വനിതാ സിവിൽ എക്സൈസ് ഓഫിസർ: റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം, നിയമനം ഇതുവരെ 6% മാത്രം

Mail This Article
എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ നടന്നത് 6% നിയമന ശുപാർശ മാത്രം.
14 ജില്ലകളിലായി 506 പേരുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 33 പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 15ന് അവസാനിക്കുകയാണ്. ഇതിനകം പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാനൂറ്റി അൻപതിലധികം ഉദ്യോഗാർഥികൾക്കു നിരാശരാകേണ്ടി വരും. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 175 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു.
രണ്ടു ജില്ലകളിൽ നിയമനമേയില്ല
ഈ റാങ്ക് ലിസ്റ്റിൽനിന്ന് ഈ വർഷം നിയമന ശുപാർശ നടന്നത് ഒരേയൊരു ജില്ലയിൽ മാത്രം. കോഴിക്കോട് ജില്ലയിൽ ജനുവരി 13നു നടന്ന നിയമന ശുപാർശയാണ് ഏറ്റവും പുതിയത്. പത്തനംതിട്ട, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ 2024 മേയ്, ജൂൺ, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഒടുവിൽ നിയമന ശുപാർശ നടന്നത്.
പത്തനംതിട്ടയിലും കണ്ണൂരിലും പുതിയ ലിസ്റ്റിൽനിന്ന് ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല. 2022ലാണ് ഈ ജില്ലകളിൽ അവസാനമായി നിയമന ശുപാർശ നടന്നത്. നിലവിലുള്ള ലിസ്റ്റിൽനിന്ന് ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ നൽകിയത് ഇടുക്കി ജില്ലയിലാണ്–5. കുറവ് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ–1 വീതം.
വനിതാ നിയമനം; മുഖംതിരിച്ച് വകുപ്പ്
സംസ്ഥാനത്തെ 138 റേഞ്ച് ഓഫിസുകളിലും വനിതകളുടെ എണ്ണം അഞ്ചിൽ താഴെയാണ്. 69 സർക്കിൾ ഓഫിസുകളിൽ ഇതുവരെ വനിതകളെ നിയമിച്ചിട്ടില്ല. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലും ജനമൈത്രി എക്സൈസ്, വിമുക്തി പദ്ധതികളിലും വനിതകളില്ല. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലും വനിതാ പ്രാതിനിധ്യം കുറവാണ്.
എക്സൈസ് വകുപ്പിൽ വനിതകളുടെ എണ്ണം വർധിപ്പിക്കണമെന്ന എക്സൈസ് കമ്മിഷണറുടെ ശുപാർശയും ബന്ധപ്പെട്ടവർ തള്ളിക്കളഞ്ഞപ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കടുത്ത ആശങ്കയിലാണ്.
ആളെ കുറച്ചും നിയമനം കുറച്ചും
പരമാവധി ആളെ കുറച്ചാണ് വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, എൻഡ്യുറൻസ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ എന്നിവ കടന്നായിരുന്നു റാങ്ക് ലിസ്റ്റ്. പരമാവധി 65 മാർക്കായിരുന്നു പല ജില്ലകളിലെയും കട്ട് ഓഫ് മാർക്ക്. ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയായിരുന്നു ഈ കഠിന കടമ്പകൾക്കു പിന്നിൽ.
വനിതാ സിവിൽ എക്സൈസ് ഓഫിസർ നിയമനം മുരടിച്ച അവസ്ഥയിലാണെങ്കിലും 2023 നവംബർ 30ന് ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പിഎസ്‌സി ആരംഭിച്ചുകഴിഞ്ഞു. പ്രാഥമിക പരീക്ഷ ഒഴിവാക്കിയാണ് ഇത്തവണത്തെ നിയമന നടപടികൾ.
എക്സൈസ് ഓഫിസർ തിരുവനന്തപുരം: റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 92, സപ്ലിമെന്ററി ലിസ്റ്റിൽ 20 എന്നിങ്ങനെ 112 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു മാർച്ച് 5 വരെ അപേക്ഷ നൽകാം.
തിരുവനന്തപുരം ജില്ലയിൽ 9 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.