'ഫോൺ നോക്കിയപ്പോൾ ഹൃദയം തകർന്നു’; ജോലിക്കാരെ പുറത്താക്കി ഗൂഗിൾ, ആമസോൺ
∙ കൂട്ട പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടത് 50,000 പേർക്ക്
∙ കൂട്ട പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടത് 50,000 പേർക്ക്
∙ കൂട്ട പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടത് 50,000 പേർക്ക്
സുരക്ഷിത തൊഴിലിടമെന്ന ‘നല്ല ഇമേജ്’ ഏറെ നേടിയെടുത്തവരാണ് 'ടെക്' ഭീമന്മാരായ ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റും, മെറ്റായും. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെയല്ല. യാതൊരു ദാക്ഷണ്യവുമില്ലാതെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനികൾ. കോവിഡിന്റെ 'ലോകമടച്ചുളള' ആക്രമണത്തിൽ നിന്നു പതിയെ കരകയറാൻ തുടങ്ങുമ്പോഴാണ് പിറകേ ഇടിത്തീ പോലെ കൂട്ട പിരിച്ചുവിടലുകൾ വാർത്തകളിൽ നിറഞ്ഞത്.
2022 ൽ ഗൂഗിൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് നടത്തിയത്. സെപ്റ്റംബറിൽ 17 ബില്യൺ ഡോളർ അറ്റാദായം ഗൂഗിൾ നേടിയിരുന്നു. സ്ഥിരതയുടെ കാര്യത്തിൽ ഇതുവരെ കോട്ടമേൽക്കാത്ത ഗൂഗിൾ ഒറ്റയടിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ എടുത്ത പിരിച്ചുവിടൽ തീരുമാനം ജീവനക്കാർ കമ്പനിക്കെതിരെ തിരിയാനുമിടയാക്കി.
2023 സാമ്പത്തിക വർഷത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ 'ടെക്' ഭീമൻമാർ ഒരുമിച്ച് ഇതുവരെ 50,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമയായ മാർക്ക് സക്കർബർഗിന്റെ മെറ്റായിൽ നിന്നു കഴിഞ്ഞ വർഷം നവംബറിൽ ജോലി നഷ്ടപ്പെട്ടത് 11,000 പേർക്കാണ്.
കൂട്ടപിരിച്ചുവിടൽ അപ്രതീക്ഷിതമായിരുന്നു എന്നതിലുപരി, പിരിച്ചുവിടുന്ന രീതിയാണ് ജീവനക്കാരെ അതിലേറെ ഞെട്ടിപ്പിച്ചത്. 20 വർഷത്തോളം കമ്പനിയിൽ സേവനമനുഷ്ഠിച്ചവരും പുറത്തായവരുടെ ലിസ്റ്റിലുണ്ട്. എന്നാൽ പിരിച്ചുവിടലിനുളള ഒരു അറിയിപ്പും ലഭിക്കാത്തവരാണ് ഇവരിൽ ഏറെയും. പുലർച്ചെ മൂന്നു മണിയോടെ ഓട്ടോമേറ്റഡ് അക്കൗണ്ട് ഡീആക്ടിവേറ്റായപ്പോഴാണ് ഇനി ജോലിയില്ലെന്ന കാര്യം അറിഞ്ഞതെന്ന് ഗൂഗിളിൽ പതിനാറര വർഷം എൻജിനീയറിങ് മാനേജരായിരുന്ന ജസ്റ്റിൻ മൂർ പറയുന്നു. മറ്റ് ആശയവിനിമയങ്ങളൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുമില്ല.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾ ഇതുപോലെ നിഷ്‌കരുണം പ്രവർത്തിക്കുകയാണെങ്കിൽ ഇനി കമ്പനിയോട് എന്തിന് ആത്മാർഥത കാണിക്കണമെന്നാണു ജീവനക്കാർ ചോദിക്കുന്നത്. എട്ട് മാസം ഗർഭിണിയായ ജീവനക്കാരിയെയും ഗൂഗിൾ പുറത്താക്കി. ഒരാഴ്ച കൂടി കഴിഞ്ഞാൽ പ്രസവാവധിയിൽ പോകാനുളള തയാറെടുപ്പിലായിന്നു കാതറിൻ. 'രാവിലെ ഫോൺ പരിശോധിച്ച നിമിഷം, എന്റെ ഹൃദയം തകർന്നു' എന്നാണു പിരിച്ചുവിടലിനെക്കുറിച്ചു കാതറിൻ ലിങ്ക്ഡ്ഇനിൽ എഴുതിയത്.