പരാജയങ്ങൾ വിജയത്തിനു പാഠമായി; ‘ഹൈ ലെവൽ’ വിജയം കുറിച്ച ശ്രീഷ്മ ഇനി ഹൈസ്കൂളിൽ പഠിപ്പിക്കും
പരാജയം വിജയത്തിന്റെ മുന്നോടിയാകുമെന്നതിനു തെളിവാണു കാസർകോട് ജില്ലയിലെ എച്ച്എസ്ടി പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവായ ശ്രീഷ്മ മുകുന്ദന്റെ വിജയകഥ. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ റാങ്ക് തിളക്കത്തോടെ വിജയം കുറിക്കുന്നതിനുള്ള ആദ്യ പാഠം ശ്രീഷ്മ പഠിച്ചെടുത്തത് ഒരു പിടി പരാജയങ്ങളിൽ നിന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ
പരാജയം വിജയത്തിന്റെ മുന്നോടിയാകുമെന്നതിനു തെളിവാണു കാസർകോട് ജില്ലയിലെ എച്ച്എസ്ടി പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവായ ശ്രീഷ്മ മുകുന്ദന്റെ വിജയകഥ. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ റാങ്ക് തിളക്കത്തോടെ വിജയം കുറിക്കുന്നതിനുള്ള ആദ്യ പാഠം ശ്രീഷ്മ പഠിച്ചെടുത്തത് ഒരു പിടി പരാജയങ്ങളിൽ നിന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ
പരാജയം വിജയത്തിന്റെ മുന്നോടിയാകുമെന്നതിനു തെളിവാണു കാസർകോട് ജില്ലയിലെ എച്ച്എസ്ടി പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവായ ശ്രീഷ്മ മുകുന്ദന്റെ വിജയകഥ. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ റാങ്ക് തിളക്കത്തോടെ വിജയം കുറിക്കുന്നതിനുള്ള ആദ്യ പാഠം ശ്രീഷ്മ പഠിച്ചെടുത്തത് ഒരു പിടി പരാജയങ്ങളിൽ നിന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ
പരാജയം വിജയത്തിന്റെ മുന്നോടിയാകുമെന്നതിനു തെളിവാണു കാസർകോട് ജില്ലയിലെ എച്ച്എസ്ടി പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവായ ശ്രീഷ്മ മുകുന്ദന്റെ വിജയകഥ. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ റാങ്ക് തിളക്കത്തോടെ വിജയം കുറിക്കുന്നതിനുള്ള ആദ്യ പാഠം ശ്രീഷ്മ പഠിച്ചെടുത്തത് ഒരു പിടി പരാജയങ്ങളിൽ നിന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ എഴുതിയ, വിജയം അകന്നുപോയ അനേകം പിഎസ്‌സി പരീക്ഷകൾ കൂടുതൽ കരുത്തോടെ ലക്ഷ്യത്തിനു പിന്നാലെ പോകാനുള്ള ഊർജമാണ് ശ്രീഷ്മയ്ക്കു പകർന്നത്.
നിശ്ചയദാർഢ്യവും കഠിനപ്രയത്നവും ചേർത്തെഴുതിയ ഈ രണ്ടാം റാങ്ക് നേട്ടം ശ്രീഷ്മ സമർപ്പിക്കുന്നതും രണ്ടു പേർക്കാണ്; സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകനാകാൻ ആഗ്രഹിച്ച്, ഒടുവിൽ കുടുംബം പുലർത്താനായി പെയിന്റിങ് തൊഴിലാളിയാകേണ്ടിവന്ന അച്ഛന്, അധ്യാപികയാകാൻ തന്നെ നിരന്തരം പ്രോത്സാഹിപ്പിച്ച പത്താം ക്ലാസിലെ പ്രിയപ്പെട്ട അധ്യാപിക സ്നേഹലത ടീച്ചർക്ക്. കാസർകോട് ജില്ലയിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്ന കൂത്തുപറമ്പ് ആയിത്തറ മമ്പറം സ്വദേശിയായ ശ്രീഷ്മ മുകുന്ദൻ എച്ച്എസ്ടി വിജയത്തെക്കുറിച്ചും പഠന രീതികളെക്കുറിച്ചും സംസാരിക്കുന്നു.
∙അധ്യാപിക എന്ന സ്വപ്നം?
പ്ലസ്ടു വരെ പഠനത്തിനു കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല. സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യാൻ ആഗ്രഹിച്ച ആളായിരുന്നു എന്റെ അച്ഛൻ. വീട്ടിലെ സാഹചര്യങ്ങൾ കാരണം ആഗ്രഹം വേണ്ടെന്നു വച്ച് പെയിന്റിങ് ജോലിക്കു പോയി കുടുംബത്തിനു താങ്ങായി. അതിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് എന്നെയും അനിയനെയും പഠിപ്പിച്ചത്. ജീവിതത്തിലെ പ്രയാസങ്ങൾ അറിഞ്ഞാണു വളർന്നത്. ഡിഗ്രിയ്ക്കു ചേർന്നതോടെ പഠനം ഇങ്ങനെ പോയാൽ പോരെന്ന് തീരുമാനിച്ചു. അതോടെ പഠനം മാത്രമായി ലക്ഷ്യം. ഡിഗ്രി മുതൽ ഉയർന്ന മാർക്കോടെയാണ് ഓരോ യോഗ്യതയും നേടിയത്. ഡിഗ്രി കഴിഞ്ഞ് എംഎ, എംഫിൽ, ബിഎഡ് യോഗ്യതകൾ നേടി. എന്നാൽ അപ്പോഴും ഗെസ്റ്റ് ലക്ചറർ ആയാണ് ജോലി ചെയ്തിരുന്നത്.
സ്കൂൾ കാലം മുതൽ മലയാളം ടീച്ചറാവുന്നത് സ്വപ്നം കണ്ടിരുന്ന ആളാണ് ഞാൻ. പത്താം ക്ലാസിൽ മലയാളം പഠിപ്പിച്ച സ്നേഹലത ടീച്ചറായിരുന്നു അതിനുള്ള പ്രചോദനം. എന്നെ മലയാളത്തോടും സാഹിത്യത്തോടും കൂടുതൽ അടുപ്പിച്ചത് ടീച്ചറായിരുന്നു.
∙സർക്കാർ ജോലിയെന്ന ലക്ഷ്യം?
2012 മുതൽ പിഎസ്‌സി പരീക്ഷ എഴുതുമായിരുന്നു. എന്നാൽ ഒരു തയാറെടുപ്പും ഇല്ലാതെയാണ് പരീക്ഷകൾ എഴുതിയത്. 2017 ആയതോടെ ആ രീതി മാറി. സർക്കാർ ജോലി എന്ന ആഗ്രഹം മനസിൽ ഉറച്ചു. എച്ച്എസ്എസ്ടി മലയാളം പരീക്ഷയ്ക്കു വേണ്ടിയാണ് അധികം തയാറെടുപ്പുകളും നടത്തിയത്. 2014 ലെ എച്ച്എസ്എ മലയാളം, എച്ച്എസ്എസ്ടി മലയാളം റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയെങ്കിലും ജോലിയെന്ന സ്വപ്നം വീണ്ടും നീണ്ടുപോയി. അതിനിടയിൽ കാസർകോട് ജില്ലയിൽ പാർട് ടൈം എച്ച്എസ്എ മലയാളം റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് കിട്ടി. പക്ഷേ ഒരു ഒഴിവിലേക്ക് നടത്തിയ പരീക്ഷയായതു കൊണ്ട് ആ പ്രതീക്ഷയും വെറുതെയായി. അതോടെ ഏതു വിധേനയും പഠിച്ച് സർക്കാർ സർവീസിൽ അധ്യാപികയാകുമെന്നു ദൃഢനിശ്ചയമെടുത്തു. അതിനുള്ള ശ്രമമായി പിന്നീട് അങ്ങോട്ട്.
∙പരാജയം എന്തു പഠിപ്പിച്ചു?
എച്ച്എസ്എസ്ടി പരീക്ഷയ്ക്കു തയാറെടുത്തതു വളരെയേറെ പ്രതീക്ഷയോടെ ആയിരുന്നു. എന്നാൽ റാങ്ക് പിന്നിലേക്കു പോയത് എന്നെ നിരാശയാക്കി. പിഎസ്‌സി പരീക്ഷ എഴുതിയിട്ടും കാര്യമില്ല എന്ന തോന്നലായി. ആ വിഷമഘട്ടത്തിൽ ആത്മവിശ്വാസം പകർന്നു കൂടെ നിന്നത് ഭർത്താവ് രജിതാണ്. ‘നിനക്കത് സാധിക്കും’ എന്നു നിരന്തരം പറഞ്ഞ് എന്നെ ബോധ്യപ്പെടുത്തി. അങ്ങനെ വീണ്ടും പഠനം ആരംഭിച്ചു. എന്റെ പഠനത്തിലുണ്ടായ പോരായ്മകൾ എന്തൊക്കെയാണെന്നു കണ്ടെത്താനാണു ഞാൻ ആദ്യം ശ്രമിച്ചത്. വിജയിക്കുമെന്നു പ്രതീക്ഷിച്ച പരീക്ഷകളിൽ പിന്നാക്കം പോകാൻ കാരണം സിലബസ് കേന്ദ്രീകൃതമല്ലാത്ത പഠനവും പഠിച്ച കാര്യങ്ങൾ ഉറപ്പിക്കുന്നതിൽ സംഭവിച്ച അപാകതയും ആണെന്നു കണ്ടെത്തി. വാരിവലിച്ചുള്ള പഠനം ഉപേക്ഷിച്ചു. ആവശ്യം വേണ്ടതു തിരിച്ചറിഞ്ഞു പഠന നിലവാരം ഉയർത്താനുള്ള ശ്രമമായി. ഒാരോ ഘട്ടത്തിലും അതുവരെയുള്ളതിനേക്കാൾ മികച്ച രീതിയിൽ എങ്ങനെ പഠിക്കാൻ കഴിയും എന്നായി ആലോചന. പഠനം കൂടുതൽ ഫോക്കസ്ഡ് ആക്കുക എന്ന ലക്ഷ്യത്തോടെ ബ്രില്യൻസ് കോളജിൽ കോച്ചിങ്ങിനും ചേർന്നു. ബ്രില്യൻസിലെ വനേഷ് മാഷിന്റെ ഒാൺലൈൻ കോച്ചിങ്ങുകൾ പഠനത്തിനു കൂടുതൽ കൃത്യതയും ഗൗരവവും നൽകി. സിലബസ് അനുസരിച്ച് പഠിക്കാൻ തുടങ്ങി. പഠിച്ചത് ഒാരോ ആഴ്ചയിലും ആവർത്തിച്ച് മനസ്സിൽ ഉറപ്പിച്ചു. എങ്ങനെ നെഗറ്റീവ് മാർക്ക് ഇല്ലാതാക്കാം എന്നതിൽ ധാരണ കിട്ടി. പഠനത്തിനു സമയം കണ്ടെത്താൻ വേണ്ടി ആഘോഷങ്ങൾ ഒഴിവാക്കി. ഭർത്താവ് സർക്കാർ സർവീസിൽ ആയതുകൊണ്ട് അദ്ദേഹം പോയ വഴികൾ ഞാനും പിന്തുടർന്നു. പഠനത്തിൽ മുഴുനീള ശ്രദ്ധ കൊടുക്കാൻ ഗെസ്റ്റ് അധ്യാപക ജോലിയും നിർത്തി.
∙ ഗുണം ചെയ്യുമോ സ്വന്തം നിലയ്ക്കുള്ള പഠനം?
കോച്ചിങ്ങിനു പോയി പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്ത ധാരാളം പേർ നമുക്കിടയിലുണ്ട്. മനസ്സു വച്ചാൽ തനിയെ പഠിച്ചു വിജയിക്കാവുന്നതേയുള്ളൂ പിഎസ്‌സി പരീക്ഷകൾ. തനിച്ചു പഠിക്കാൻ ആദ്യം വേണ്ടത് കൃത്യമായൊരു ടൈംടേബിളാണ്. പരമാവധി സമയം പഠനത്തിനായി മാറ്റിവയ്ക്കണം. പരാജയങ്ങൾ നേരിട്ടേക്കാം. ആത്മാർഥതയോടെയുള്ള പഠനവും കളങ്കമില്ലാത്ത പരിശ്രമവും തുടരണം. പിഎസ്‌സി പരീക്ഷയെഴുതുന്ന കൂട്ടുകാരുമായി ഞാൻ കംബൈൻഡ് സ്റ്റഡി നടത്തുമായിരുന്നു. ആ ഗ്രൂപ്പ് സ്റ്റഡിയാണ് പിന്നീട് എന്റെ പഠനത്തെ വിപുലമാക്കിയത്. ഒാരോരുത്തർക്കും അറിയാവുന്ന കാര്യങ്ങൾ പരസ്പരം പങ്കുവച്ചാണ് ഞങ്ങൾ പഠിച്ചത്. കോൺഫറൻസ് കോൾ വിളിച്ചായിരുന്നു മിക്കവാറും പഠനം. ഒരോ ചോദ്യത്തിൽ നിന്നും അതിൽ നിന്നു വരാവുന്ന പരമാവധി ചോദ്യങ്ങൾ ഉണ്ടാക്കി പഠിച്ചു. വെറും 2 മണിക്കൂർ മാത്രമായിരുന്നു ഞാൻ ഉറങ്ങാനെടുത്തത്. ബാക്കി സമയമെല്ലാം പഠിക്കും. മടുപ്പു തോന്നുമ്പോൾ അരമണിക്കൂർ പുസ്തകം വായിക്കുകയോ ടിവി കാണുകയോ ചെയ്യും. ചരിത്ര ഗ്രന്ഥങ്ങൾ വായിച്ച് സ്വയം നോട്ടുകൾ തയാറാക്കും. രാത്രിയോ പകലെന്നോ ഇല്ല. പഠിക്കാൻ അനുയോജ്യമെന്ന് തോന്നിയ സമയത്ത് പഠിക്കും.
പിഎസ്‌സി പരീക്ഷ എഴുതാൻ തുടങ്ങിയ കാലം മുതൽ തൊഴിൽവീഥി വാങ്ങുകയും പ്രത്യേക പതിപ്പുകൾ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. കറന്റ് അഫയേഴ്സ് എഴുതി സൂക്ഷിച്ചു. തൊഴിൽവീഥിയിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാൻ സാധിച്ചത്. പഠനത്തിന് മികച്ച കൂട്ടുതന്നെയാണ് തൊഴിൽവീഥി. കഷ്ടപ്പെടാതെ സർക്കാർ ജോലി കിട്ടില്ല. അതിനു കുറുക്കുവഴിയുമില്ല. പരാജയങ്ങൾ നേരിട്ടേക്കാം. പക്ഷെ ആ പരാജയങ്ങൾ വിജയത്തിനു മുന്നോടിയാണെന്ന് മനസ്സിലാക്കണം. ആത്മവിശ്വാസം കെടുത്താൻ പലരും വന്നേക്കാം. അവരെ മാറ്റി നിർത്താൻ നമുക്ക് കഴിയണം. കുത്തുവാക്കുകൾ പറഞ്ഞവരെക്കൊണ്ട് നീയത് നേടിയല്ലേ എന്നു പറയിപ്പിക്കണം. ലക്ഷ്യത്തിനായി തീവ്രമായി പരിശ്രമിക്കുക. വിജയം സുനിശ്ചിതമായി എത്തും.
∙വിദ്യാഭ്യാസം, കുടുംബം?
കണ്ണൂർ എസ്എൻ കോളജിൽ നിന്നു മലയാളം ബിഎ, കണ്ണൂർ യൂണിവേഴ്സിറ്റി സെന്ററിൽ നിന്നു ഒന്നാംക്ലാസോടെ എംഎ മലയാളം, തുടർന്ന് ബിഎഡ്. അതിനുശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു ഡിസ്റ്റിങ്ഷനോടെ എംഫിൽ. 2023 ജനുവരിയിൽ രണ്ടാം റാങ്കോടെ കാസർകോട് പാർട് ടൈം എച്ച്എസ്എ ആയി ജോലിയിൽ പ്രവേശിച്ചു. അച്ഛൻ പി.മുകുന്ദൻ, അമ്മ ലീല. സഹോദരൻ ശ്രീശ്യാം. 2013 ലായിരുന്നു വിവാഹം. ആലപ്പുഴ സ്വദേശിയും ഇറിഗേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനുമായ കെ.സി.രജിത് ആണ് ഭർത്താവ്. രണ്ടുകുട്ടികൾ. ആഗ്നേദത്ത്, ലോപാമുദ്ര.
സ്വപ്ന സാക്ഷാത്കാരത്തോടൊപ്പം അച്ഛനു കൊടുത്ത ഏറ്റവും വലിയ സമ്മാനമാണ് ഈ ജോലിയെന്ന് പറഞ്ഞു നിർത്തുമ്പോൾ ശ്രീഷ്മയുടെ വാക്കുകൾക്ക് ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റേയും കരുത്ത്.