുറഞ്ഞിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്. പക്ഷേ, ദേവസ്വം ബോർഡുകളിൽ നിയമന വാഗ്‌ദാനം നൽകി പണം പിരിക്കുന്ന ഏർപ്പാട് ഇപ്പോഴും നടക്കുന്നതായാണു വിവരം. ഇതുമായി ബന്ധപ്പെട്ടു കേസുകളുമുണ്ട്. ഉദ്യോഗാർഥികള്‍ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. പണം കൊടുത്താൽ ദേവസ്വം ബോർഡിൽ നിയമനം ലഭിക്കില്ലെന്നു മനസ്സിലാക്കണം.
∙ ദേവസ്വം ബോർഡുകളിലെ ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. താൽക്കാലികക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഇക്കാര്യം പരിശോധിക്കുമോ?
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗാർഥികൾക്കു പരാതി ഉണ്ടെങ്കിൽ പരിശോധിക്കാം. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ തീർച്ചയായും നടപടിയുണ്ടാകും.
∙ ചില തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉദ്യോഗാർഥികൾ കുറവാണെന്നു പരാതിയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ്ഗ്രൂപ് ഓഫിസർ തസ്തികയിൽ മുൻപു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പൂർണമായി നികത്തും മുൻപ് റാങ്ക് ലിസ്റ്റ് അവസാനിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ നടപടി ഉണ്ടാകുമോ?
നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്കാണ് ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്. ലിസ്റ്റിൽ ഉൾപ്പെടുന്നവർ മറ്റു ജോലി ലഭിച്ചു പോകുന്നതുകൊണ്ടും മറ്റുമാണു മുൻ ലിസ്റ്റിൽ അങ്ങനെ സംഭവിച്ചതെന്നു തോന്നുന്നു.
ഒഴിവുകൾക്ക് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാവും ഒരോ ലിസ്റ്റും പ്രസിദ്ധീകരിക്കുക. ഇക്കാര്യത്തിൽ ആശങ്ക വേണ്ട.