റെയിൽ പാളത്തിലൂടെ ഓടിക്കാവുന്ന ഒന്നിൽക്കൂടുതൽ ബോഗികളും അവയെ വലിച്ചുകൊണ്ടുപോകാൻ വേണ്ടത്ര ശക്തിയുള്ള എൻജിനും ചേർന്ന യാത്രാസംവിധാനത്തെയാണ് തീവണ്ടി അല്ലെങ്കിൽ ട്രെയിൻ എന്ന് പറയുന്നത്. മനുഷ്യർ തങ്ങളുടെ യാത്രക്കും ഏതു ജംഗമവസ്തുക്കളും ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന വാഹനമാണ് ഇത്. ആദ്യകാലങ്ങളിൽ കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ആവിയന്ത്രം കൊണ്ടാണ് ഇതോടിച്ചിരുന്നത്. പിൽക്കാലത്ത് ഡീസലും വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കാൻ തുടങ്ങി. കരയിൽ പാതകളിൽക്കൂടിയോടുന്ന മറ്റേതു വാഹനങ്ങളേക്കാളും കൂടുതൽ ഭാരം ഒറ്റയാത്രയിൽ തന്നെ വളരെ വേഗത്തിൽ കൊണ്ടുപോകാമെന്നതാണ് ഇതിന്റെ മെച്ചം.