ശ്വാസകോശത്തിലെ ചെറു വായു അറകളായ അല്‍വിയോളകളില്‍ വരുന്ന നീര്‍ക്കെട്ടാണ് ന്യുമോണൈറ്റിസ്. അല്‍വിയോളകളില്‍ നീര്‍ക്കെട്ട് വരുന്നതോടെ ഇതിലൂടെ രക്തപ്രവാഹത്തിലേക്കുള്ള ഓക്സിജന്‍ കൈമാറ്റം തടസ്സപ്പെടുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. വായുവിലെ പൂപ്പല്‍ പോലുള്ള പദാര്‍ഥങ്ങള്‍ മുതല്‍ കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വരെ പല ഘടകങ്ങള്‍ ന്യുമോണൈറ്റിസിന് കാരണമാകാം. ന്യുമോണിയയും ന്യുമോണൈറ്റിസും ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന സമാന സാഹചര്യങ്ങളാണെങ്കിലും വൈദ്യശാസ്ത്രപരമായി നോക്കിയാല്‍ ഇവ രണ്ടും ഒന്നല്ല. ന്യുമോണിയ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണെങ്കില്‍ ന്യുമോണൈറ്റിസ് പകര്‍ച്ചവ്യാധിയല്ല എന്ന വ്യത്യാസമുണ്ട്. അടിയന്തര വൈദ്യ പരിചരണം ആവശ്യമായ രോഗമാണ് ന്യുമോണൈറ്റിസ്. ചികിത്സിക്കാതിരുന്നാല്‍ ഇതൊരു മാറാ രോഗമായി മാറി ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ഉണ്ടാക്കാം. ഈ രോഗാവസ്ഥ പരിപൂര്‍ണമായി ചികിൽസിച്ച് മാറ്റാന്‍ കഴിയില്ല. എന്നാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ചികിൽസയിലൂടെയും രോഗിക്ക് ലക്ഷണങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ പറ്റും. പൊടിയും പുകയും പിടിച്ച മലിനമായ വായുവുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ശ്വാസകോശ അണുബാധയുള്ള വ്യക്തികളുമായി സമ്പർക്കം പുലര്‍ത്തുമ്പോൾ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.