അങ്കണവാടി ജീവനക്കാർക്കുള്ള ക്വോട്ടയിൽ ബിരുദക്കാർ വേണ്ടെന്ന് ഹൈക്കോടതി
Mail This Article
ഐസിഡിഎസിന്റെ കീഴിലെ സൂപ്പർവൈസർ തസ്തികയിലേക്ക് എസ്എസ്എൽസിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ള അങ്കണവാടി ജീവനക്കാർക്കു സംവരണം ചെയ്തിരിക്കുന്ന 29% ക്വോട്ടയിൽ നിന്നു ബിരുദമുള്ളവരെ ഒഴിവാക്കാൻ ഹൈക്കോടതി പിഎസ്‌സിക്കു നിർദേശം നൽകി. പ്രവൃത്തി പരിചയമുള്ള ബിരുദമില്ലാത്ത അങ്കണവാടി ജീവനക്കാർക്കു പ്രയോജനകരമാകണമെന്ന ലക്ഷ്യത്തോടെയാണ് 29% ക്വോട്ട നീക്കിവച്ചിരിക്കുന്നതെന്നും ഉയർന്ന യോഗ്യത ഉൾപ്പെടുത്തുന്നത് ഈ ഉദ്ദേശ്യം തന്നെ പരാജയപ്പെടുത്തുമെന്നും വിലയിരുത്തിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇതുസംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികൾ അനുവദിച്ചാണു ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഏപ്രിൽ ഒന്നിലെ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്എസ്എൽസിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ള അങ്കണവാടി ജീവനക്കാർക്കായി 29% സംവരണം ചെയ്തിരിക്കുന്നത് ക്വോട്ട എന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു. 2019 ഡിസംബർ 11 ന്, എസ്എസ്എൽസിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ളവരുടെ 29% അനുപാതത്തിലുള്ളവരെ പ്രതിനിധീകരിക്കാൻ തസ്തികയിലേക്കു പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ റാങ്ക് ലിസ്റ്റിൽനിന്ന് ബിരുദമുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ട്രൈബ്യൂണലിനെ ഹർജിക്കാർ സമീപിച്ചെങ്കിലും മൂന്നംഗ ബെഞ്ച് ഹർജി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
കേരള സോഷ്യൽ വെൽഫെയർ സബ്ഓർഡിനേറ്റ് സർവീസ് സ്പെഷൽ റൂൾസിൽ 2012 ൽ ഭേദഗതി വരുത്തിയപ്പോൾ നേരിട്ടുള്ള നിയമനത്തിന് 58%, അങ്കണവാടി ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള നിയമനത്തിന് 29% ,അങ്കണവാടി ജീവനക്കാരിൽ ബിരുദമുള്ളവരിൽ നിന്നുള്ള നേരിട്ടുള്ള നിയമനത്തിന് 11%, ഫീഡർ കാറ്റഗറിയിൽ നിന്നുള്ള സ്ഥാനക്കയറ്റത്തിന് 2% എന്നിങ്ങനെയാണ് അനുപാതം നിശ്ചയിച്ചിരുന്നത്. ഇത് 2014 ജനുവരി ഒന്നു മുതലാണ് ബാധകമാക്കിയത്.